YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 27

27
1ഞങ്ങൾ കപ്പൽ കയറി ഇതല്യക്കു പോകേണം എന്നു കല്പനയായപ്പോൾ പൗലൊസിനെയും മറ്റു ചില തടവുകാരെയും ഔഗുസ്ത്യപട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു. 2അങ്ങനെ ഞങ്ങൾ ആസ്യക്കര പറ്റി ഓടുവാനുള്ള ഒരു അദ്രമുത്ത്യകപ്പലിൽ കയറി നീക്കി; തെസ്സലൊനീക്യയിൽനിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തർഹൊസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു. 3പിറ്റേന്നു ഞങ്ങൾ സീദോനിൽ എത്തി; യൂലിയൊസ് പൗലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കൽ പോയി സല്ക്കാരം കൈക്കൊൾവാൻ അനുവദിച്ചു. 4അവിടെനിന്നു ഞങ്ങൾ നീക്കി, കാറ്റു പ്രതികൂലമാകയാൽ കുപ്രൊസ്ദ്വീപിന്റെ മറപറ്റി ഓടി; 5കിലിക്യ, പംഫുല്യ കടൽവഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തിൽ എത്തി. 6അവിടെ ശതാധിപൻ ഇതല്യക്കു പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പൽ കണ്ടു ഞങ്ങളെ അതിൽ കയറ്റി. 7പിന്നെ ഞങ്ങൾ ബഹുദിവസം പതുക്കെ ഓടി, ക്നീദൊസ് തൂക്കിൽ പ്രയാസത്തോടെ എത്തി, കാറ്റു സമ്മതിക്കായ്കയാൽ ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനയ്ക്ക് നേരേ ഓടി, 8കരപറ്റി പ്രയാസത്തോടെ ലസയ്യപട്ടണത്തിന്റെ സമീപത്തു ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്ത് എത്തി.
9ഇങ്ങനെ വളരെനാൾ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ട് പൗലൊസ്: 10പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിനും കപ്പലിനും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്ന് ഞാൻ കാണുന്നു എന്ന് അവരെ പ്രബോധിപ്പിച്ചു. 11ശതാധിപനോ പൗലൊസ് പറഞ്ഞതിനെക്കാൾ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്ക് അധികം വിശ്വസിച്ചു. 12ആ തുറമുഖം ശീതകാലം കഴിപ്പാൻ തക്കതല്ലായ്കയാൽ അവിടെനിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കിൽ ചെന്നു ശീതകാലം കഴിക്കേണം എന്ന് മിക്കപേരും ആലോചന പറഞ്ഞു. 13തെക്കൻകാറ്റു മന്ദമായി ഊതുകയാൽ താൽപര്യം സാധിച്ചു എന്നു തോന്നി, അവർ അവിടെനിന്നു നങ്കൂരം എടുത്തു ക്രേത്തദ്വീപിന്റെ മറപറ്റി ഓടി. 14കുറെ കഴിഞ്ഞിട്ട് അതിനു വിരോധമായി ഈശാനമൂലൻ എന്ന കൊടുങ്കാറ്റ് അടിച്ചു. 15കപ്പൽ കാറ്റിന്റെ നേരേ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കൈവിട്ട് അങ്ങനെ പാറിപ്പോയി. 16ക്ലൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടിയിട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി. 17അത് വലിച്ചുകയറ്റിയിട്ട് അവർ കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേൽ അകപ്പെടും എന്ന് പേടിച്ചു പായ് ഇറക്കി അങ്ങനെ പാറിപ്പോയി. 18ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ടു പിറ്റേന്ന് അവർ ചരക്കു പുറത്തുകളഞ്ഞു. 19മൂന്നാംനാൾ അവർ സ്വന്തം കൈയാൽ കപ്പൽക്കോപ്പും കടലിൽ ഇട്ടുകളഞ്ഞു. 20വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റ് അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപെടും എന്നുള്ള ആശയൊക്കെയും അറ്റുപോയി. 21അവർ വളരെ പട്ടിണി കിടന്നശേഷം പൗലൊസ് അവരുടെ നടുവിൽ നിന്നുകൊണ്ടു പറഞ്ഞത്: പുരുഷന്മാരേ, എന്റെ വാക്ക് അനുസരിച്ച് ക്രേത്തയിൽനിന്നു നീക്കാതെയും ഈ കഷ്ടനഷ്ടങ്ങൾ സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു. 22എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന് അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണനു ഹാനി വരുകയില്ല. 23എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽനിന്നു: 24പൗലൊസേ, ഭയപ്പെടരുത്; നീ കൈസരുടെ മുമ്പിൽ നില്ക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്ര ചെയ്യുന്നവരെയൊക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. 25അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംഭവിക്കും എന്ന് ഞാൻ ദൈവത്തെ വിശ്വസിക്കുന്നു. 26എങ്കിലും നാം ഒരു ദ്വീപിന്മേൽ മുട്ടി വീഴേണ്ടതാകുന്നു.
27പതിന്നാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അർധരാത്രിയിൽ ഒരു കരയ്ക്കു സമീപിക്കുന്നു എന്ന് കപ്പല്ക്കാർക്കു തോന്നി. 28അവർ ഈയം ഇട്ട് ഇരുപതു മാറെന്നു കണ്ടു; കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്നു കണ്ടു. 29പാറസ്ഥലങ്ങളിൽ അകപ്പെടും എന്നു പേടിച്ച് അവർ അമരത്തുനിന്നു നാലു നങ്കൂരം ഇട്ട്, നേരം വെളുപ്പാൻ ആഗ്രഹിച്ചുകൊണ്ടിരുന്നു. 30എന്നാൽ കപ്പല്ക്കാർ കപ്പൽ വിട്ട് ഓടിപ്പോകുവാൻ വിചാരിച്ച് അണിയത്തുനിന്നു നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി. 31അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും: ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്കു രക്ഷപെടുവാൻ കഴിയുന്നതല്ല എന്നു പറഞ്ഞു. 32പടയാളികൾ തോണിയുടെ കയറ് അറുത്ത് അതു വീഴിച്ചുകളഞ്ഞു. 33നേരം വെളുക്കാറായപ്പോൾ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന് അപേക്ഷിച്ചു: നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നത് ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ. 34അതുകൊണ്ട് ആഹാരം കഴിക്കേണം എന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു; അത് നിങ്ങളുടെ രക്ഷയ്ക്കുള്ളതല്ലോ; നിങ്ങളിൽ ഒരുത്തന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു. 35ഇങ്ങനെ പറഞ്ഞിട്ട് അപ്പം എടുത്ത് എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിയിട്ടു നുറുക്കി തിന്നുതുടങ്ങി. 36അപ്പോൾ എല്ലാവരും ധൈര്യപ്പെട്ടു ഭക്ഷണം കഴിച്ചു. 37കപ്പലിൽ ഞങ്ങൾ ആകപ്പാടെ ഇരുനൂറ്റെഴുപത്താറ് ആൾ ഉണ്ടായിരുന്നു. 38അവർ തിന്നു തൃപ്തി വന്നശേഷം ധാന്യം കടലിൽ കളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു. 39വെളിച്ചമായപ്പോൾ ഇന്ന ദേശം എന്ന് അവർ അറിഞ്ഞില്ല എങ്കിലും കരയുള്ളൊരു തുറ കണ്ടു, കഴിയും എങ്കിൽ കപ്പൽ അതിലേക്ക് ഓടിക്കേണം എന്ന് ഭാവിച്ചു. 40നങ്കൂരം അറുത്തു കടലിൽ വിട്ടു ചുക്കാന്റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരയ്ക്കു നേരേ ഓടി. 41ഇരുകടൽ കൂടിയോരു സ്ഥലത്തിന്മേൽ ചെന്നു കയറുകയാൽ കപ്പൽ അടിഞ്ഞ് അണിയം ഉറച്ച് ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താൽ ഉടഞ്ഞുപോയി. 42തടവുകാരിൽ ആരും നീന്തി ഓടിപ്പോകാതിരിപ്പാൻ അവരെ കൊല്ലേണം എന്ന് പടയാളികൾ ആലോചിച്ചു. 43ശതാധിപനോ പൗലൊസിനെ രക്ഷിപ്പാൻ ഇച്ഛിച്ചിട്ട് അവരുടെ താൽപര്യം തടുത്തു, നീന്തുവാൻ കഴിയുന്നവർ ആദ്യം ചാടി കരയ്ക്കു പറ്റുവാനും 44ശേഷമുള്ളവർ പലകമേലും കപ്പലിന്റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു.; ഇങ്ങനെ എല്ലാവരും കരയിൽ എത്തി രക്ഷപെടുവാൻ സംഗതിവന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy