അപ്പൊ. പ്രവൃത്തികൾ 20:17-38
അപ്പൊ. പ്രവൃത്തികൾ 20:17-38 MALOVBSI
മിലേത്തൊസിൽനിന്ന് അവൻ എഫെസൊസിലേക്ക് ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി. അവർ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരോട് പറഞ്ഞത്: ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾമുതൽ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്ക് ഉണ്ടായ കഷ്ടങ്ങളോടും കൂടെ കർത്താവിനെ സേവിച്ചു വന്നു എന്നും പ്രയോജനമുള്ളതൊന്നും മറച്ചുവയ്ക്കാതെ പരസ്യമായും വീടുതോറും നിങ്ങളോട് അറിയിക്കയും ഉപദേശിക്കയും ചെയ്തു എന്നും ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ. ഇപ്പോൾ ഇതാ ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു. ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്ന് പരിശുദ്ധാത്മാവ് പട്ടണംതോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ളത് ഒന്നും ഞാൻ അറിയുന്നില്ല. എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം പറയേണ്ടതിനു കർത്താവായ യേശു തന്ന ശുശ്രൂഷയും തികയ്ക്കേണം എന്നേ എനിക്കുള്ളൂ. എന്നാൽ നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങൾ ആരും ഇനി കാൺകയില്ല എന്ന് ഞാൻ അറിയുന്നു. അതുകൊണ്ടു നിങ്ങളിൽ ആരെങ്കിലും നശിച്ചുപോയാൽ ഞാൻ കുറ്റക്കാരനല്ല എന്ന് ഞാൻ ഇന്നേ ദിവസം നിങ്ങളോടു സാക്ഷ്യം പറയുന്നു. ദൈവത്തിന്റെ ആലോചന ഒട്ടും മറച്ചുവയ്ക്കാതെ ഞാൻ മുഴുവനും അറിയിച്ചു തന്നിരിക്കുന്നുവല്ലോ. നിങ്ങളെത്തന്നെയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവ് നിങ്ങളെ അധ്യക്ഷരാക്കി വച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ. ഞാൻ പോയശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്ന് ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്ക്കും. അതുകൊണ്ട് ഉണർന്നിരിപ്പിൻ; ഞാൻ മൂന്നു സംവത്‍സരം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ട് ഓരോരുത്തനു ബുദ്ധി പറഞ്ഞുതന്നത് ഓർത്തുകൊൾവിൻ. നിങ്ങൾക്ക് ആത്മികവർധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു. ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല. എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അധ്വാനിച്ചു എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ. ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്ന് കർത്താവായ യേശു താൻ പറഞ്ഞ വാക്ക് ഓർത്തുകൊൾകയും വേണ്ടത് എന്ന് ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു. ഇങ്ങനെ പറഞ്ഞിട്ട് അവൻ മുട്ടുകുത്തി അവരെല്ലാവരോടുംകൂടെ പ്രാർഥിച്ചു. എല്ലാവരും വളരെ കരഞ്ഞു. ഇനിമേൽ അവന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റവും ദുഃഖിച്ചു പൗലൊസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു കപ്പലോളം അവനോടുകൂടെ വന്ന് അവനെ യാത്രയയച്ചു.