YouVersion Logo
Search Icon

2 രാജാക്കന്മാർ 11

11
1അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്നു കണ്ടപ്പോൾ എഴുന്നേറ്റു രാജസന്തതിയെയൊക്കെയും നശിപ്പിച്ചു. 2എന്നാൽ യോരാംരാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബ കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്‍ടിച്ചെടുത്ത് അവനെയും അവന്റെ ധാത്രിയെയും അഥല്യാ കാണാതെ ഒരു ശയനഗൃഹത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചു; അതുകൊണ്ട് അവനെ കൊല്ലുവാൻ ഇടയായില്ല. 3അവനെ അവളോടുകൂടെ ആറു സംവത്സരം യഹോവയുടെ ആലയത്തിൽ ഒളിപ്പിച്ചിരുന്നു. എന്നാൽ അഥല്യാ ദേശം വാണു. 4ഏഴാം ആണ്ടിൽ യെഹോയാദാ ആളയച്ച് കാര്യരുടെയും അകമ്പടികളുടെയും ശതാധിപന്മാരെ വിളിപ്പിച്ച് തന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ വരുത്തി അവരോട് സഖ്യത ചെയ്ത്; അവൻ അവരെക്കൊണ്ടു യഹോവയുടെ ആലയത്തിൽവച്ചു സത്യം ചെയ്യിച്ചിട്ട് അവർക്കു രാജകുമാരനെ കാണിച്ച് 5അവരോടു കല്പിച്ചത് എന്തെന്നാൽ: നിങ്ങൾ ചെയ്യേണ്ടുന്ന കാര്യമാവിത്: ശബ്ബത്തിൽ തവണ മാറി വരുന്ന നിങ്ങളിൽ മൂന്നിൽ ഒരു ഭാഗം രാജധാനിക്കും 6മൂന്നിൽ ഒരു ഭാഗം സൂർ പടിവാതിൽക്കലും മൂന്നിൽ ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്റെ പിൻപുറത്തുള്ള പടിവാതിൽക്കലും കാവൽനില്ക്കേണം; ഇങ്ങനെ നിങ്ങൾ അരമനയ്ക്കു കിടങ്ങുപോലെ കാവലായിരിക്കേണം. 7ശബ്ബത്തിൽ തവണ മാറി പോകുന്ന നിങ്ങളിൽ രണ്ടു കൂട്ടങ്ങൾ രാജാവിന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ കാവലായിരിക്കേണം. 8നിങ്ങൾ എല്ലാവരും താന്താന്റെ ആയുധം ധരിച്ചു രാജാവിന്റെ ചുറ്റും നില്ക്കേണം; അണിക്കകത്തു കടക്കുന്നവനെ കൊന്നുകളയേണം; രാജാവു പോകയും വരികയും ചെയ്യുമ്പോഴൊക്കെയും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം. 9യെഹോയാദാപുരോഹിതൻ കല്പിച്ചതുപോലെയൊക്കെയും ശതാധിപന്മാർ ചെയ്തു; അവർ ശബ്ബത്തിൽ തവണമാറി വരുന്നവരിലും ശബ്ബത്തിൽ തവണമാറി പോകുന്നവരിലും താന്താന്റെ ആളുകളെ യെഹോയാദാപുരോഹിതന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു. 10പുരോഹിതൻ ദാവീദ്‍രാജാവിന്റെ വകയായി യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാർക്കു കൊടുത്തു. 11അകമ്പടികളൊക്കെയും കൈയിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശം മുതൽ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരേ രാജാവിന്റെ ചുറ്റുംനിന്നു. 12അവൻ രാജകുമാരനെ പുറത്തുകൊണ്ടുവന്ന് കിരീടം ധരിപ്പിച്ചു സാക്ഷ്യപുസ്തകവും അവനു കൊടുത്തു; ഇങ്ങനെ അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ട് കൈകൊട്ടി: രാജാവേ, ജയജയ എന്ന് ആർത്തു. 13അഥല്യാ അകമ്പടികളുടെയും ജനത്തിന്റെയും ആരവം കേട്ട് യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു. 14ആചാരപ്രകാരം തൂണിന്റെ അരികെ രാജാവും രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ചു കാഹളം ഊതുന്നതും കണ്ടിട്ട് അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം എന്നു പറഞ്ഞു. 15അപ്പോൾ യെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാർക്കു കല്പന കൊടുത്തു; അവളെ അണികളിൽക്കൂടി പുറത്തു കൊണ്ടുപോകുവിൻ; അവളെ അനുഗമിക്കുന്നവനെ വാൾകൊണ്ടു കൊല്ലുവിൻ എന്ന് അവരോടു പറഞ്ഞു. യഹോവയുടെ ആലയത്തിൽവച്ച് അവളെ കൊല്ലരുത് എന്നു പുരോഹിതൻ കല്പിച്ചിരുന്നു. 16അവർ അവൾക്കു വഴി ഉണ്ടാക്കിക്കൊടുത്തു; അവൾ കുതിരവാതിൽ വഴിയായി രാജധാനിയിൽ എത്തിയപ്പോൾ അവളെ അവിടെവച്ചു കൊന്നുകളഞ്ഞു. 17അനന്തരം അവർ യഹോവയുടെ ജനമായിരിക്കുമെന്നു യെഹോയാദാ യഹോവയ്ക്കും രാജാവിനും ജനത്തിനും മധ്യേയും രാജാവിനും ജനത്തിനും മധ്യേയും നിയമം ചെയ്തു. 18പിന്നെ ദേശത്തെ ജനമൊക്കെയും ബാൽക്ഷേത്രത്തിൽ ചെന്ന് അത് ഇടിച്ച് അവന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും അശേഷം ഉടച്ചുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവച്ചു കൊന്നുകളഞ്ഞു. പുരോഹിതൻ യഹോവയുടെ ആലയത്തിൽ കാര്യവിചാരകന്മാരെയും നിയമിച്ചു. 19അവൻ ശതാധിപന്മാരെയും കാര്യരെയും അകമ്പടികളെയും ദേശത്തെ സകല ജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് ഇറക്കി അകമ്പടികളുടെ പടിവാതിൽ വഴിയായി രാജധാനിയിലേക്കു കൂട്ടിക്കൊണ്ടുപോയി; അവൻ രാജാസനം പ്രാപിച്ചു. 20ദേശത്തിലെ സകല ജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യായെ അവർ രാജധാനിക്കരികെവച്ചു വാൾകൊണ്ടു കൊന്നുകളഞ്ഞു.
21യെഹോവാശ് രാജാവായപ്പോൾ അവന് ഏഴു വയസ്സായിരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for 2 രാജാക്കന്മാർ 11