YouVersion Logo
Search Icon

2 രാജാക്കന്മാർ 15

15
1യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടിൽ യെഹൂദാരാജാവായ അമസ്യാവിന്റെ മകൻ അസര്യാവ് രാജാവായി. 2അവൻ വാഴ്ച തുടങ്ങിയപ്പോൾ അവനു പതിനാറു വയസ്സായിരുന്നു; അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു; യെരൂശലേംകാരത്തിയായ അവന്റെ അമ്മയ്ക്കു യെഖൊല്യാ എന്നു പേർ. 3അവൻ തന്റെ അപ്പനായ അമസ്യാവ് ചെയ്തതുപോലെയൊക്കെയും യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു. 4എങ്കിലും പൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു. 5എന്നാൽ യഹോവ ഈ രാജാവിനെ ബാധിച്ചു. അവൻ ജീവപര്യന്തം കുഷ്ഠരോഗിയായി ഒരു പ്രത്യേകശാലയിൽ പാർത്തിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്കു വിചാരകനായി ദേശത്തെ ജനത്തിനു ന്യായപാലനം ചെയ്തു. 6അസര്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 7അസര്യാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ അവനെ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കംചെയ്തു; അവന്റെ മകനായ യോഥാം അവനു പകരം രാജാവായി.
8യെഹൂദാരാജാവായ അസര്യാവിന്റെ മുപ്പത്തിഎട്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകനായ സെഖര്യാവ് യിസ്രായേലിനു രാജാവായി ശമര്യയിൽ ആറു മാസം വാണു. 9അവൻ തന്റെ പിതാക്കന്മാരെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയില്ല. 10യാബേശിന്റെ മകനായ ശല്ലൂം അവന്റെ നേരേ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പിൽവച്ച് അവനെ വെട്ടിക്കൊന്ന് അവനു പകരം രാജാവായി. 11സെഖര്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 12യഹോവ യേഹൂവോട്: നിന്റെ പുത്രന്മാർ നാലാം തലമുറവരെ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നെ സംഭവിച്ചു.
13യെഹൂദാരാജാവായ ഉസ്സീയാവിന്റെ മുപ്പത്തിയൊമ്പതാം ആണ്ടിൽ യാബേശിന്റെ മകനായ ശല്ലൂം രാജാവായി ശമര്യയിൽ ഒരു മാസം വാണു. 14എന്നാൽ ഗാദിയുടെ മകനായ മെനഹേം തിർസ്സായിൽനിന്നു പുറപ്പെട്ട് ശമര്യയിൽ വന്നു, യാബേശിന്റെ മകനായ ശല്ലൂമിനെ ശമര്യയിൽവച്ചു വെട്ടിക്കൊന്ന് അവനു പകരം രാജാവായി. 15ശല്ലൂമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
16മെനഹേം തിപ്സഹും അതിലുള്ള സകലവും തിർസ്സാതൊട്ട് അതിനു ചേർന്ന പ്രദേശങ്ങളും ശൂന്യമാക്കി; അവർ പട്ടണവാതിൽ തുറന്നു കൊടുക്കായ്കയാൽ അവൻ അതിനെ ശൂന്യമാക്കുകയും അതിലെ ഗർഭിണികളെയൊക്കെയും പിളർന്നുകളകയും ചെയ്തു. 17യെഹൂദാരാജാവായ അസര്യാവിന്റെ മുപ്പത്തിയൊമ്പതാം ആണ്ടിൽ ഗാദിയുടെ മകൻ മെനഹേം യിസ്രായേലിനു രാജാവായി ശമര്യയിൽ പത്തു സംവത്സരം വാണു. 18അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ ജീവപര്യന്തം വിട്ടുമാറിയതുമില്ല. 19അശ്ശൂർരാജാവായ പൂൽ ദേശത്തെ ആക്രമിച്ചു; പൂൽ തന്നെ സഹായിക്കേണ്ടതിനും രാജത്വം തനിക്ക് ഉറയ്ക്കേണ്ടതിനുമായി മെനഹേം അവന് ആയിരം താലന്തു വെള്ളി കൊടുത്തു. 20അശ്ശൂർരാജാവിനു കൊടുപ്പാൻ മെനഹേം ഈ ദ്രവ്യം യിസ്രായേലിലെ ധനവാന്മാരോടൊക്കെയും അമ്പതു ശേക്കെൽ വെള്ളിവീതം പിരിപ്പിച്ചു; അങ്ങനെ അശ്ശൂർരാജാവ് ദേശത്തു താമസിക്കാതെ മടങ്ങിപ്പോയി. 21മെനഹേമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 22മെനഹേം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ പെക്കഹ്യാവ് അവനു പകരം രാജാവായി.
