YouVersion Logo
Search Icon

2 രാജാക്കന്മാർ 19

19
1ഹിസ്കീയാരാജാവ് അതു കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്തുകൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു. 2പിന്നെ അവൻ രാജധാനിവിചാരകനായ എല്യാക്കീമിനെയും രായസക്കാരനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു. 3അവർ അവനോടു പറഞ്ഞത്: ഹിസ്കീയാവ് ഇപ്രകാരം പറയുന്നു: ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസം അത്രേ; കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല. 4ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ റബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂർരാജാവ് അയച്ചു പറയിക്കുന്ന വാക്കൊക്കെയും നിന്റെ ദൈവമായ യഹോവ പക്ഷേ കേൾക്കും; നിന്റെ ദൈവമായ യഹോവ കേട്ടവാക്കിനു പ്രതികാരം ചെയ്യും; ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവർക്കുവേണ്ടി പക്ഷവാദം കഴിക്കേണമേ. 5ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ യെശയ്യാവ് അവരോടു പറഞ്ഞത്: 6നിങ്ങൾ നിങ്ങളുടെ യജമാനനോടു പറയേണ്ടതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂർരാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കുകൾ നിമിത്തം ഭയപ്പെടേണ്ടാ. 7ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്റെ സ്വന്തദേശത്തുവച്ചു വാൾകൊണ്ടു വീഴുമാറാക്കും. 8റബ്-ശാക്കേ മടങ്ങിച്ചെന്ന് അശ്ശൂർരാജാവ് ലിബ്നയുടെ നേരേ യുദ്ധംചെയ്യുന്നതു കണ്ടു; അവൻ ലാഖീശ് വിട്ടുപോയി എന്ന് അവൻ കേട്ടിരുന്നു. 9കൂശ്‍രാജാവായ തിർഹാക്ക തന്റെ നേരേ യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ട് അവൻ പിന്നെയും ഹിസ്കീയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചതെന്തെന്നാൽ: 10നിങ്ങൾ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടത്: യെരൂശലേം അശ്ശൂർരാജാവിന്റെ കൈയിൽ ഏല്പിച്ചുകളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുത്. 11അശ്ശൂർരാജാക്കന്മാർ സകല ദേശങ്ങളോടും ചെയ്തതും അവയ്ക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ ഒഴിഞ്ഞുപോകുമോ? 12ഗോസാൻ, ഹാരാൻ, രേസെഫ്, തെലസ്സാരിലെ എദേന്യർ എന്നിങ്ങനെ എന്റെ പിതാക്കന്മാർ നശിപ്പിച്ചിരിക്കുന്ന ജാതികളുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ? 13ഹമാത്ത്‍രാജാവും അർപ്പാദ്‍രാജാവും സെഫർവ്വയീംപട്ടണം, ഹേന, ഇവ്വ എന്നിവയ്ക്കു രാജാവായിരുന്നവനും എവിടെ? 14ഹിസ്കീയാവ് ദൂതന്മാരുടെ കൈയിൽനിന്ന് എഴുത്തു വാങ്ങി വായിച്ചു: ഹിസ്കീയാവ് യഹോവയുടെ ആലയത്തിൽ ചെന്ന് യഹോവയുടെ സന്നിധിയിൽ അതു വിടർത്തി. 15ഹിസ്കീയാവ് യഹോവയുടെ മുമ്പാകെ പ്രാർഥിച്ചു പറഞ്ഞത് എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. 16യഹോവേ, ചെവിചായിച്ചു കേൾക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്ന് നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ അയച്ചിരിക്കുന്ന സൻഹേരീബിന്റെ വാക്കു കേൾക്കേണമേ. 17യഹോവേ, അശ്ശൂർരാജാക്കന്മാർ ആ ജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കിയതു സത്യംതന്നെ. 18അവരുടെ ദേവന്മാരെ അവർ തീയിലിട്ടു ചുട്ടുകളഞ്ഞു; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാൽ അവർ അവയെ നശിപ്പിച്ചുകളഞ്ഞു. 19ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകല രാജ്യങ്ങളും അറിയേണ്ടതിനു ഞങ്ങളെ അവന്റെ കൈയിൽനിന്നു രക്ഷിക്കേണമേ. 