2 കൊരിന്ത്യർ 9:6-15
2 കൊരിന്ത്യർ 9:6-15 MALOVBSI
എന്നാൽ ലോഭമായി വിതയ്ക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതയ്ക്കുന്നവൻ ധാരാളമായി കൊയ്യും എന്ന് ഓർത്തുകൊൾവിൻ. അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിർബ്ബന്ധത്താലുമരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. നിങ്ങൾ സകലത്തിലും എപ്പോഴും പൂർണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറ് നിങ്ങളിൽ സകല കൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു. “അവൻ വാരിവിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ വിതയ്ക്കുന്നവനു വിത്തും ഭക്ഷിപ്പാൻ ആഹാരവും നല്കുന്നവൻ നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വർധിപ്പിക്കയും ചെയ്യും. ഇങ്ങനെ ദൈവത്തിനു ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാര്യമൊക്കെയും കാണിക്കേണ്ടതിനു നിങ്ങൾ സകലത്തിലും സമ്പന്നന്മാർ ആകും. ഈ നടത്തുന്ന ധർമശേഖരം വിശുദ്ധന്മാരുടെ ബുദ്ധിമുട്ടു തീർക്കുന്നതുമല്ലാതെ ദൈവത്തിന് അനവധി സ്തോത്രം വരുവാൻ കാരണവും ആകുന്നു. ഈ സഹായത്താൽ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണം നിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യം നിമിത്തവും അവർ ദൈവത്തെ മഹത്ത്വപ്പെടുത്തും. നിങ്ങൾക്കു ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവർ നിങ്ങളെ കാൺമാൻ വാഞ്ഛിച്ചു നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും. പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം.