അപ്പൊ. പ്രവൃത്തികൾ 14
14
1ഇക്കോന്യയിൽ അവർ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയൊരു പുരുഷാരം വിശ്വസിപ്പാൻ തക്കവണ്ണം സംസാരിച്ചു. 2വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സ് സഹോദരന്മാരുടെ നേരേ ഇളക്കി വഷളാക്കി. 3എന്നാൽ അവർ വളരെക്കാലം അവിടെ പാർത്തു, കർത്താവിൽ ആശ്രയിച്ചു പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവൻ തന്റെ കൃപയുടെ വചനത്തിനു സാക്ഷിനിന്ന്, അവരുടെ കൈയാൽ അടയാളങ്ങളും അദ്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി. 4എന്നാൽ പട്ടണത്തിലെ ജനസമൂഹം ഭിന്നിച്ചു ചിലർ യെഹൂദന്മാരുടെ പക്ഷത്തിലും ചിലർ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി. 5അവരെ അവമാനിപ്പാനും കല്ലെറിവാനും ജാതികളും യെഹൂദന്മാരും അവിടത്തെ പ്രമാണികളോടുകൂടി ഒരു ആക്രമം ഭാവിച്ചപ്പോൾ അവർ അത് ഗ്രഹിച്ചു 6ലുസ്ത്ര, ദെർബ്ബ എന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും ഓടിപ്പോയി 7അവിടെ സുവിശേഷം അറിയിച്ചുപോന്നു.
8ലുസ്ത്രയിൽ അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിനു ശക്തിയില്ലാതെയും ഉള്ളൊരു പുരുഷൻ ഇരുന്നിരുന്നു. 9അവൻ പൗലൊസ് സംസാരിക്കുന്നത് കേട്ടു; അവൻ അവനെ ഉറ്റുനോക്കി, സൗഖ്യം പ്രാപിപ്പാൻ അവനു വിശ്വാസമുണ്ട് എന്നു കണ്ടിട്ട്: 10നീ എഴുന്നേറ്റു കാലൂന്നി നിവിർന്നുനില്ക്ക എന്ന് ഉറക്കെ പറഞ്ഞു; അവൻ കുതിച്ചെഴുന്നേറ്റു നടന്നു. 11പൗലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടു: ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങി വന്നിരിക്കുന്നു എന്ന് ലുക്കവോന്യഭാഷയിൽ നിലവിളിച്ചു പറഞ്ഞു. 12ബർന്നബാസിന് ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവനു ബുധൻ എന്നും പേർ വിളിച്ചു. 13പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കൽ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാൻ ഭാവിച്ചു. 14ഇത് അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്ക് ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞത്: 15പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നത് എന്ത്? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രേ; നിങ്ങൾ ഈ വ്യർഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു. 16കഴിഞ്ഞ കാലങ്ങളിൽ അവൻ സകല ജാതികളെയും സ്വന്തവഴികളിൽ നടപ്പാൻ സമ്മതിച്ചു. 17എങ്കിലും അവൻ നന്മ ചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തു പോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല. 18അവർ ഇങ്ങനെ പറഞ്ഞു തങ്ങൾക്കു യാഗം കഴിക്കാതവണ്ണം പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു.
19എന്നാൽ അന്ത്യൊക്യയിൽനിന്നും ഇക്കോന്യയിൽനിന്നും യെഹൂദന്മാർ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൗലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്ന് വിചാരിച്ചിട്ട് അവനെ പട്ടണത്തിനു പുറത്തേക്ക് ഇഴച്ചുകളഞ്ഞു. 20എന്നാൽ ശിഷ്യന്മാർ അവനെ ചുറ്റിനില്ക്കയിൽ അവൻ എഴുന്നേറ്റു പട്ടണത്തിൽ ചെന്നു; പിറ്റന്നാൾ ബർന്നബാസിനോടുകൂടെ ദെർബ്ബയ്ക്കു പോയി. 21ആ പട്ടണത്തിലും സുവിശേഷം അറിയിച്ചു പലരെയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യൊക്യ എന്ന പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു, 22വിശ്വാസത്തിൽ നിലനില്ക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽക്കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സ് ഉറപ്പിച്ചുപോന്നു. 23അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭരമേല്പിക്കയും ചെയ്തു. 24അവർ പിസിദ്യയിൽക്കൂടി കടന്നു പംഫുല്യയിൽ എത്തി, 25പെർഗ്ഗയിൽ വചനം പ്രസംഗിച്ചശേഷം അത്തല്യക്കു പോയി. 26അവിടെനിന്നു കപ്പൽ കയറി അന്ത്യൊക്യയിലേക്കു പോയി; തങ്ങൾ നിവർത്തിച്ച വേലയ്ക്കായി ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ചത് അവിടെനിന്ന് ആയിരുന്നുവല്ലോ. 27അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും ജാതികൾക്കു വിശ്വാസത്തിന്റെ വാതിൽതുറന്നു കൊടുത്തതും അറിയിച്ചു. 28പിന്നെ അവൻ ശിഷ്യന്മാരോടുകൂടെ കുറെക്കാലം അവിടെ പാർത്തു.
Currently Selected:
അപ്പൊ. പ്രവൃത്തികൾ 14: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.