23യെഹൂദാരാജാവായ അസര്യാവിന്റെ അമ്പതാം ആണ്ടിൽ മെനഹേമിന്റെ മകനായ പെക്കഹ്യാവ് യിസ്രായേലിനു രാജാവായി ശമര്യയിൽ രണ്ടു സംവത്സരം വാണു. 24അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല. 25എന്നാൽ അവന്റെ അകമ്പടിനായകനായി രെമല്യാവിന്റെ മകനായ പേക്കഹ് അവന്റെ നേരേ കൂട്ടുകെട്ടുണ്ടാക്കി, ഗിലെയാദ്യരിൽ അമ്പതു പേരെ തുണകൂട്ടി ശമര്യാരാജധാനിയുടെ കോട്ടയിൽവച്ച് അവനെ അർഗ്ഗോബിനോടും അര്യേയോടുംകൂടെ വെട്ടിക്കൊന്ന് അവനു പകരം രാജാവായി. 26പെക്കഹ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
27യെഹൂദാരാജാവായ അസര്യാവിന്റെ അമ്പത്തിരണ്ടാം ആണ്ടിൽ രെമല്യാവിന്റെ മകനായ പേക്കഹ് യിസ്രായേലിനു രാജാവായി ശമര്യയിൽ ഇരുപതു സംവത്സരം വാണു. 28അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല. 29യിസ്രായേൽരാജാവായ പേക്കഹിന്റെ കാലത്ത് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ വന്ന് ഈയോനും ആബേൽ-ബേത്ത്-മയഖായും യാനോവഹും കേദെശും ഹാസോരും ഗിലെയാദും ഗലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി. 30എന്നാൽ ഏലാവിന്റെ മകനായ ഹോശേയ രെമല്യാവിന്റെ മകനായ പേക്കഹിന്റെ നേരേ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടിൽ വെട്ടിക്കൊന്ന് അവനു പകരം രാജാവായി. 31പേക്കഹിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 32യിസ്രായേൽരാജാവായ രെമല്യാവിന്റെ മകനായ പേക്കഹിന്റെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ ഉസ്സീയാവിന്റെ മകൻ യോഥാം രാജാവായി. 33അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറു സംവത്സരം വാണു; അവന്റെ അമ്മയ്ക്ക് യെരൂശാ എന്നു പേർ; അവൾ സാദോക്കിന്റെ മകൾ ആയിരുന്നു. 34അവൻ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ അപ്പനായ ഉസ്സീയാവ് ചെയ്തതുപോലെയൊക്കെയും ചെയ്തു. 35എങ്കിലും പൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു; അവൻ യഹോവയുടെ ആലയത്തിന്റെ മേലത്തെ വാതിൽ പണിതു. 36യോഥാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 37ആ കാലത്ത് യഹോവ അരാംരാജാവായ രെസീനെയും രെമല്യാവിന്റെ മകനായ പേക്കഹിനെയും യെഹൂദായ്ക്കു നേരേ അയച്ചുതുടങ്ങി. 38യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവനു പകരം രാജാവായി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for 2 രാജാക്കന്മാർ 15