YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 20

20
1കലഹം ശമിച്ചശേഷം പൗലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യക്കു പുറപ്പെട്ടുപോയി. 2ആ പ്രദേശങ്ങളിൽകൂടി സഞ്ചരിച്ച് അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്ത് എത്തി. 3അവിടെ മൂന്നു മാസം കഴിച്ചിട്ടു സുറിയയ്ക്കു കപ്പൽ കയറിപ്പോകുവാൻ ഭാവിക്കുമ്പോൾ യെഹൂദന്മാർ അവന്റെ നേരേ കൂട്ടുകെട്ട് ഉണ്ടാക്കുകയാൽ മക്കെദോന്യ വഴിയായി മടങ്ങിപ്പോകുവാൻ നിശ്ചയിച്ചു. 4ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും തെസ്സലൊനീക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദെർബ്ബക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടുകൂടെ പോയി. 5അവർ മുമ്പേ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു. 6ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ കഴിഞ്ഞിട്ടു ഫിലിപ്പിയിൽനിന്നു കപ്പൽ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴു ദിവസം അവിടെ പാർത്തു.
7ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൗലൊസ് പിറ്റന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ട് അവരോട് സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി. 8ഞങ്ങൾ കൂടിയിരുന്ന മാളികയിൽ വളരെ വിളക്ക് ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൗവനക്കാരൻ കിളിവാതിൽക്കൽ ഇരുന്നു ഗാഢനിദ്ര പിടിച്ചു, 9പൗലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽനിന്നും താഴെ വീണു; അവനെ മരിച്ചവനായി എടുത്തുകൊണ്ടു വന്നു. 10പൗലൊസ് ഇറങ്ങിച്ചെന്ന് അവന്റെമേൽ വീണു തഴുകി ഭ്രമിക്കേണ്ടാ; അവന്റെ പ്രാണൻ അവനിൽ ഉണ്ട് എന്നു പറഞ്ഞു. 11പിന്നെ അവൻ കയറിച്ചെന്ന് അപ്പം നുറുക്കിത്തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി. 12അവർ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്ന് അത്യന്തം ആശ്വസിച്ചു.
13ഞങ്ങൾ മുമ്പായി കപ്പൽ കയറി പൗലൊസിനെ അസ്സൊസ്സിൽവച്ചു കയറ്റിക്കൊൾവാൻ വിചാരിച്ച് അവിടേക്ക് ഓടി; അവൻ കാൽനടയായി വരുവാൻ വിചാരിച്ച് ഇങ്ങനെ ചട്ടംകെട്ടിയിരുന്നു. 14അവൻ അസ്സൊസ്സിൽ ഞങ്ങളോടു ചേർന്നപ്പോൾ അവനെ കയറ്റി മിതുലേനയിൽ എത്തി; 15അവിടെനിന്നു നീക്കി, പിറ്റന്നാൾ ഖിയൊസ് ദ്വീപിന്റെ തൂക്കിൽ എത്തി, മറുനാൾ സാമൊസ്ദ്വീപിൽ അണഞ്ഞു. പിറ്റേന്നു മിലേത്തൊസിൽ എത്തി. 16കഴിയും എങ്കിൽ പെന്തെക്കൊസ്തുനാളേക്കു യെരൂശലേമിൽ എത്തേണ്ടതിനു പൌലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ കാലതാമസം വരരുത് എന്നുവച്ച് എഫെസൊസിൽ അടുക്കാതെ ഓടേണം എന്നു നിശ്ചയിച്ചിരുന്നു.
17മിലേത്തൊസിൽനിന്ന് അവൻ എഫെസൊസിലേക്ക് ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി. 18അവർ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരോട് പറഞ്ഞത്:
ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾമുതൽ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും 19വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്ക് ഉണ്ടായ കഷ്ടങ്ങളോടും കൂടെ 20കർത്താവിനെ സേവിച്ചു വന്നു എന്നും പ്രയോജനമുള്ളതൊന്നും മറച്ചുവയ്ക്കാതെ പരസ്യമായും വീടുതോറും നിങ്ങളോട് അറിയിക്കയും ഉപദേശിക്കയും ചെയ്തു എന്നും 21ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ. 22ഇപ്പോൾ ഇതാ ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു. 23ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്ന് പരിശുദ്ധാത്മാവ് പട്ടണംതോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ളത് ഒന്നും ഞാൻ അറിയുന്നില്ല. 24എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം പറയേണ്ടതിനു കർത്താവായ യേശു തന്ന ശുശ്രൂഷയും തികയ്ക്കേണം എന്നേ എനിക്കുള്ളൂ. 25എന്നാൽ നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങൾ ആരും ഇനി കാൺകയില്ല എന്ന് ഞാൻ അറിയുന്നു. 26അതുകൊണ്ടു നിങ്ങളിൽ ആരെങ്കിലും നശിച്ചുപോയാൽ ഞാൻ കുറ്റക്കാരനല്ല എന്ന് ഞാൻ ഇന്നേ ദിവസം നിങ്ങളോടു സാക്ഷ്യം പറയുന്നു. 27ദൈവത്തിന്റെ ആലോചന ഒട്ടും മറച്ചുവയ്ക്കാതെ ഞാൻ മുഴുവനും അറിയിച്ചു തന്നിരിക്കുന്നുവല്ലോ. 28നിങ്ങളെത്തന്നെയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവ് നിങ്ങളെ അധ്യക്ഷരാക്കി വച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ. 29ഞാൻ പോയശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്ന് ഞാൻ അറിയുന്നു. 30ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്ക്കും. 31അതുകൊണ്ട് ഉണർന്നിരിപ്പിൻ; ഞാൻ മൂന്നു സംവത്‍സരം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ട് ഓരോരുത്തനു ബുദ്ധി പറഞ്ഞുതന്നത് ഓർത്തുകൊൾവിൻ. 32നിങ്ങൾക്ക് ആത്മികവർധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു. 33ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല. 34എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അധ്വാനിച്ചു എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ. 35ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്ന് കർത്താവായ യേശു താൻ പറഞ്ഞ വാക്ക് ഓർത്തുകൊൾകയും വേണ്ടത് എന്ന് ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.
36ഇങ്ങനെ പറഞ്ഞിട്ട് അവൻ മുട്ടുകുത്തി അവരെല്ലാവരോടുംകൂടെ പ്രാർഥിച്ചു. 37എല്ലാവരും വളരെ കരഞ്ഞു. 38ഇനിമേൽ അവന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റവും ദുഃഖിച്ചു പൗലൊസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു കപ്പലോളം അവനോടുകൂടെ വന്ന് അവനെ യാത്രയയച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy