2 രാജാക്കന്മാർ 22
22
1യോശീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തിയൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു യെദീദാ എന്നു പേർ; അവൾ ബൊസ്ക്കത്ത്കാരനായ അദായാവിന്റെ മകൾ ആയിരുന്നു. 2അവൻ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു. 3യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ രാജാവ് മെശുല്ലാമിന്റെ മകനായ അസല്യാവിന്റെ മകനായ ശാഫാൻ എന്ന രായസക്കാരനെ യഹോവയുടെ ആലയത്തിലേക്ക് അയച്ചു പറഞ്ഞതെന്തെന്നാൽ: 4നീ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ പിരിഞ്ഞുവന്നതും വാതിൽക്കാവല്ക്കാർ ജനത്തോടു പിരിച്ചെടുത്തതുമായ ദ്രവ്യം അവൻ കണക്കുനോക്കട്ടെ. 5അവർ അത് യഹോവയുടെ ആലയത്തിലെ വിചാരകരായി പണിനടത്തുന്നവരുടെ കൈയിൽ കൊടുക്കട്ടെ; അവർ അത് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കേണ്ടതിന് 6അതിൽ പണി ചെയ്യുന്ന ആശാരികൾക്കും ശില്പികൾക്കും കല്പണിക്കാർക്കും ആലയത്തിന്റെ അറ്റകുറ്റപ്പണിക്കു മരവും ചെത്തിയ കല്ലും മേടിക്കേണ്ടതിനും കൊടുക്കട്ടെ. 7എന്നാൽ ദ്രവ്യം കൈയേറ്റു വാങ്ങിയവരോടു കണക്കു ചോദിക്കേണ്ടാ; അവർ വിശ്വാസത്തിന്മേലല്ലോ പ്രവർത്തിക്കുന്നത്. 8മഹാപുരോഹിതനായ ഹില്ക്കീയാവ് രായസക്കാരനായ ശാഫാനോട്: ഞാൻ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്ക്കീയാവ് ആ പുസ്തകം ശാഫാന്റെ കൈയിൽ കൊടുത്തു; അവൻ അതു വായിച്ചു. 9രായസക്കാരനായ ശാഫാൻ രാജാവിന്റെ അടുക്കൽ ചെന്ന് രാജാവിനോട്: ആലയത്തിൽ കണ്ട ദ്രവ്യം അടിയങ്ങൾ പെട്ടി ഒഴിച്ചെടുത്ത് യഹോവയുടെ ആലയത്തിൽ വിചാരകരായി പണിനടത്തുന്നവരുടെ കൈയിൽ കൊടുത്തിരിക്കുന്നു എന്ന് മറുപടി ബോധിപ്പിച്ചു. 10ഹില്ക്കീയാപുരോഹിതൻ എന്റെ കൈയിൽ ഒരു പുസ്തകം തന്നു എന്നും രായസക്കാരനായ ശാഫാൻ രാജാവിനോടു ബോധിപ്പിച്ചു. ശാഫാൻ അതു രാജസന്നിധിയിൽ വായിച്ചുകേൾപ്പിച്ചു. 11രാജാവ് ന്യായപ്രമാണപുസ്തകത്തിലെ വാക്യങ്ങളെ കേട്ടിട്ടു വസ്ത്രം കീറി; 12രാജാവ് പുരോഹിതനായ ഹില്ക്കീയാവോടും ശാഫാന്റെ മകൻ അഹീക്കാമിനോടും മീഖായാവിന്റെ മകൻ അക്ബോരിനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും: 13നിങ്ങൾ ചെന്ന് കണ്ടെത്തിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ച് എനിക്കും ജനത്തിനും എല്ലാ യെഹൂദായ്ക്കുംവേണ്ടി യഹോവയോട് അരുളപ്പാട് ചോദിപ്പിൻ; നമുക്കുവേണ്ടി എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചുനടപ്പാൻ തക്കവണ്ണം നമ്മുടെ പിതാക്കന്മാർ ഈ പുസ്തകത്തിലെ വാക്യങ്ങളെ കേൾക്കായ്കകൊണ്ടു നമ്മുടെ നേരേ ജ്വലിച്ചിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ എന്നു കല്പിച്ചു. 14അങ്ങനെ ഹില്ക്കീയാപുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും അർഹസിന്റെ മകനായ തിക്വയുടെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്നു- അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാർത്തിരുന്നു- അവളോടു സംസാരിച്ചു. 15അവൾ അവരോടു പറഞ്ഞത്: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്റെ അടുക്കൽ അയച്ചവനോടു നിങ്ങൾ പറയേണ്ടത് എന്തെന്നാൽ: 16യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും യെഹൂദാരാജാവ് വായിപ്പിച്ച പുസ്തകത്തിൽ വിവരിച്ചിരിക്കുന്നതുപോലെയൊക്കെയും അനർഥം വരുത്തും. 17അവർ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകല പ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദേവന്മാർക്ക് ധൂപം കാട്ടിയതുകൊണ്ട് എന്റെ കോപം ഈ സ്ഥലത്തിന്റെ നേരേ ജ്വലിക്കും; അതു കെട്ടുപോകയുമില്ല. 18എന്നാൽ യഹോവയോടു ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടത് എന്തെന്നാൽ: നീ കേട്ടിരിക്കുന്ന വാക്യങ്ങളെക്കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 19അവർ സ്തംഭനത്തിനും ശാപത്തിനും വിഷയമായിത്തീരുമെന്നു ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും വിരോധമായി അരുളിച്ചെയ്തതു നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞു, നീ യഹോവയുടെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്ന് യഹോവയുടെ അരുളപ്പാട്. 20അതുകൊണ്ട് ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിനു വരുത്തുവാൻപോകുന്ന അനർഥമൊന്നും നിന്റെ കണ്ണു കാണുകയില്ല. അവർ രാജാവിനോട് ഈ മറുപടി ബോധിപ്പിച്ചു.
Currently Selected:
2 രാജാക്കന്മാർ 22: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.