2 രാജാക്കന്മാർ 9
9
1എലീശാപ്രവാചകൻ ഒരു പ്രവാചകശിഷ്യനെ വിളിച്ച് അവനോടു പറഞ്ഞത്: നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ട് ഗിലെയാദിലെ രാമോത്തിലേക്കു പോക. 2അവിടെ എത്തിയശേഷം നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ എവിടെ ഇരിക്കുന്നു എന്നു നോക്കി അകത്തു ചെന്ന് അവന്റെ സഹോദരന്മാരുടെ നടുവിൽനിന്ന് അവനെ എഴുന്നേല്പിച്ച് ഉൾമുറിയിലേക്കു കൊണ്ടുപോക. 3പിന്നെ തൈലപാത്രം എടുത്ത് അവന്റെ തലയിൽ ഒഴിച്ചു: ഞാൻ നിന്നെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് പറഞ്ഞിട്ടു വാതിൽ തുറന്നു താമസിക്കാതെ ഓടിപ്പോരിക. 4അങ്ങനെ പ്രവാചകനായ ആ യൗവനക്കാരൻ ഗിലെയാദിലെ രാമോത്തിലേക്കു പോയി. 5അവൻ അവിടെ എത്തിയപ്പോൾ പടനായകന്മാർ ഒരുമിച്ചിരിക്കുന്നതു കണ്ട്: നായകാ, എനിക്കു നിന്നോട് ഒരു കാര്യം അറിയിപ്പാനുണ്ട് എന്ന് അവൻ പറഞ്ഞതിന്: ഞങ്ങൾ എല്ലാവരിലുംവച്ച് ആരോട് എന്ന് യേഹൂ ചോദിച്ചു. നിന്നോടുതന്നെ, നായകാ എന്ന് അവൻ ഉത്തരം പറഞ്ഞു. 6അവൻ എഴുന്നേറ്റു മുറിക്കകത്തു കടന്നു; അപ്പോൾ അവൻ തൈലം അവന്റെ തലയിൽ ഒഴിച്ച് അവനോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്തിരിക്കുന്നു. 7എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിനും യഹോവയുടെ സകല ദാസന്മാരുടെയും രക്തത്തിനും ഈസേബെലിനോടു ഞാൻ പ്രതികാരം ചെയ്യേണ്ടതിനു നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നീ സംഹരിച്ചുകളയേണം. 8ആഹാബ്ഗൃഹം അശേഷം മുടിഞ്ഞുപോകേണം; യിസ്രായേലിൽ ആഹാബിനുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെയൊക്കെയും ഞാൻ ഛേദിച്ചുകളയും. 9ഞാൻ ആഹാബ്ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും. 10ഈസേബെലിനെ യിസ്രായേൽപ്രദേശത്തുവച്ചു നായ്ക്കൾ തിന്നുകളയും; അവളെ അടക്കം ചെയ്‍വാൻ ആരും ഉണ്ടാകയില്ല. പിന്നെ അവൻ വാതിൽ തുറന്ന് ഓടിപ്പോയി. 11യേഹൂ തന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്തു വന്നപ്പോൾ ഒരുത്തൻ അവനോട്: എന്താകുന്നു വിശേഷം? ആ ഭ്രാന്തൻ നിന്റെ അടുക്കൽ വന്നതെന്തിന്? എന്നു ചോദിച്ചു. അതിന് അവൻ അവരോട്: നിങ്ങൾ ആ പുരുഷനെയും അവൻ പറഞ്ഞ കാര്യത്തെയും അറിയുന്നുവല്ലോ എന്നു പറഞ്ഞു. 12എന്നാറെ അവർ: അതു നേരല്ല; നീ ഞങ്ങളോടു പറയേണം എന്നു പറഞ്ഞതിന് അവൻ: ഞാൻ നിന്നെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നാദിയായി ഇന്നിന്ന കാര്യങ്ങൾ അവൻ എന്നോടു സംസാരിച്ചു എന്നു പറഞ്ഞു. 13ഉടനെ അവർ ബദ്ധപ്പെട്ട് ഓരോരുത്തൻ താന്താന്റെ വസ്ത്രം എടുത്തു കോവണിപ്പടികളിന്മേൽ അവന്റെ കാല്ക്കൽ വിരിച്ചു. കാഹളം ഊതി: യേഹൂ രാജാവായി എന്നു പറഞ്ഞു. 14അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ യോരാമിന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും എല്ലാ യിസ്രായേലും അരാംരാജാവായ ഹസായേൽ നിമിത്തം ഗിലെയാദിലെ രാമോത്തിനെ കാവൽ ആക്കി സൂക്ഷിച്ചിരുന്നു. 15അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ അരാമ്യർ തനിക്ക് ഏല്പിച്ച മുറിവുകൾക്ക് യിസ്രെയേലിൽവച്ചു ചികിത്സചെയ്യേണ്ടതിന് യോരാംരാജാവ് മടങ്ങിപ്പോന്നിരുന്നു. എന്നാൽ യേഹൂ: നിങ്ങൾക്കു സമ്മതമെങ്കിൽ യിസ്രെയേലിൽ ചെന്ന് ഇത് അറിയിക്കേണ്ടതിന് ആരും പട്ടണം വിട്ടുപോകാതെ സൂക്ഷിക്കേണം എന്നു പറഞ്ഞു. 16അങ്ങനെ യേഹൂ രഥംകയറി യിസ്രെയേലിലേക്കു പോയി; യോരാം അവിടെ കിടക്കുകയായിരുന്നു. യോരാമിനെ കാൺമാൻ യെഹൂദാരാജാവായ അഹസ്യാവും അവിടെ വന്നിരുന്നു. 17യിസ്രെയേലിലെ ഗോപുരമുകളിൽ ഒരു കാവല്ക്കാരൻ നിന്നിരുന്നു; അവൻ യേഹൂവിന്റെ കൂട്ടം വരുന്നതു കണ്ടിട്ട്: ഞാൻ ഒരുകൂട്ടത്തെ കാണുന്നു എന്നു പറഞ്ഞു. അപ്പോൾ യോരാം: നീ ഒരു കുതിരച്ചേവകനെ വിളിച്ച് അവരുടെ നേരേ അയയ്ക്കേണം; അവൻ ചെന്ന്: സമാധാനമോ എന്ന് ചോദിക്കട്ടെ എന്നു കല്പിച്ചു. 18അങ്ങനെ ഒരുത്തൻ കുതിരപ്പുറത്തു കയറി അവനെ എതിരേറ്റു ചെന്നു: സമാധാനമോ എന്നു രാജാവ് ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനംകൊണ്ട് നിനക്ക് എന്തു കാര്യം? തിരിഞ്ഞ് എന്റെ പുറകിൽ വരിക എന്ന് യേഹൂ പറഞ്ഞു. അപ്പോൾ കാവല്ക്കാരൻ: ദൂതൻ അവരുടെ അടുക്കലോളം ചെന്നിട്ടും മടങ്ങി വരുന്നില്ല എന്ന് അറിയിച്ചു. 19അവൻ മറ്റൊരുത്തനെ കുതിരപ്പുറത്ത് അയച്ചു. അവനും അവരുടെ അടുക്കൽ ചെന്നു: സമാധാനമോ എന്നു രാജാവ് ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനംകൊണ്ടു നിനക്ക് എന്തു കാര്യം? തിരിഞ്ഞ് എന്റെ പുറകിൽ വരിക എന്ന് യേഹൂ പറഞ്ഞു. 20അപ്പോൾ കാവല്ക്കാരൻ: അവനും അവരുടെ അടുക്കലോളം ചെന്നിട്ടു മടങ്ങിവരുന്നില്ല; ആ ഓടിക്കുന്നതു നിംശിയുടെ മകനായ യേഹൂ ഓടിക്കുന്നതുപോലെ ഇരിക്കുന്നു; ഭ്രാന്തനെപ്പോലെയല്ലോ അവൻ ഓടിച്ചുവരുന്നത് എന്നു പറഞ്ഞു. 21ഉടനെ യോരാം: രഥം പൂട്ടുക എന്നു കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രായേൽരാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും താന്താന്റെ രഥത്തിൽ കയറി യേഹൂവിന്റെ നേരേ പുറപ്പെട്ടു, യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിങ്കൽവച്ച് അവനെ എതിരേറ്റു. 22യേഹൂവിനെ കണ്ടപ്പോൾ യോരാം: യേഹൂവേ, സമാധാനമോ എന്നു ചോദിച്ചു. അതിന് യേഹൂ: നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം എന്നു പറഞ്ഞു. 23അപ്പോൾ യോരാം രഥംതിരിച്ച് ഓടിച്ചുകൊണ്ട് അഹസ്യാവോട്: അഹസ്യാവേ, ഇതു ദ്രോഹം എന്നു പറഞ്ഞു. 24യേഹൂ വില്ലു കുലച്ച് യോരാമിനെ ഭുജങ്ങളുടെ നടുവേ എയ്തു; അമ്പ് അവന്റെ ഹൃദയം തുളഞ്ഞു മറുപുറം കടന്നു; അവൻ രഥത്തിൽ ചുരുണ്ടു വീണു. 