2 രാജാക്കന്മാർ 24
24
1അവന്റെ കാലത്തു ബാബേൽരാജാവായ നെബൂഖദ്നേസർ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്നു സംവത്സരം അവന് ആശ്രിതനായി ഇരുന്നു; അതിന്റെശേഷം അവൻ തിരിഞ്ഞ് അവനോടു മത്സരിച്ചു. 2അപ്പോൾ യഹോവ കൽദയരുടെ പടക്കൂട്ടങ്ങളെയും അരാമ്യർ, മോവാബ്യർ, അമ്മോന്യർ എന്നിവരുടെ പടക്കൂട്ടങ്ങളെയും അവന്റെ നേരേ അയച്ചു; പ്രവാചകന്മാരായ തന്റെ ദാസന്മാർ മുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവൻ അവരെ യെഹൂദായെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരേ അയച്ചു. 3മനശ്ശെ ചെയ്ത സകല പാപങ്ങളും നിമിത്തം യെഹൂദായെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളവാൻ ഇതു യഹോവയുടെ കല്പനപ്രകാരം തന്നെ അവർക്കു ഭവിച്ചു. 4അവൻ കുറ്റമില്ലാത്ത രക്തം ചൊരിയിച്ച് യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറച്ചതും ക്ഷമിപ്പാൻ യഹോവയ്ക്കു മനസ്സായില്ല. 5യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 6യെഹോയാക്കീം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ യെഹോയാഖീൻ അവനു പകരം രാജാവായി. 7മിസ്രയീംരാജാവിന് മിസ്രയീംതോടുമുതൽ ഫ്രാത്ത്നദിവരെ ഉണ്ടായിരുന്നതൊക്കെയും ബാബേൽരാജാവു പിടിച്ചതുകൊണ്ടു മിസ്രയീംരാജാവ് പിന്നെ തന്റെ ദേശത്തുനിന്നു പുറപ്പെട്ടുവന്നില്ല.
8യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ അവന് പതിനെട്ടു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ മൂന്നു മാസം വാണു. അവന്റെ അമ്മയ്ക്കു നെഹുഷ്ഠാ എന്നു പേർ; അവൾ യെരൂശലേമ്യനായ എൽനാഥാന്റെ മകൾ ആയിരുന്നു. 9അവൻ തന്റെ അപ്പൻ ചെയ്തതുപോലെയൊക്കെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. 10ആ കാലത്ത് ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഭൃത്യന്മാർ യെരൂശലേമിന്റെ നേരേ വന്നു നഗരത്തെ നിരോധിച്ചു. 11ഇങ്ങനെ ഭൃത്യന്മാർ നിരോധിച്ചിരിക്കുമ്പോൾ ബാബേൽരാജാവായ നെബൂഖദ്നേസരും നഗരത്തിന്റെ നേരേ വന്നു. 12യെഹൂദാരാജാവായ യെഹോയാഖീനും അവന്റെ അമ്മയും അവന്റെ ഭൃത്യന്മാരും പ്രഭുക്കന്മാരും ഷണ്ഡന്മാരും ബാബേൽരാജാവിന്റെ അടുക്കലേക്കു പുറത്തു ചെന്നു; ബാബേൽരാജാവ് തന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ അവനെ പിടിച്ചു. 13അവൻ യഹോവയുടെ ആലയത്തിലെ സകല നിക്ഷേപങ്ങളും രാജധാനിയിലെ നിക്ഷേപങ്ങളും അവിടെനിന്ന് എടുത്തു കൊണ്ടുപോയി; യിസ്രായേൽരാജാവായ ശലോമോൻ യഹോവയുടെ മന്ദിരത്തിൽ ഉണ്ടാക്കിവച്ചിരുന്ന പൊന്നുകൊണ്ടുള്ള ഉപകരണങ്ങളൊക്കെയും യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഖണ്ഡിച്ചുകളഞ്ഞു. 14എല്ലാ യെരൂശലേമ്യരെയും സകല പ്രഭുക്കന്മാരും സകല പരാക്രമശാലികളും ആയി പതിനായിരം പേരെയും എല്ലാ ആശാരിമാരെയും കൊല്ലന്മാരെയും അവൻ ബദ്ധരാക്കി കൊണ്ടുപോയി; ദേശത്ത് എളിയജനം മാത്രമല്ലാതെ ആരും ശേഷിച്ചിരുന്നില്ല. 15യെഹോയാഖീനെ അവൻ ബാബേലിലേക്കു കൊണ്ടുപോയി; രാജമാതാവിനെയും രാജഭാര്യമാരെയും അവന്റെ ഷണ്ഡന്മാരെയും ദേശത്തിലെ പ്രധാനികളെയും അവൻ ബദ്ധരാക്കി യെരൂശലേമിൽനിന്നു ബാബേലിലേക്കു കൊണ്ടുപോയി. 16സകല ബലവാന്മാരുമായ ഏഴായിരം പേരെയും ആശാരിമാരും കൊല്ലന്മാരുമായ ആയിരം പേരെയും ഇങ്ങനെ യുദ്ധപ്രാപ്തന്മാരായ സകല വീരന്മാരെയും ബാബേൽരാജാവ് ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി. 17അവനു പകരം ബാബേൽരാജാവ് അവന്റെ ചിറ്റപ്പനായ മത്ഥന്യാവെ രാജാവാക്കി; അവന് സിദെക്കീയാവ് എന്നു പേർ മാറ്റിയിട്ടു.
18സിദെക്കീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്ന് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്കു ഹമൂതൽ എന്നു പേർ; അവൾ ലിബ്നാക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു. 19യെഹോയാക്കീം ചെയ്തതുപോലെയൊക്കെയും അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. 20യഹോവയുടെ കോപം ഹേതുവായി യെരൂശലേമിനും യെഹൂദായ്ക്കും അങ്ങനെ ഭവിച്ചു; അവൻ ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്നു തള്ളിക്കളഞ്ഞു; എന്നാൽ സിദെക്കീയാവും ബാബേൽരാജാവിനോടു മത്സരിച്ചു.
Currently Selected:
2 രാജാക്കന്മാർ 24: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.