YouVersion Logo
Search Icon

2 തിമൊഥെയൊസ് 4

4
1ഞാൻ ദൈവത്തെയും, ജീവികൾക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവച്ച് അവന്റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യംചെയ്തു കല്പിക്കുന്നത്: 2വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്ക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജനം ചെയ്ക; പ്രബോധിപ്പിക്ക. 3അവർ പഥ്യോപദേശം പൊറുക്കാതെ കർണരസമാകുമാറു സ്വന്തമോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും 4സത്യത്തിനു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും. 5നീയോ സകലത്തിലും നിർമദൻ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തി ചെയ്ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക. 6ഞാനോ ഇപ്പോൾത്തന്നെ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു. 7ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു. 8ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവച്ച ഏവർക്കുംകൂടെ.
9വേഗത്തിൽ എന്റെ അടുക്കൽ വരുവാൻ ഉത്സാഹിക്ക. 10ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ട് എന്നെ വിട്ടു തെസ്സലൊനീക്യയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യക്കും തീത്തൊസ് ദല്മാത്യക്കും പോയി; 11ലൂക്കൊസ് മാത്രമേ എന്നോടുകൂടെയുള്ളൂ; മർക്കൊസ് എനിക്കു ശുശ്രൂഷയ്ക്കായി ഉപയോഗമുള്ളവനാകയാൽ അവനെ കൂട്ടിക്കൊണ്ടു വരിക. 12തിഹിക്കൊസിനെ ഞാൻ എഫെസൊസിലേക്ക് അയച്ചിരിക്കുന്നു. 13ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക. 14ചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്കു വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവ് അവനു പകരം ചെയ്യും. 15അവൻ നമ്മുടെ പ്രസംഗത്തോട് അത്യന്തം എതിർത്തു നിന്നതുകൊണ്ട് നീയും അവനെ സൂക്ഷിച്ചുകൊൾക. 16എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അത് അവർക്കു കണക്കിടാതിരിക്കട്ടെ. 17കർത്താവോ പ്രസംഗം എന്നെക്കൊണ്ടു നിവർത്തിപ്പാനും സകല ജാതികളും കേൾപ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷപ്രാപിച്ചു. 18കർത്താവ് എന്നെ സകല ദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ചു തന്റെ സ്വർഗീയരാജ്യത്തിനായി രക്ഷിക്കും; അവന് എന്നെന്നേക്കും മഹത്ത്വം. ആമേൻ.
19പ്രിസ്കയ്ക്കും അക്വിലാവിനും ഒനേസിഫൊരൊസിന്റെ കുടുംബത്തിനും വന്ദനം ചൊല്ലുക. 20എരസ്തൊസ് കൊരിന്തിൽ താമസിച്ചു. ത്രൊഫിമൊസിനെ ഞാൻ മിലേത്തിൽ രോഗിയായി വിട്ടേച്ചുപോന്നു. 21ശീതകാലത്തിനു മുമ്പേ വരുവാൻ ശ്രമിക്ക. യൂബൂലൊസും പൂദെസും ലീനൊസും ക്ലൌദിയയും സഹോദരന്മാർ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു.
22യേശുക്രിസ്തു നിന്റെ ആത്മാവോടുകൂടെ ഇരിക്കട്ടെ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in