YouVersion Logo
Search Icon

കൊലൊസ്സ്യർ 4

4
1യജമാനന്മാരേ, നിങ്ങൾക്കും സ്വർഗത്തിൽ യജമാനൻ ഉണ്ട് എന്നറിഞ്ഞു ദാസന്മാരോടു നീതിയും ന്യായവും ആചരിപ്പിൻ.
2പ്രാർഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ. 3എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മർമം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം ഞങ്ങൾക്കു വചനത്തിന്റെ വാതിൽ തുറന്നുതരികയും 4ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിനു ഞങ്ങൾക്കുവേണ്ടിയും പ്രാർഥിപ്പിൻ. 5സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ. 6ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്ന് അറിയേണ്ടതിനു നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.
7എന്റെ അവസ്ഥയൊക്കെയും കർത്താവിൽ പ്രിയസഹോദരനും വിശ്വസ്ത ശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോട് അറിയിക്കും. 8നിങ്ങൾ ഞങ്ങളുടെ അവസ്ഥ അറിവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ 9ആശ്വസിപ്പിപ്പാനുമായി ഞാൻ അവനെ നിങ്ങളിൽ ഒരുത്തനായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടുകൂടെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇവിടത്തെ അവസ്ഥ എല്ലാം അവർ നിങ്ങളോട് അറിയിക്കും.
10എന്റെ സഹബദ്ധനായ അരിസ്തർഹൊസും ബർന്നബാസിന്റെ മച്ചുനനായ മർക്കൊസും- അവനെക്കുറിച്ചു നിങ്ങൾക്കു കല്പന കിട്ടിയിട്ടുണ്ടല്ലോ; അവൻ നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ കൈക്കൊൾവിൻ- 11യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരിൽ ഇവർ മാത്രം ദൈവരാജ്യത്തിനു കൂട്ടുവേലക്കാരായിട്ട് എനിക്ക് ആശ്വാസമായിത്തീർന്നു. 12നിങ്ങളിൽ ഒരുത്തനായി ക്രിസ്തുയേശുവിന്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണനിശ്ചയമുള്ളവരുമായി നില്ക്കേണ്ടതിന് അവൻ പ്രാർഥനയിൽ നിങ്ങൾക്കുവേണ്ടി എപ്പോഴും പോരാടുന്നു. 13നിങ്ങൾക്കും ലവൊദിക്യക്കാർക്കും ഹിയരപൊലിക്കാർക്കുംവേണ്ടി അവൻ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിനു ഞാൻ സാക്ഷി. 14വൈദ്യനായ പ്രിയ ലൂക്കൊസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു. 15ലവൊദിക്യയിലെ സഹോദരന്മാർക്കും നുംഫെക്കും അവളുടെ വീട്ടിലെ സഭയ്ക്കും വന്ദനം ചൊല്ലുവിൻ. 16നിങ്ങളുടെ ഇടയിൽ ഈ ലേഖനം വായിച്ചു തീർന്നശേഷം ലവൊദിക്യസഭയിൽകൂടെ വായിപ്പിക്കയും ലവൊദിക്യയിൽനിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്‍വിൻ. 17അർഹിപ്പൊസിനോടു കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം എന്നു പറവിൻ.
18പൗലൊസായ എന്റെ സ്വന്തകൈയാലെ വന്ദനം; എന്റെ ബന്ധനങ്ങളെ ഓർത്തുകൊൾവിൻ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in