YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 25

25
1ഫെസ്തൊസ് സംസ്ഥാനത്തിൽ വന്നിട്ടു മൂന്നുനാൾ കഴിഞ്ഞശേഷം കൈസര്യയിൽനിന്നു യെരൂശലേമിലേക്കു പോയി. 2അപ്പോൾ മഹാപുരോഹിതന്മാരും യെഹൂദന്മാരുടെ പ്രധാനികളും പൗലൊസിന്റെ നേരേ അവന്റെ സന്നിധിയിൽ അന്യായം ബോധിപ്പിച്ചു; 3ദയ ചെയ്ത് അവനെ യെരൂശലേമിലേക്ക് വരുത്തേണ്ടതിന് അവർ പൗലൊസിന് പ്രതികൂലമായി അവനോട് അപേക്ഷിച്ചു; 4വഴിയിൽവച്ച് അവനെ ഒടുക്കിക്കളവാൻ അവർ ഒരു പതിയിരിപ്പ് നിറുത്തി. അതിന് ഫെസ്തൊസ്: പൗലൊസിനെ കൈസര്യയിൽ സൂക്ഷിച്ചിരിക്കുന്നു; ഞാൻ വേഗം അവിടേക്ക് പോകുന്നുണ്ട്; 5നിങ്ങളിൽ പ്രാപ്തിയുള്ളവർ കൂടെ വന്ന് ആ മനുഷ്യന്റെ നേരേ അന്യായം ഉണ്ടെങ്കിൽ ബോധിപ്പിക്കട്ടെ” എന്ന് ഉത്തരം പറഞ്ഞു.
6അവൻ ഏകദേശം എട്ടു പത്തു ദിവസം അവരുടെ ഇടയിൽ താമസിച്ചശേഷം കൈസര്യക്ക് മടങ്ങിപ്പോയി; പിറ്റേന്ന് ന്യായാസനത്തിൽ ഇരുന്ന് പൗലൊസിനെ വരുത്തുവാൻ കല്പിച്ചു. 7അവൻ വന്നാറെ യെരൂശലേമിൽനിന്ന് വന്ന യെഹൂദന്മാർ ചുറ്റുംനിന്ന് അവന്റെ നേരേ കഠിനകുറ്റം പലതും ബോധിപ്പിച്ചു. 8പൗലൊസോ: യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാൻ അവർക്ക് കഴിഞ്ഞില്ല. 9എന്നാൽ ഫെസ്തൊസ് യെഹൂദന്മാരുടെ പ്രീതി സമ്പാദിപ്പാൻ ഇച്ഛിച്ച് പൗലൊസിനോട്: യെരൂശലേമിലേക്ക് ചെന്ന് അവിടെ എന്റെ മുമ്പിൽവച്ച് ഈ സംഗതികളെക്കുറിച്ച് വിസ്താരം നടപ്പാൻ നിനക്ക് സമ്മതമുണ്ടോ എന്ന് ചോദിച്ചതിന് 10പൗലൊസ് ഞാൻ കൈസരുടെ ന്യായാസനത്തിന് മുമ്പാകെ നില്ക്കുന്നു; അവിടെ എന്നെ വിസ്തരിക്കേണ്ടതാകുന്നു; യെഹൂദന്മാരോട് ഞാൻ ഒരു അന്യായവും ചെയ്തിട്ടില്ല; അത് നീയും നല്ലവണ്ണം അറിഞ്ഞിരിക്കുന്നു. 11ഞാൻ അന്യായം ചെയ്തു മരണയോഗ്യമായത് വല്ലതും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ മരണശിക്ഷ ഏല്ക്കുന്നതിന് എനിക്ക് വിരോധമില്ല. ഇവർ എന്റെ നേരേ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവർക്ക് ഏല്പിച്ചുകൊടുപ്പാൻ ആർക്കും കഴിയുന്നതല്ല; 12ഞാൻ കൈസരെ അഭയം ചൊല്ലുന്നു എന്നു പറഞ്ഞു. അപ്പോൾ ഫെസ്തൊസ് തന്റെ ആലോചനാസഭയോട് സംസാരിച്ചിട്ട്: കൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്ക് നീ പോകും എന്ന് ഉത്തരം പറഞ്ഞു.
