2 ദിനവൃത്താന്തം 30
30
1അനന്തരം യെഹിസ്കീയാവ് യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിക്കേണ്ടതിന് യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു വരുവാൻ എല്ലാ യിസ്രായേലിന്റെയും യെഹൂദായുടെയും അടുക്കൽ ആളയച്ചു; എഫ്രയീമിനും മനശ്ശെക്കും എഴുത്തും എഴുതി. 2രണ്ടാം മാസത്തിൽ പെസഹ ആചരിക്കേണമെന്നു രാജാവും അവന്റെ പ്രഭുക്കന്മാരും യെരൂശലേമിലെ സർവസഭയും നിർണയിച്ചിരുന്നു. 3പുരോഹിതന്മാർ വേണ്ടുന്നത്രയും പേർ തങ്ങളെത്തന്നെ വിശുദ്ധീകരിക്കാതെയും ജനം യെരൂശലേമിൽ ഒരുമിച്ചുകൂടാതെയും ഇരുന്നതുകൊണ്ട് സമയത്ത് അത് ആചരിപ്പാൻ അവർക്കു കഴിഞ്ഞിരുന്നില്ല. 4ആ കാര്യം രാജാവിനും സർവസഭയ്ക്കും സമ്മതമായി. 5ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിപ്പാൻ വരേണ്ടതിനു ബേർ-ശേബമുതൽ ദാൻവരെ എല്ലാ യിസ്രായേലിന്റെ ഇടയിലും പരസ്യമാക്കേണമെന്ന് ഒരു തീർപ്പുണ്ടാക്കി. അവർ ബഹുകാലമായിട്ട് അതു വിധിപോലെ ആചരിച്ചിരുന്നില്ല. 6അങ്ങനെ ഓട്ടാളർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും എഴുത്തുകൾ എല്ലാ യിസ്രായേലിന്റെയും യെഹൂദായുടെയും ഇടയിൽ കൊണ്ടുപോയി രാജകല്പനപ്രകാരം പറഞ്ഞത് എന്തെന്നാൽ: യിസ്രായേൽമക്കളേ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ നിങ്ങളിൽ അശ്ശൂർരാജാക്കന്മാരുടെ കൈയിൽനിന്നു തെറ്റി ഒഴിഞ്ഞ ശേഷിപ്പിന്റെ അടുക്കലേക്കു തിരിയേണ്ടതിനു നിങ്ങൾ അവന്റെ അടുക്കലേക്കു തിരിഞ്ഞുകൊൾവിൻ. 7തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും നിങ്ങളുടെ സഹോദരന്മാരെയുംപോലെ നിങ്ങൾ ആകരുത്; അവൻ അവരെ നാശത്തിന് ഏല്പിച്ചുകളഞ്ഞതു നിങ്ങൾ കാണുന്നുവല്ലോ. 8ആകയാൽ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങൾ ദുശ്ശാഠ്യം കാണിക്കരുത്; യഹോവയ്ക്ക് നിങ്ങളെത്തന്നെ ഏല്പിച്ചുകൊൾവിൻ; അവൻ സദാകാലത്തേക്കും വിശുദ്ധീകരിച്ചിരിക്കുന്ന അവന്റെ വിശുദ്ധമന്ദിരത്തിലേക്കു വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറേണ്ടതിന് അവനെ സേവിപ്പിൻ. 9നിങ്ങൾ യഹോവയിങ്കലേക്കു വീണ്ടും തിരിയുന്നു എങ്കിൽ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ ബദ്ധരാക്കി കൊണ്ടുപോയവരോടു കരുണ ലഭിച്ച് ഈ ദേശത്തിലേക്കു മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങൾ അവന്റെ അടുക്കലേക്കു തിരിഞ്ഞുവരുന്നു എങ്കിൽ അവൻ നിങ്ങളെ നോക്കാതവണ്ണം മുഖം തിരിച്ചുകളകയില്ല. 10അങ്ങനെ ഓട്ടാളർ എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശത്തു പട്ടണംതോറും സെബൂലൂൻവരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു. 11എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലർ തങ്ങളെത്തന്നെ താഴ്ത്തി യെരൂശലേമിലേക്കു വന്നു. 12യെഹൂദായിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന് അവർക്ക് ഐകമത്യം നല്കുവാൻ തക്കവണ്ണം ദൈവത്തിന്റെ കൈ വ്യാപരിച്ചു. 13അങ്ങനെ രണ്ടാം മാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിപ്പാൻ ബഹുജനം ഏറ്റവും വലിയൊരു സഭയായി യെരൂശലേമിൽ വന്നുകൂടി. 