2 കൊരിന്ത്യർ 1
1
1ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസും സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭയ്ക്കും അഖായയിൽ എല്ലാടത്തുമുള്ള സകല വിശുദ്ധന്മാർക്കും കൂടെ എഴുതുന്നത്: 2നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
3മനസ്സലിവുള്ള പിതാവും സർവാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ. 4ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിനു ഞങ്ങൾക്കുള്ള കഷ്ടത്തിലൊക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു. 5ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെതന്നെ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു. 6ഞങ്ങൾ കഷ്ടം അനുഭവിക്കുന്നു എങ്കിൽ അത് നിങ്ങളുടെ ആശ്വാസത്തിനും രക്ഷയ്ക്കും ആകുന്നു; ഞങ്ങൾക്ക് ആശ്വാസം വരുന്നു എങ്കിൽ അത് ഞങ്ങൾ സഹിക്കുന്ന കഷ്ടങ്ങൾ തന്നെ നിങ്ങളും സഹിക്കുന്നതിൽ നിങ്ങളുടെ ആശ്വാസത്തിനായി ഫലിക്കുന്നു. 7നിങ്ങൾ കഷ്ടങ്ങൾക്കു കൂട്ടാളികൾ ആകുന്നതുപോലെ ആശ്വാസത്തിനും കൂട്ടാളികൾ എന്നറികയാൽ നിങ്ങൾക്കുവേണ്ടി ഞങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതുതന്നെ. 8സഹോദരന്മാരേ, ആസ്യയിൽ ഞങ്ങൾക്ക് ഉണ്ടായ കഷ്ടം നിങ്ങൾ അറിയാതിരിപ്പാൻ ഞങ്ങൾക്കു മനസ്സില്ല; ജീവനോടിരിക്കുമോ എന്ന് നിരാശ തോന്നുമാറ് ഞങ്ങൾ ശക്തിക്കുമീതെ അത്യന്തം ഭാരപ്പെട്ടു. 9അതേ, ഞങ്ങളിൽ അല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽതന്നെ ആശ്രയിപ്പാൻ തക്കവണ്ണം ഞങ്ങൾ മരിക്കും എന്ന് ഉള്ളിൽ നിർണയിക്കേണ്ടിവന്നു. 10ഇത്ര ഭയങ്കര മരണത്തിൽനിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്ന് ഞങ്ങൾ അവനിൽ ആശവച്ചുമിരിക്കുന്നു. 11അതിനു നിങ്ങളും ഞങ്ങൾക്കുവേണ്ടിയുള്ള പ്രാർഥനയാൽ തുണയ്ക്കുന്നുണ്ടല്ലോ; അങ്ങനെ പലർ മുഖാന്തരം ഞങ്ങൾക്കു കിട്ടിയ കൃപയ്ക്കുവേണ്ടി പലരാലും ഞങ്ങൾ നിമിത്തം സ്തോത്രം ഉണ്ടാകുവാൻ ഇടവരും.
12ഞങ്ങൾ ലോകത്തിൽ, വിശേഷാൽ നിങ്ങളോട്, ജഡജ്ഞാനത്തിൽ അല്ല, ദൈവകൃപയിലത്രേ, ദൈവം നല്കുന്ന വിശുദ്ധിയിലും നിർമ്മലതയിലും പെരുമാറിയിരിക്കുന്നു എന്ന് ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യംതന്നെ ഞങ്ങളുടെ പ്രശംസ. 13നിങ്ങൾ വായിക്കുന്നതും ഗ്രഹിക്കുന്നതും അല്ലാതെ മറ്റൊന്നും ഞങ്ങൾ നിങ്ങൾക്ക് എഴുതുന്നില്ല; 14നമ്മുടെ കർത്താവായ യേശുവിന്റെ നാളിൽ നിങ്ങൾ ഞങ്ങൾക്ക് എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്ന് നിങ്ങൾ ഞങ്ങളെ ഏറെക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്ന് ഞാൻ ആശിക്കുന്നു.
15ഇങ്ങനെ ഉറച്ചിട്ടു നിങ്ങൾക്കു രണ്ടാമത് ഒരു അനുഗ്രഹം ഉണ്ടാകേണം എന്നുവച്ചു 16മുമ്പേ നിങ്ങളുടെ അടുക്കൽ വരുവാനും ആ വഴിയായി മക്കെദോന്യക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്നു നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്കു യാത്ര അയയ്ക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു. 17ഇങ്ങനെ വിചാരിച്ചതിൽ ഞാൻ ചാപല്യം കാണിച്ചുവോ? അല്ലെങ്കിൽ എന്റെ വാക്ക് ഉവ്വ്, ഉവ്വ്; ഇല്ല, ഇല്ല എന്ന് ആകുവാൻ തക്കവണ്ണം എന്റെ നിരൂപണം ജഡികനിരൂപണമോ? 18നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല എന്നതിനു വിശ്വസ്തനായ ദൈവം സാക്ഷി. 19ഞാനും സില്വാനൊസും തിമൊഥെയൊസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല; അവനിൽ ഉവ്വ് എന്നത്രേയുള്ളൂ. 20ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വ് എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിനു മഹത്ത്വം ഉണ്ടാകുമാറ് അവനിൽ ആമേൻ എന്നുംതന്നെ. 21ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. 22അവൻ നമ്മെ മുദ്രയിട്ടും ആത്മാവ് എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.
23എന്നാണ, നിങ്ങളെ ആദരിച്ചിട്ടത്രേ ഞാൻ ഇതുവരെ കൊരിന്തിൽ വരാഞ്ഞത്; അതിനു ദൈവം സാക്ഷി. 24നിങ്ങളുടെ വിശ്വാസത്തിന്മേൽ ഞങ്ങൾ കർത്തൃത്വം ഉള്ളവർ എന്നല്ല, നിങ്ങളുടെ സന്തോഷത്തിനു ഞങ്ങൾ സഹായികൾ അത്രേ; വിശ്വാസസംബന്ധമായി നിങ്ങൾ ഉറച്ചു നില്ക്കുന്നുവല്ലോ.
Currently Selected:
2 കൊരിന്ത്യർ 1: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.