13ഒട്ടുനാൾ കഴിഞ്ഞശേഷം അഗ്രിപ്പാരാജാവും ബെർന്നീക്കയും ഫെസ്തൊസിനെ വന്ദനം ചെയ്‍വാൻ കൈസര്യയിൽ എത്തി. 14കുറെനാൾ അവിടെ പാർക്കുമ്പോൾ ഫെസ്തൊസ് പൗലൊസിന്റെ സംഗതി രാജാവിനോട് വിവരിച്ചുപറഞ്ഞത്: ഫേലിക്സ് വിട്ടേച്ചുപോയൊരു തടവുകാരൻ ഉണ്ട്. 15ഞാൻ യെരൂശലേമിൽ ചെന്നപ്പോൾ യെഹൂദന്മാരുടെ മഹാപുരോഹിതന്മാരും മൂപ്പന്മാരും എന്റെ അടുക്കൽ വന്ന് അവന്റെ നേരേ അന്യായം ബോധിപ്പിച്ചു വിധിക്ക് അപേക്ഷിച്ചു. 16എന്നാൽ പ്രതിവാദികളെ അഭിമുഖമായി കണ്ട് അന്യായത്തെക്കുറിച്ച് പ്രതിവാദിപ്പാൻ ഇടകിട്ടും മുമ്പേ യാതൊരു മനുഷ്യനെയും ഏല്പിച്ചുകൊടുക്കുന്നത് റോമർക്ക് മര്യാദയല്ല എന്ന് ഞാൻ അവരോട് ഉത്തരം പറഞ്ഞു. 17ആകയാൽ അവർ ഇവിടെ വന്നുകൂടിയാറെ ഞാൻ ഒട്ടും താമസിയാതെ പിറ്റേന്നുതന്നെ ന്യായാസനത്തിൽ ഇരുന്ന് ആ പുരുഷനെ കൊണ്ടുവരുവാൻ കല്പിച്ചു. 18വാദികൾ അവന്റെ ചുറ്റും നിന്നു ഞാൻ നിരൂപിച്ചിരുന്ന കുറ്റം ഒന്നും ബോധിപ്പിക്കാതെ 19സ്വന്ത മതത്തെക്കുറിച്ചും ജീവിച്ചിരിക്കുന്നു എന്ന് പൗലൊസ് പറയുന്ന മരിച്ചുപോയ യേശു എന്നൊരുവനെക്കുറിച്ചും ചില തർക്കസംഗതികളെ കൊണ്ടുവന്നതേയുള്ളൂ. 20ഇങ്ങനെയുള്ള വിഷയങ്ങളിൽ വിചാരണ നടത്തേണ്ടത് എങ്ങനെയെന്ന് ഞാൻ അറിയായ്കയാൽ: നിനക്ക് യെരൂശലേമിലേക്ക് പോയി അവിടെ ഈ സംഗതികളെക്കുറിച്ചു വിസ്താരം നടപ്പാൻ സമ്മതമുണ്ടോ എന്നു ചോദിച്ചു. 21എന്നാൽ പൗലൊസ് ചക്രവർത്തി തിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്ന് അഭയം ചൊല്ലുകയാൽ കൈസരുടെ അടുക്കൽ അയയ്ക്കുവോളം അവനെ സൂക്ഷിപ്പാൻ കല്പിച്ചു. 22ആ മനുഷ്യന്റെ പ്രസംഗം കേൾപ്പാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു എന്ന് അഗ്രിപ്പാവ് ഫെസ്തൊസിനോട് പറഞ്ഞതിന്: നാളെ കേൾക്കാം എന്ന് അവൻ പറഞ്ഞു.
23പിറ്റേന്നു അഗ്രിപ്പാവ് ബെർന്നീക്കയുമായി വളരെ ആഡംബരത്തോടെ വന്നു. സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടുംകൂടെ വിചാരണമണ്ഡപത്തിൽ വന്നാറെ ഫെസ്തൊസിന്റെ കല്പനയാൽ പൗലൊസിനെ കൊണ്ടുവന്നു. 24അപ്പോൾ ഫെസ്തൊസ് പറഞ്ഞത്: അഗ്രിപ്പാരാജാവേ, ഇവിടെ വന്നുകൂടിയിരിക്കുന്ന സകല പുരുഷന്മാരുമായുള്ളോരേ, യെഹൂദന്മാരുടെ സമൂഹം എല്ലാം യെരൂശലേമിലും ഇവിടെയും വച്ച് എന്നോട് അപേക്ഷിക്കയും അവനെ ജീവനോടെ വച്ചേക്കരുത് എന്ന് നിലവിളിക്കയും ചെയ്ത ഈ മനുഷ്യനെ നിങ്ങൾ കാണുന്നുവല്ലോ. 25അവൻ മരണയോഗ്യമായത് ഒന്നും ചെയ്തിട്ടില്ല എന്ന് ഞാൻ ഗ്രഹിച്ചു; അവൻ തന്നെയും ചക്രവർത്തി തിരുമനസ്സിനെ അഭയം ചൊല്ലുകയാൽ അവനെ അയയ്ക്കേണം എന്ന് വിധിച്ചിരിക്കുന്നു. 26അവനെക്കുറിച്ചു തിരുമേനിക്ക് എഴുതുവാൻ എനിക്കു നിശ്ചയമായത് ഒന്നുമില്ല; അതുകൊണ്ടു വിസ്താരം കഴിഞ്ഞിട്ടു എഴുതുവാൻ വല്ലതും ഉണ്ടാകേണ്ടതിന് അവനെ നിങ്ങളുടെ മുമ്പിലും, വിശേഷാൽ അഗ്രിപ്പാരാജാവേ, തിരുമുമ്പിലും വരുത്തിയിരിക്കുന്നു. 27തടവുകാരനെ അയയ്ക്കുമ്പോൾ അവന്റെ പേരിലുള്ള കുറ്റം കാണിക്കാതിരിക്കുന്നത് യുക്തമല്ല എന്നു തോന്നുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for അപ്പൊ. പ്രവൃത്തികൾ 25