YouVersion Logo
Search Icon

2 ശമൂവേൽ 1

1
1ശൗൽ മരിക്കയും ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ലാഗിൽ രണ്ടു ദിവസം പാർക്കയും ചെയ്തശേഷം 2മൂന്നാം ദിവസം ഒരാൾ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൗലിന്റെ പാളയത്തിൽനിന്ന് വന്നു, ദാവീദിന്റെ അടുക്കൽ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു. 3ദാവീദ് അവനോട്: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്: ഞാൻ യിസ്രായേൽപാളയത്തിൽനിന്ന് ഓടിപ്പോരുകയാകുന്നു എന്ന് അവൻ പറഞ്ഞു. 4ദാവീദ് അവനോട്: കാര്യം എന്തായി? പറക എന്നു ചോദിച്ചു. അതിന് അവൻ: ജനം പടയിൽ തോറ്റോടി; ജനത്തിൽ അനേകർ പട്ടുവീണു; ശൗലും അവന്റെ മകനായ യോനാഥാനുംകൂടെ പട്ടുപോയി എന്ന് ഉത്തരം പറഞ്ഞു. 5വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്: ശൗലും അവന്റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞുവെന്നു ചോദിച്ചതിന് 6വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരൻ പറഞ്ഞത്: ഞാൻ യദൃച്ഛയാ ഗിൽബോവപർവതത്തിലേക്കു ചെന്നപ്പോൾ ശൗൽ തന്റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും തേരും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു; 7അവൻ പുറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു; അടിയൻ ഇതാ എന്നു ഞാൻ ഉത്തരം പറഞ്ഞു. 8നീ ആരെന്ന് അവൻ എന്നോടു ചോദിച്ചതിന്: ഞാൻ ഒരു അമാലേക്യൻ എന്ന് ഉത്തരം പറഞ്ഞു. 9അവൻ എന്നോട്: നീ അടുത്തു വന്ന് എന്നെ കൊല്ലേണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കകൊണ്ട് എനിക്കു പരിഭ്രമം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞു. 10അതുകൊണ്ട് ഞാൻ അടുത്തു ചെന്ന് അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കയില്ല എന്നു ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കടകവും ഞാൻ എടുത്ത് ഇവിടെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു. 11ഉടനെ ദാവീദ് തന്റെ വസ്ത്രം പറിച്ചുകീറി; കൂടെയുള്ളവരും അങ്ങനെതന്നെ ചെയ്തു. 12അവർ ശൗലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ച് അവർ വാളാൽ വീണുപോയതുകൊണ്ട് വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു. 13ദാവീദ് വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോട്: നീ എവിടത്തുകാരൻ എന്നു ചോദിച്ചതിന്: ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ എന്ന് അവൻ ഉത്തരം പറഞ്ഞു. 14ദാവീദ് അവനോട്: യഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന് കൈയോങ്ങുവാൻ നിനക്കു ഭയം തോന്നാഞ്ഞത് എങ്ങനെ എന്നു പറഞ്ഞു. 15പിന്നെ ദാവീദ് ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: നീ ചെന്ന് അവനെ വെട്ടിക്കളക എന്നു പറഞ്ഞു. അവൻ അവനെ വെട്ടിക്കൊന്നു. 16ദാവീദ് അവനോട്: നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്നു നീ നിന്റെ വായ് കൊണ്ടുതന്നെ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു. 17അനന്തരം ദാവീദ് ശൗലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ച് ഈ വിലാപഗീതം ചൊല്ലി- 18അവൻ യെഹൂദാമക്കളെ ഈ ധനുർഗീതം അഭ്യസിപ്പിപ്പാൻ കല്പിച്ചു; അതു ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:-
19യിസ്രായേലേ, നിന്റെ പ്രതാപമായവർ
നിന്റെ ഗിരികളിൽ നിഹതന്മാരായി;
വീരന്മാർ പട്ടുപോയത് എങ്ങനെ!
20ഗത്തിൽ അതു പ്രസിദ്ധമാക്കരുതേ;
അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ;
ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ;
അഗ്രചർമികളുടെ കന്യകമാർ ഉല്ലസിക്കരുതേ;
21ഗിൽബോവപർവതങ്ങളേ,
നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും
വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ.
അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത്;
ശൗലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നെ.
22നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ട്
യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല;
ശൗലിന്റെ വാൾ വൃഥാ പോന്നതുമില്ല.
23ശൗലും യോനാഥാനും ജീവകാലത്തു
പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു;
മരണത്തിലും അവർ വേർപിരിഞ്ഞില്ല;
അവർ കഴുകനിലും വേഗവാന്മാർ.
സിംഹത്തിലും വീര്യവാന്മാർ.
24യിസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരവിൻ
അവൻ നിങ്ങളെ ഭംഗിയായി രക്താംബരം ധരിപ്പിച്ചു.
നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു.
25യുദ്ധമധ്യേ വീരന്മാർ പട്ടുപോയതെങ്ങനെ!
നിന്റെ ഗിരികളിൽ യോനാഥാൻ നിഹതനായല്ലോ.
26യോനാഥാനേ, എന്റെ സഹോദരാ,
നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു;
നീ എനിക്ക് അതിവത്സലൻ ആയിരുന്നു;
നിൻപ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയത്.
27വീരന്മാർ പട്ടുപോയത് എങ്ങനെ;
യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in