25യേഹൂ തന്റെ പടനായകനായ ബിദ്കാരോടു പറഞ്ഞത്: അവനെ എടുത്ത് യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിൽ എറിഞ്ഞുകളക; ഞാനും നീയും ഒരുമിച്ച് അവന്റെ അപ്പനായ ആഹാബിന്റെ പിന്നാലെ കുതിരയേറി പോകുമ്പോൾ: 26നാബോത്തിന്റെ രക്തവും അവന്റെ മക്കളുടെ രക്തവും ഇന്നലെ ഞാൻ കണ്ടിരിക്കുന്നു സത്യം എന്ന് യഹോവ അരുളിച്ചെയ്യുന്നു; ഈ നിലത്തുവച്ച് ഞാൻ നിനക്കു പകരം വീട്ടുമെന്നും യഹോവ അരുളിച്ചെയ്യുന്നു എന്നിങ്ങനെ യഹോവയുടെ ഈ അരുളപ്പാട് അവന് വിരോധമായി ഉണ്ടായെന്ന് ഓർത്തുകൊൾക; അവനെ എടുത്ത് യഹോവയുടെ വചനപ്രകാരംതന്നെ ഈ നിലത്തിൽ എറിഞ്ഞുകളക. 27യെഹൂദാരാജാവായ അഹസ്യാവ് ഇതു കണ്ടിട്ട് ഉദ്യാനഗൃഹത്തിന്റെ വഴിയായി ഓടിപ്പോയി. യേഹൂ അവനെ പിന്തുടർന്നു: അവനെയും രഥത്തിൽ വെട്ടിക്കളവിൻ എന്നു കല്പിച്ചു. അവർ യിബ്ലെയാമിനു സമീപത്തുള്ള ഗൂർകയറ്റത്തിങ്കൽവച്ച് അവനെ വെട്ടി; അവൻ മെഗിദ്ദോവിലേക്ക് ഓടിച്ചെന്ന് അവിടെവച്ചു മരിച്ചുപോയി. 28അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽവച്ച് യെരൂശലേമിലേക്കു കൊണ്ടുപോയി ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവന്റെ കല്ലറയിൽ അവനെ അടക്കം ചെയ്തു.
29ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാം ആണ്ടിൽ ആയിരുന്നു അഹസ്യാവ് യെഹൂദായിൽ രാജാവായത്. 30യേഹൂ യിസ്രായേലിൽ വന്നത് ഈസേബെൽ കേട്ടിട്ടു തന്റെ കണ്ണിൽ മഷിയെഴുതി തല ചീകി മിനുക്കിക്കൊണ്ടു കിളിവാതിൽക്കൽക്കൂടി നോക്കി. 31യേഹൂ പടിവാതിൽ കടന്നപ്പോൾ അവൾ: യജമാനനെ കൊന്നവനായ സിമ്രിക്ക് സമാധാനമോ എന്നു ചോദിച്ചു. 32അവൻ തന്റെ മുഖം കിളിവാതിൽക്കലേക്ക് ഉയർത്തി: ആരുള്ളൂ എന്റെ പക്ഷത്ത്? ആരുള്ളൂ എന്നു ചോദിച്ചു. എന്നാറെ രണ്ടുമൂന്നു ഷണ്ഡന്മാർ പുറത്തേക്കു നോക്കി. 33അവളെ താഴെ തള്ളിയിടുവിൻ എന്ന് അവൻ കല്പിച്ചു. ഉടനെ അവർ അവളെ താഴെ തള്ളിയിട്ടു; അവളുടെ രക്തം ചുവരിന്മേലും കുതിരകളിന്മേലും തെറിച്ചു; അവൻ അവളെ ചവിട്ടിക്കളഞ്ഞു. 34അവൻ ചെന്നു ഭക്ഷിച്ചു പാനം ചെയ്തശേഷം: ആ ശപിക്കപ്പെട്ടവളെ ചെന്നു നോക്കി അടക്കം ചെയ്‍വിൻ; അവൾ രാജകുമാരിയല്ലോ എന്നു പറഞ്ഞു. 35അവർ അവളെ അടക്കം ചെയ്‍വാൻ ചെന്നാറെ അവളുടെ തലമണ്ടയും കാലുകളും കൈപ്പത്തികളും അല്ലാതെ മറ്റൊന്നും കണ്ടില്ല. 36അവർ മടങ്ങിവന്ന് അവനോട് അത് അറിയിച്ചു. അപ്പോൾ അവൻ: യിസ്രെയേൽപ്രദേശത്തുവച്ചു നായ്ക്കൾ ഈസേബെലിന്റെ മാംസം തിന്നുകളയും; 37അത് ഈസേബെൽ എന്നു പറവാൻ കഴിയാതവണ്ണം ഈസേബെലിന്റെ പിണം യിസ്രെയേൽപ്രദേശത്തു വയലിലെ ചാണകംപോലെ ആകും എന്നിങ്ങനെ യഹോവ തിശ്ബ്യനായ ഏലീയാവ് എന്ന തന്റെ ദാസൻ മുഖാന്തരം അരുളിച്ചെയ്ത വചനം തന്നെ ഇത് എന്നു പറഞ്ഞു.
Currently Selected:
2 രാജാക്കന്മാർ 9: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.