കൊലൊസ്സ്യർ 3:15-24
കൊലൊസ്സ്യർ 3:15-24 MALOVBSI
ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിനല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നത്; നന്ദിയുള്ളവരായും ഇരിപ്പിൻ. സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ. വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിനു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കർത്താവിൽ ഉചിതമാകുംവണ്ണം കീഴടങ്ങുവിൻ. ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോടു കയ്പായിരിക്കയുമരുത്. മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ. പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന് അവരെ കോപിപ്പിക്കരുത്. ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കർത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടത്. നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന് എന്നപോലെ മനസ്സോടെ ചെയ്‍വിൻ. അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ.