YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 27:1-26

അപ്പൊ. പ്രവൃത്തികൾ 27:1-26 MALOVBSI

ഞങ്ങൾ കപ്പൽ കയറി ഇതല്യക്കു പോകേണം എന്നു കല്പനയായപ്പോൾ പൗലൊസിനെയും മറ്റു ചില തടവുകാരെയും ഔഗുസ്ത്യപട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു. അങ്ങനെ ഞങ്ങൾ ആസ്യക്കര പറ്റി ഓടുവാനുള്ള ഒരു അദ്രമുത്ത്യകപ്പലിൽ കയറി നീക്കി; തെസ്സലൊനീക്യയിൽനിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തർഹൊസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു. പിറ്റേന്നു ഞങ്ങൾ സീദോനിൽ എത്തി; യൂലിയൊസ് പൗലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കൽ പോയി സല്ക്കാരം കൈക്കൊൾവാൻ അനുവദിച്ചു. അവിടെനിന്നു ഞങ്ങൾ നീക്കി, കാറ്റു പ്രതികൂലമാകയാൽ കുപ്രൊസ്ദ്വീപിന്റെ മറപറ്റി ഓടി; കിലിക്യ, പംഫുല്യ കടൽവഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തിൽ എത്തി. അവിടെ ശതാധിപൻ ഇതല്യക്കു പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പൽ കണ്ടു ഞങ്ങളെ അതിൽ കയറ്റി. പിന്നെ ഞങ്ങൾ ബഹുദിവസം പതുക്കെ ഓടി, ക്നീദൊസ് തൂക്കിൽ പ്രയാസത്തോടെ എത്തി, കാറ്റു സമ്മതിക്കായ്കയാൽ ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനയ്ക്ക് നേരേ ഓടി, കരപറ്റി പ്രയാസത്തോടെ ലസയ്യപട്ടണത്തിന്റെ സമീപത്തു ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്ത് എത്തി. ഇങ്ങനെ വളരെനാൾ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ട് പൗലൊസ്: പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിനും കപ്പലിനും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്ന് ഞാൻ കാണുന്നു എന്ന് അവരെ പ്രബോധിപ്പിച്ചു. ശതാധിപനോ പൗലൊസ് പറഞ്ഞതിനെക്കാൾ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്ക് അധികം വിശ്വസിച്ചു. ആ തുറമുഖം ശീതകാലം കഴിപ്പാൻ തക്കതല്ലായ്കയാൽ അവിടെനിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കിൽ ചെന്നു ശീതകാലം കഴിക്കേണം എന്ന് മിക്കപേരും ആലോചന പറഞ്ഞു. തെക്കൻകാറ്റു മന്ദമായി ഊതുകയാൽ താൽപര്യം സാധിച്ചു എന്നു തോന്നി, അവർ അവിടെനിന്നു നങ്കൂരം എടുത്തു ക്രേത്തദ്വീപിന്റെ മറപറ്റി ഓടി. കുറെ കഴിഞ്ഞിട്ട് അതിനു വിരോധമായി ഈശാനമൂലൻ എന്ന കൊടുങ്കാറ്റ് അടിച്ചു. കപ്പൽ കാറ്റിന്റെ നേരേ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കൈവിട്ട് അങ്ങനെ പാറിപ്പോയി. ക്ലൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടിയിട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി. അത് വലിച്ചുകയറ്റിയിട്ട് അവർ കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേൽ അകപ്പെടും എന്ന് പേടിച്ചു പായ് ഇറക്കി അങ്ങനെ പാറിപ്പോയി. ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ടു പിറ്റേന്ന് അവർ ചരക്കു പുറത്തുകളഞ്ഞു. മൂന്നാംനാൾ അവർ സ്വന്തം കൈയാൽ കപ്പൽക്കോപ്പും കടലിൽ ഇട്ടുകളഞ്ഞു. വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റ് അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപെടും എന്നുള്ള ആശയൊക്കെയും അറ്റുപോയി. അവർ വളരെ പട്ടിണി കിടന്നശേഷം പൗലൊസ് അവരുടെ നടുവിൽ നിന്നുകൊണ്ടു പറഞ്ഞത്: പുരുഷന്മാരേ, എന്റെ വാക്ക് അനുസരിച്ച് ക്രേത്തയിൽനിന്നു നീക്കാതെയും ഈ കഷ്ടനഷ്ടങ്ങൾ സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു. എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന് അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണനു ഹാനി വരുകയില്ല. എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽനിന്നു: പൗലൊസേ, ഭയപ്പെടരുത്; നീ കൈസരുടെ മുമ്പിൽ നില്ക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്ര ചെയ്യുന്നവരെയൊക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംഭവിക്കും എന്ന് ഞാൻ ദൈവത്തെ വിശ്വസിക്കുന്നു. എങ്കിലും നാം ഒരു ദ്വീപിന്മേൽ മുട്ടി വീഴേണ്ടതാകുന്നു.