ദാനീയേൽ 10
10
1പാർസിരാജാവായ കോരെശിന്റെ മൂന്നാം ആണ്ടിൽ ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനീയേലിന് ഒരു കാര്യം വെളിപ്പെട്ടു; ആ കാര്യം സത്യവും മഹാകഷ്ടമുള്ളതും ആയിരുന്നു; അവൻ ആ കാര്യം ചിന്തിച്ചു ദർശനത്തിനു ശ്രദ്ധവച്ചു. 2ആ കാലത്തു ദാനീയേൽ എന്ന ഞാൻ മൂന്ന് ആഴ്ചവട്ടം മുഴുവനും ദുഃഖിച്ചുകൊണ്ടിരുന്നു. 3മൂന്ന് ആഴ്ചവട്ടം മുഴുവനും കഴിയുവോളം ഞാൻ സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും വീഞ്ഞും ആസ്വദിക്കയോ ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല. 4എന്നാൽ ഒന്നാം മാസം ഇരുപത്തിനാലാം തീയതി ഞാൻ ഹിദ്ദേക്കൽ എന്ന മഹാനദീതീരത്ത് ഇരിക്കയിൽ 5തലപൊക്കി നോക്കിയപ്പോൾ, ശണവസ്ത്രം ധരിച്ചും അരയ്ക്ക് ഊഫാസ്തങ്കം കൊണ്ടുള്ള കച്ചകെട്ടിയും ഇരിക്കുന്ന ഒരു പുരുഷനെ കണ്ടു. 6അവന്റെ ദേഹം ഗോമേദകംപോലെയും മുഖം മിന്നൽപ്രകാശംപോലെയും കണ്ണു തീപ്പന്തംപോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്റെ വർണംപോലെയും അവന്റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്റെ ആരവംപോലെയും ആയിരുന്നു. 7ദാനീയേൽ എന്ന ഞാൻ മാത്രം ഈ ദർശനം കണ്ടു; എന്നോടുകൂടെ ഉണ്ടായിരുന്ന ആളുകൾ ദർശനം കണ്ടില്ല; എങ്കിലും ഒരു മഹാഭ്രമം അവർക്കു പിടിച്ചിട്ട് അവർ ഓടിയൊളിച്ചു. 8അങ്ങനെ ഞാൻ തനിച്ചു ശേഷിച്ചിരുന്ന് ഈ മഹാദർശനം കണ്ടു; എന്നിൽ ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്ക് ഒട്ടും ബലം ഇല്ലാതെയും ആയി. 9എന്നാൽ ഞാൻ അവന്റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണുവീണു. 10എന്നാറെ ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളംകൈയും ഊന്നി വിറയലോടെ നില്ക്കുമാറാക്കി. 11അവൻ എന്നോട്: ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാൻ നിന്നോടു പറയുന്ന വചനങ്ങളെ ശ്രദ്ധിച്ചു നിവിർന്നുനില്ക്ക; ഞാൻ ഇപ്പോൾ നിന്റെ അടുക്കൽ അയയ്ക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു; അവൻ ഈ വാക്ക് എന്നോടു സംസാരിച്ചപ്പോൾ ഞാൻ വിറച്ചുകൊണ്ടു നിവിർന്നുനിന്നു. 12അവൻ എന്നോടു പറഞ്ഞത്: ദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിനും നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തേണ്ടതിനും മനസ്സുവച്ച ആദ്യദിവസംമുതൽ നിന്റെ വാക്ക് കേട്ടിരിക്കുന്നു; നിന്റെ വാക്ക് ഹേതുവായി തന്നെ ഞാൻ വന്നിരിക്കുന്നു. 13പാർസിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നു ദിവസം എന്നോട് എതിർത്തുനിന്നു; എങ്കിലും പ്രധാനപ്രഭുക്കന്മാരിൽ ഒരുത്തനായ മീഖായേൽ എന്നെ സഹായിപ്പാൻ വന്നു: അവനെ ഞാൻ പാർസിരാജാക്കന്മാരോടു കൂടെ അവിടെ വിട്ടേച്ചു, 14നിന്റെ ജനത്തിനു ഭാവികാലത്തു സംഭവിപ്പാനുള്ളതു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന് ഇപ്പോൾ വന്നിരിക്കുന്നു; ദർശനം ഇനിയും ബഹുകാലത്തേക്കുള്ളതാകുന്നു. 15അവൻ ഈ വാക്കുകളെ എന്നോടു സംസാരിക്കുമ്പോൾ ഞാൻ മുഖം കുനിച്ച് ഊമനായിത്തീർന്നു. 16അപ്പോൾ മനുഷ്യരോടു സദൃശനായ ഒരുത്തൻ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാൻ വായ് തുറന്നു സംസാരിച്ചു; എന്റെ മുമ്പിൽ നിന്നവനോട്: യജമാനനേ, ഈ ദർശനം നിമിത്തം എനിക്ക് അതിവേദന പിടിപെട്ട് ശക്തിയില്ലാതായിരിക്കുന്നു. 17അടിയനു യജമാനനോടു സംസാരിപ്പാൻ എങ്ങനെ കഴിയും? എനിക്കു പെട്ടെന്നു ശക്തിയില്ലാതായി ശ്വാസം ശേഷിച്ചിരിപ്പില്ല എന്നു പറഞ്ഞു. 18അപ്പോൾ മനുഷ്യസാദൃശ്യത്തിലുള്ളവൻ പിന്നെയും വന്ന് എന്നെ തൊട്ടു ബലപ്പെടുത്തി: 19ഏറ്റവും പ്രിയപുരുഷാ, ഭയപ്പെടേണ്ടാ; നിനക്കു സമാധാനം! ബലപ്പെട്ടിരിക്ക, ബലപ്പെട്ടിരിക്ക എന്നു പറഞ്ഞു; അവൻ എന്നോടു സംസാരിച്ചപ്പോൾ ഞാൻ ബലപ്പെട്ടു: യജമാനനേ, സംസാരിക്കേണമേ; നീ എന്നെ ബലപ്പെടുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. 20അതിന് അവൻ എന്നോടു പറഞ്ഞത്: ഞാൻ നിന്റെ അടുക്കൽ വന്നിരിക്കുന്നത് എന്തിനെന്നു നീ അറിയുന്നുവോ? ഞാൻ ഇപ്പോൾ പാർസിപ്രഭുവിനോടു യുദ്ധം ചെയ്‍വാൻ മടങ്ങിപ്പോകും; ഞാൻ പുറപ്പെട്ട ശേഷമോ, യവനപ്രഭു വരും. 21എന്നാൽ സത്യഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത് ഞാൻ നിന്നെ അറിയിക്കാം: നിങ്ങളുടെ പ്രഭുവായ മീഖായേൽ അല്ലാതെ ഈ കാര്യങ്ങളിൽ എന്നോടുകൂടെ ഉറച്ചുനില്ക്കുന്നവൻ ആരും ഇല്ല.
Currently Selected:
ദാനീയേൽ 10: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.