14അവർ എഴുന്നേറ്റു യെരൂശലേമിൽ ഉണ്ടായിരുന്ന ബലിപീഠങ്ങളെ നീക്കിക്കളഞ്ഞു സകല ധൂപകലശങ്ങളെയും എടുത്തു കിദ്രോൻതോട്ടിൽ എറിഞ്ഞുകളഞ്ഞു. 15രണ്ടാം മാസം പതിന്നാലാം തീയതി അവർ പെസഹ അറുത്തു; എന്നാൽ പുരോഹിതന്മാരും ലേവ്യരും ലജ്ജിച്ചു തങ്ങളെത്തന്നെ വിശുദ്ധീകരിച്ച് യഹോവയുടെ ആലയത്തിൽ ഹോമയാഗങ്ങളെ കൊണ്ടുവന്നു. 16അവർ ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണപ്രകാരം തങ്ങൾക്കുള്ള വിധി അനുസരിച്ചു തങ്ങളുടെ സ്ഥാനത്തു നിന്നു; പുരോഹിതന്മാർ ലേവ്യരുടെ കൈയിൽനിന്ന് രക്തം വാങ്ങി തളിച്ചു. 17തങ്ങളെത്തന്നെ വിശുദ്ധീകരിക്കാത്തവർ പലരും സഭയിൽ ഉണ്ടായിരുന്നു; അതുകൊണ്ടു ശുദ്ധിയില്ലാത്ത ഓരോരുത്തനുവേണ്ടി പെസഹ അറുത്ത് യഹോവയ്ക്ക് നിവേദിക്കേണ്ടതിനു ലേവ്യർ ഭരമേറ്റിരുന്നു. 18വലിയൊരു ജനസമൂഹം, എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നും യിസ്സാഖാരിൽനിന്നും സെബൂലൂനിൽനിന്നും ഉള്ള അനേകർ, തങ്ങളെത്തന്നെ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തിൽ പെസഹ തിന്നു. എന്നാൽ യെഹിസ്കീയാവ് അവർക്കുവേണ്ടി പ്രാർഥിച്ചു: 19വിശുദ്ധമന്ദിരത്തിനാവശ്യമായ വിശുദ്ധീകരണംപോലെ വിശുദ്ധനായില്ലെങ്കിലും ദൈവത്തെ, തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെത്തന്നെ അന്വേഷിപ്പാൻ മനസ്സുവയ്ക്കുന്ന എല്ലാവരോടും ദയാലുവായ യഹോവേ, ക്ഷമിക്കേണമേ എന്നു പറഞ്ഞു. 20യഹോവ യെഹിസ്കീയാവിന്റെ പ്രാർഥന കേട്ട് ജനത്തെ സൗഖ്യമാക്കി. 21അങ്ങനെ യെരൂശലേമിൽ വന്നുകൂടിയിരുന്ന യിസ്രായേൽമക്കൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാൽ യഹോവയ്ക്കു പാടി ദിവസംപ്രതിയും യഹോവയെ സ്തുതിച്ചു. 22യെഹിസ്കീയാവ് യഹോവയുടെ ശുശ്രൂഷയിൽ സാമർഥ്യം കാണിച്ച എല്ലാ ലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവർ സമാധാനയാഗങ്ങൾ അർപ്പിച്ചും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ട് ഏഴു ദിവസം ഉത്സവം ഘോഷിച്ചു ഭക്ഷണം കഴിച്ചു. 23പിന്നെയും ഏഴു ദിവസം ഉത്സവം ആചരിപ്പാൻ സർവസഭയും നിർണയിച്ച് അങ്ങനെ അവർ വേറേ ഏഴു ദിവസവും സന്തോഷത്തോടെ ആചരിച്ചു. 24യെഹൂദാരാജാവായ യെഹിസ്കീയാവ് സഭയ്ക്ക് ആയിരം കാളയെയും ഏഴായിരം ആടിനെയും കൊടുത്തു; പ്രഭുക്കന്മാരും സഭയ്ക്ക് ആയിരം കാളയെയും പതിനായിരം ആടിനെയും കൊടുത്തു; അനേകം പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു. 25യെഹൂദായുടെ സർവസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലിൽനിന്നു വന്ന സർവസഭയും യിസ്രായേൽദേശത്തുനിന്നു വന്ന് യെഹൂദായിൽ പാർത്തിരുന്ന പരദേശികളും സന്തോഷിച്ചു. 26അങ്ങനെ യെരൂശലേമിൽ മഹാസന്തോഷം ഉണ്ടായി; യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലംമുതൽ ഇതുപോലെ യെരൂശലേമിൽ സംഭവിച്ചിട്ടില്ല. 27ഒടുവിൽ ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേൾക്കപ്പെടുകയും അവരുടെ പ്രാർഥന അവന്റെ വിശുദ്ധനിവാസമായ സ്വർഗത്തിലെത്തുകയും ചെയ്തു.
Currently Selected:
2 ദിനവൃത്താന്തം 30: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.