അപ്പൊ. പ്രവൃത്തികൾ 1
1
1തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ട് ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയുംകുറിച്ച് ആയിരുന്നുവല്ലോ. 2അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ട് 3താൻ ജീവിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചുകൊടുത്തു. 4അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോട്: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം; 5യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പേ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.
6ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോട്: കർത്താവേ, നീ യിസ്രായേലിന് ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നത് എന്നു ചോദിച്ചു. 7അവൻ അവരോട്: പിതാവ് തന്റെ സ്വന്ത അധികാരത്തിൽ വച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നത് നിങ്ങൾക്കുള്ളതല്ല. 8എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു. 9ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടിയിട്ട് അവൻ അവരുടെ കാഴ്ചയ്ക്കു മറഞ്ഞു. 10അവൻ പോകുന്നേരം അവർ ആകാശത്തിലേക്ക് ഉറ്റുനോക്കുമ്പോൾ വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽ നിന്നു: 11ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നത് എന്ത്? നിങ്ങളെ വിട്ടു സ്വർഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെതന്നെ അവൻ വീണ്ടും വരും എന്നു പറഞ്ഞു.
12അവർ യെരൂശലേമിന് സമീപത്ത് ഒരു ശബ്ബത്ത്ദിവസത്തെ വഴിദൂരമുള്ള ഒലിവ്മല വിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. 13അവിടെ എത്തിയപ്പോൾ അവർ പാർത്ത മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമാസ്, ബർത്തൊലൊമായി, മത്തായി, അല്ഫായുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ, 14യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടുംകൂടെ ഒരുമനപ്പെട്ടു പ്രാർഥന കഴിച്ചുപോന്നു.
15ആ കാലത്ത് ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റു നിന്നു പറഞ്ഞത്: 16സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവർക്കു വഴികാട്ടിയായിത്തീർന്ന യൂദായെക്കുറിച്ചു പരിശുദ്ധാത്മാവ് ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന് നിവൃത്തിവരുവാൻ ആവശ്യമായിരുന്നു. 17അവൻ ഞങ്ങളുടെ എണ്ണത്തിൽ ഉൾപ്പെട്ടവനായി ഈ ശുശ്രൂഷയിൽ പങ്കു ലഭിച്ചിരുന്നുവല്ലോ.- 18അവൻ അനീതിയുടെ കൂലികൊണ്ട് ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവേ പിളർന്ന് അവന്റെ കുടലെല്ലാം തുറിച്ചുപോയി. 19അത് യെരൂശലേമിൽ പാർക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ട് ആ നിലത്തിന് അവരുടെ ഭാഷയിൽ രക്തനിലം എന്നർഥമുള്ള അക്കല്ദാമാ എന്നു പേർ ആയി.- 20സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ“ എന്നും “അവന്റെ അധ്യക്ഷസ്ഥാനം മറ്റൊരുത്തനു ലഭിക്കട്ടെ“ എന്നും എഴുതിയിരിക്കുന്നു. 21ആകയാൽ കർത്താവായ യേശു യോഹന്നാന്റെ സ്നാനംമുതൽ നമ്മെ വിട്ട് ആരോഹണം ചെയ്ത നാൾവരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന കാലത്തെല്ലാം 22ഞങ്ങളോടുകൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടുകൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം. 23അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടു പേരെ നിറുത്തി: 24സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിനു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും 25സ്ഥാനം ലഭിക്കേണ്ടതിന് ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാർഥിച്ച് അവരുടെ പേർക്കു ചീട്ടിട്ടു; 26ചീട്ടു മത്ഥിയാസിനു വീഴുകയും അവനെ പതിനൊന്ന് അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.
Currently Selected:
അപ്പൊ. പ്രവൃത്തികൾ 1: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.