2 രാജാക്കന്മാർ 13
13
1യെഹൂദാരാജാവായ അഹസ്യാവിന്റെ മകനായ യോവാശിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ യേഹൂവിന്റെ മകനായ യെഹോവാഹാസ് യിസ്രായേലിനു രാജാവായി ശമര്യയിൽ പതിനേഴു സംവത്സരം വാണു. 2അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറാതെ അവയിൽതന്നെ നടന്നു. 3ആകയാൽ യഹോവയുടെ കോപം യിസ്രായേലിന്റെ നേരേ ജ്വലിച്ചു; അവൻ അവരെ അരാംരാജാവായ ഹസായേലിന്റെ കൈയിലും ഹസായേലിന്റെ മകനായ ബെൻ-ഹദദിന്റെ കൈയിലും നിരന്തരം വിട്ടുകൊടുത്തു. 4എന്നാൽ യെഹോവാഹാസ് യഹോവയോട് കൃപയ്ക്കായി അപേക്ഷിച്ചു; അരാംരാജാവ് യിസ്രായേലിനെ ഞെരുക്കിയ ഞെരുക്കം യഹോവ കണ്ടിട്ട് അവന്റെ അപേക്ഷ കേട്ടു. 5യഹോവ യിസ്രായേലിന് ഒരു രക്ഷകനെ കൊടുത്തതുകൊണ്ട് അവർ അരാമ്യരുടെ അധികാരത്തിൽനിന്ന് ഒഴിഞ്ഞുപോയി; യിസ്രായേൽമക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാൻ സംഗതിവന്നു. 6എങ്കിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാംഗൃഹത്തിന്റെ പാപങ്ങളെ അവർ വിട്ടുമാറാതെ അവയിൽത്തന്നെ നടന്നു; അശേരാപ്രതിഷ്ഠയ്ക്ക് ശമര്യയിൽ നീക്കം വന്നില്ല. 7അവൻ യെഹോവാഹാസിന് അമ്പത് കുതിരച്ചേവകരെയും, പത്ത് രഥങ്ങളെയും, പതിനായിരം കാലാളുകളെയും അല്ലാതെ മറ്റു യാതൊരു പടജ്ജനത്തെയും ശേഷിപ്പിച്ചില്ല; അരാംരാജാവ് അവരെ നശിപ്പിച്ചു മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു. 8യെഹോവാഹാസിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പരാക്രമപ്രവൃത്തിയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 9യെഹോവാഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്യയിൽ അടക്കം ചെയ്തു; അവന്റെ മകനായ യോവാശ് അവനു പകരം രാജാവായി.
10യെഹൂദാരാജാവായ യോവാശിന്റെ മുപ്പത്തേഴാം ആണ്ടിൽ യെഹോവാഹാസിന്റെ മകനായ യോവാശ് യിസ്രായേലിനു രാജാവായി ശമര്യയിൽ പതിനൊന്നു സംവത്സരം വാണു. 11അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ സകല പാപങ്ങളെയും അവൻ വിട്ടുമാറാതെ അവയിൽതന്നെ നടന്നു. 12യോവാശിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാവായ അമസ്യാവോടു യുദ്ധത്തിൽ കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 13യോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; യൊരോബെയാം സിംഹാസനം കയറി; യോവാശിനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരോടുകൂടെ അടക്കം ചെയ്തു.
14ആ കാലത്ത് എലീശാ മരണഹേതുകമായ രോഗം പിടിച്ചു കിടന്നു; അപ്പോൾ യിസ്രായേൽരാജാവായ യോവാശ് അവന്റെ അടുക്കൽ ചെന്ന് അവന്റെ മുഖത്തിന്മീതെ കുനിഞ്ഞു കരഞ്ഞു; എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളോവേ എന്നു പറഞ്ഞു. 15എലീശാ അവനോട്: അമ്പും വില്ലും എടുക്ക എന്നു പറഞ്ഞു; അവൻ അമ്പും വില്ലും എടുത്തു. 16അപ്പോൾ അവൻ യിസ്രായേൽരാജാവിനോട് നിന്റെ കൈ വില്ലിന്മേൽ വയ്ക്ക എന്നു പറഞ്ഞു. അവൻ കൈ വച്ചപ്പോൾ എലീശാ തന്റെ കൈ രാജാവിന്റെ കൈമേൽ വച്ചു. 17കിഴക്കേ കിളിവാതിൽ തുറക്ക എന്ന് അവൻ പറഞ്ഞു. അവൻ അതു തുറന്നപ്പോൾ: എയ്ക എന്ന് എലീശാ പറഞ്ഞു. എയ്താറെ അവൻ: അത് യഹോവയുടെ ജയാസ്ത്രം, അരാമ്യർക്കു നേരേയുള്ള ജയാസ്ത്രം തന്നെ; നീ അഫേക്കിൽവച്ച് അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കും എന്നു പറഞ്ഞു. 18അമ്പ് എടുക്ക എന്ന് അവൻ പറഞ്ഞു. അവൻ എടുത്തു; നിലത്തടിക്ക എന്ന് അവൻ യിസ്രായേൽരാജാവിനോടു പറഞ്ഞു. അവൻ മൂന്നു പ്രാവശ്യം അടിച്ചു നിർത്തി. 19അപ്പോൾ ദൈവപുരുഷൻ അവനോടു കോപിച്ചു; നീ അഞ്ചാറു പ്രാവശ്യം അടിക്കേണ്ടിയിരുന്നു; എന്നാൽ നീ അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നു പ്രാവശ്യം മാത്രം തോല്പിക്കും എന്നു പറഞ്ഞു.
20എന്നാൽ എലീശാ മരിച്ചു; അവർ അവനെ അടക്കം ചെയ്തു; പിറ്റേ ആണ്ടിൽ മോവാബ്യരുടെ പടക്കൂട്ടങ്ങൾ ദേശത്തെ ആക്രമിച്ചു. 21ചിലർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ ഒരു പടക്കൂട്ടത്തെ കണ്ടിട്ട് ആയാളെ എലീശാവിന്റെ കല്ലറയിൽ ഇട്ടു; അവൻ അതിൽ വീണ് എലീശായുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവിച്ചു കാലൂന്നി എഴുന്നേറ്റു.
22എന്നാൽ യെഹോവാഹാസിന്റെ കാലത്തൊക്കെയും അരാമ്യരാജാവായ ഹസായേൽ യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു. 23യഹോവയ്ക്ക് അവരോടു കരുണയും മനസ്സലിവും തോന്നി, അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നവരോടുള്ള തന്റെ നിയമം നിമിത്തം അവൻ അവരെ കടാക്ഷിച്ചു; അവരെ നശിപ്പിപ്പാൻ അവനു മനസ്സായില്ല; ഇതുവരെ തന്റെ സമ്മുഖത്തു നിന്ന് അവരെ തള്ളിക്കളഞ്ഞതുമില്ല. 24അരാംരാജാവായ ഹസായേൽ മരിച്ചപ്പോൾ അവന്റെ മകനായ ബെൻ-ഹദദ് അവനു പകരം രാജാവായി. 25യെഹോവാഹാസിന്റെ മകനായ യെഹോവാശ് തന്റെ അപ്പനായ യെഹോവാഹാസിനോടു ഹസായേൽ യുദ്ധത്തിൽ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്റെ മകനായ ബെൻ-ഹദദിനോടു തിരികെ പിടിച്ചു. മൂന്നു പ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്റെ പട്ടണങ്ങളെ വീണ്ടുകൊള്ളുകയും ചെയ്തു.
Currently Selected:
2 രാജാക്കന്മാർ 13: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.