YouVersion Logo
Search Icon

ആവർത്തനപുസ്തകം 10:14-22

ആവർത്തനപുസ്തകം 10:14-22 MALOVBSI

ഇതാ, സ്വർഗവും സ്വർഗാധിസ്വർഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്കുള്ളവ ആകുന്നു. നിന്റെ പിതാക്കന്മാരോടു മാത്രം യഹോവയ്ക്കു പ്രീതി തോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവൻ സകല ജാതികളിലുംവച്ച് തിരഞ്ഞെടുത്തു. ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമം പരിച്ഛേദന ചെയ്‍വിൻ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുത്. നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല. അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ച് അവന് അന്നവും വസ്ത്രവും നല്കുന്നു. ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പിൻ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ. നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേർന്നിരിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം. അവൻ ആകുന്നു നിന്റെ പുകഴ്ച; അവൻ ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങളെ നിനക്കുവേണ്ടി ചെയ്തത് അവൻതന്നെ. നിന്റെ പിതാക്കന്മാർ എഴുപതു ദേഹികളായി മിസ്രയീമിലേക്ക് ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ വർധിപ്പിച്ച് ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.