20ആമോസിന്റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ അശ്ശൂർരാജാവായ സൻഹേരീബിൻ നിമിത്തം എന്നോടു പ്രാർഥിച്ചതു ഞാൻ കേട്ടു. 21അവനെക്കുറിച്ച് യഹോവ അരുളിച്ചെയ്ത വചനമാവിത്: സീയോൻപുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തലകുലുക്കുന്നു. 22നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചത്? ആർക്കു വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയർത്തുകയും ചെയ്തത്? യിസ്രായേലിന്റെ പരിശുദ്ധനു വിരോധമായിട്ടു തന്നെയല്ലോ. 23നിന്റെ ദൂതന്മാർ മുഖാന്തരം നീ കർത്താവിനെ നിന്ദിച്ചു: എന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാൻ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; അതിന്റെ അറ്റത്തെ പാർപ്പിടംവരെയും ചെഴിപ്പുള്ള കാടുവരെയും ഞാൻ കടന്നുചെല്ലും. 24ഞാൻ അന്യജലം കുഴിച്ചെടുത്തു കുടിക്കും. എന്റെ കാലടികളാൽ മിസ്രയീമിലെ സകല നദികളെയും വറ്റിക്കും എന്നു പറഞ്ഞു. 25ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി, പൂർവകാലത്തുതന്നെ അതിനെ നിർമ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ ശൂന്യക്കൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു. 26അതുകൊണ്ട് അവയിലെ നിവാസികൾ ദുർബലന്മാരായി വിരണ്ട് അമ്പരന്നുപോയി; അവർ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുംമുമ്പേ കരിഞ്ഞുപോയ ധാന്യവും പോലെ ആയിത്തീർന്നു. 27എന്നാൽ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരേയുള്ള നിന്റെ കോപഭ്രാന്തും ഞാൻ അറിയുന്നു. 28എന്റെ നേരേയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും, നിന്റെ അഹങ്കാരം എന്റെ ചെവിയിൽ എത്തിയിരിക്കുന്നതുകൊണ്ടും ഞാൻ എന്റെ കൊളുത്തു നിന്റെ മൂക്കിലും എന്റെ കടിഞ്ഞാൺ നിന്റെ അധരങ്ങളിലും ഇട്ടു, നീ വന്ന വഴിക്കു നിന്നെ മടക്കിക്കൊണ്ടുപോകും. 29എന്നാൽ ഇതു നിനക്ക് അടയാളം ആകും; നിങ്ങൾ ഈ ആണ്ടിൽ പടുവിത്തു വിളയുന്നതും രണ്ടാം ആണ്ടിൽ താനേ കിളുർത്തു വിളയുന്നതും തിന്നും; മൂന്നാം ആണ്ടിൽ നിങ്ങൾ വിതച്ചു കൊയ്യുകയും മുന്തിരിത്തോട്ടം ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും. 30യെഹൂദാഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന ഒരു രക്ഷിതഗണം വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായ്ക്കും. 31ഒരു ശേഷിപ്പു യെരൂശലേമിൽനിന്നും ഒരു രക്ഷിതഗണം സീയോൻപർവതത്തിൽനിന്നും പുറപ്പെട്ടുവരും; യഹോവയുടെ തീക്ഷ്ണത അതിനെ അനുഷ്ഠിക്കും. 32അതുകൊണ്ട് യഹോവ അശ്ശൂർരാജാവിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പ് അവിടെ എയ്കയില്ല. അതിന്റെ നേരേ പരിചയോടുകൂടെ വരികയില്ല; അതിന് എതിരേ വാടകോരുകയുമില്ല. 33അവൻ വന്ന വഴിക്കുതന്നെ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയില്ല. 34എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്ന് യഹോവയുടെ അരുളപ്പാട്. 35അന്നുരാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ട് അശ്ശൂർപാളയത്തിൽ ഒരു ലക്ഷത്തെൺപത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു. 36അങ്ങനെ അശ്ശൂർരാജാവായ സൻഹേരീബ് യാത്ര പുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയിൽ പാർത്തു. 37അവൻ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്ത് അവന്റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അവനെ വാൾകൊണ്ടു കൊന്നിട്ട് അരാരത്ത്ദേശത്തേക്ക് ഓടിപ്പൊയ്ക്കളഞ്ഞു. അവന്റെ മകനായ ഏസെർ-ഹദ്ദോൻ അവനു പകരം രാജാവായിത്തീർന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in