അപ്പൊ. പ്രവൃത്തികൾ 5
5
1എന്നാൽ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷൻ തന്റെ ഭാര്യയായ സഫീരയോടുകൂടെ ഒരു നിലം വിറ്റു. 2ഭാര്യയുടെ അറിവോടെ വിലയിൽ കുറെ എടുത്തുവച്ച് ഒരംശം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാല്ക്കൽ വച്ചു. 3അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോട് വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തു വയ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയത് എന്ത്? 4അത് വില്ക്കുംമുമ്പേ നിൻറേതായിരുന്നില്ലയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവച്ചത് എന്ത്? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചത് എന്നു പറഞ്ഞു. 5ഈ വാക്ക് കേട്ടിട്ട് അനന്യാസ് വീണ് പ്രാണനെ വിട്ടു; ഇതു കേട്ടവർക്ക് എല്ലാവർക്കും മഹാഭയം ഉണ്ടായി. 6ബാല്യക്കാർ എഴുന്നേറ്റ് അവനെ ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു.
7ഏകദേശം മൂന്നു മണി നേരം കഴിഞ്ഞപ്പോൾ അവന്റെ ഭാര്യ ഈ സംഭവിച്ചത് ഒന്നും അറിയാതെ അകത്തുവന്നു. 8പത്രൊസ് അവളോട്: ഇത്രയ്ക്കോ നിങ്ങൾ നിലം വിറ്റത്? പറക എന്നു പറഞ്ഞു; അതേ, ഇത്രയ്ക്കുതന്നെ എന്ന് അവൾ പറഞ്ഞു. 9പത്രൊസ് അവളോട്: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തത് എന്ത്? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ട്; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു. 10ഉടനെ അവൾ അവന്റെ കാല്ക്കൽ വീണ് പ്രാണനെ വിട്ടു; ബാല്യക്കാർ അകത്തു വന്ന് അവൾ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭർത്താവിന്റെ അരികെ കുഴിച്ചിട്ടു. 11സർവസഭയ്ക്കും ഇതു കേട്ടവർക്ക് എല്ലാവർക്കും മഹാഭയം ഉണ്ടായി.
12അപ്പൊസ്തലന്മാരുടെ കൈയാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അദ്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടി വരിക പതിവായിരുന്നു. 13മറ്റുള്ളവരിൽ ആരും അവരോടു ചേരുവാൻ തുനിഞ്ഞില്ല; ജനമോ അവരെ പുകഴ്ത്തിപ്പോന്നു. 14മേല്ക്കുമേൽ അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു ചേർന്നുവന്നു. 15രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടേയുംമേൽ വീഴേണ്ടതിനു വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും. 16അതു കൂടാതെ യെരൂശലേമിനു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നും പുരുഷാരം വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയും കൊണ്ടുവരികയും അവർ എല്ലാവരും സൗഖ്യം പ്രാപിക്കയും ചെയ്യും.
17പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും 18അസൂയ നിറഞ്ഞ് എഴുന്നേറ്റ് അപ്പൊസ്തലന്മാരെ പിടിച്ചു പൊതുതടവിൽ ആക്കി. 19രാത്രിയിലോ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്ന് അവരെ പുറത്തു കൊണ്ടുവന്നു: 20നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു. 21അവർ കേട്ടു പുലർച്ചയ്ക്കു ദൈവാലയത്തിൽ ചെന്ന് ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രായേൽമക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാൻ തടവിലേക്ക് ആളയച്ചു. 22ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കാണാതെ മടങ്ങിവന്നു: കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ടു; 23തുറന്നപ്പോഴോ അകത്ത് ആരെയും കണ്ടില്ല എന്ന് അറിയിച്ചു. 24ഈ വാക്കു കേട്ടിട്ട് ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇത് എന്തായിത്തീരും എന്ന് അവരെക്കുറിച്ചു ചഞ്ചലിച്ചു. 25അപ്പോൾ ഒരുത്തൻ വന്നു: നിങ്ങൾ തടവിൽ ആക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്ന് ബോധിപ്പിച്ചു. 26പടനായകൻ ചേവകരുമായി ചെന്ന്, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാൽ ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു. 27അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതൻ അവരോട്: 28ഈ നാമത്തിൽ ഉപദേശിക്കരുത് എന്ന് ഞങ്ങൾ നിങ്ങളോട് അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെമേൽ വരുത്തുവാൻ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. 29അതിന് പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു. 30നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു; 31യിസ്രായേലിന് മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലംകൈയാൽ ഉയർത്തിയിരിക്കുന്നു. 32ഈ വസ്തുതയ്ക്കു ഞങ്ങളും ദൈവംതന്നെ അനുസരിക്കുന്നവർക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്ന് ഉത്തരം പറഞ്ഞു.
33ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവരെ ഒടുക്കിക്കളവാൻ ഭാവിച്ചു. 34അപ്പോൾ സർവജനത്തിനും ബഹുമാനമുള്ള ധർമോപദേഷ്ടാവായ ഗമാലീയേൽ എന്നൊരു പരീശൻ ന്യായാധിപസംഘത്തിൽ എഴുന്നേറ്റ്, അവരെ കുറെ നേരം പുറത്താക്കുവാൻ കല്പിച്ചു. 35പിന്നെ അവൻ അവരോട്: യിസ്രായേൽപുരുഷന്മാരേ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്തു ചെയ്വാൻ പോകുന്നു എന്ന് സൂക്ഷിച്ചുകൊൾവിൻ. 36ഈ നാളുകൾക്കു മുമ്പേ ത്യൂദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചേർന്നുകൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു. 37അവന്റെശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്റെ കാലത്ത് എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവരൊക്കെയും ചിതറിപ്പോയി. 38ആകയാൽ ഈ മനുഷ്യരെ വിട്ട് ഒഴിഞ്ഞുകൊൾവിൻ എന്ന് ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; 39ദൈവികം എങ്കിലോ നിങ്ങൾക്ക് അത് നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. അവർ അവനെ അനുസരിച്ചു: 40അപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുത് എന്നു കല്പിച്ച് അവരെ വിട്ടയച്ചു. 41തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽനിന്നു പുറപ്പെട്ടുപോയി. 42പിന്നെ അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.
Currently Selected:
അപ്പൊ. പ്രവൃത്തികൾ 5: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.