2 ദിനവൃത്താന്തം 22
22
1യെരൂശലേംനിവാസികൾ അവന്റെ ഇളയമകനായ അഹസ്യാവെ അവനു പകരം രാജാവാക്കി; അറബികളോടുകൂടെ പാളയത്തിൽ വന്ന പടക്കൂട്ടം മൂത്തവരെയൊക്കെയും കൊന്നുകളഞ്ഞിരുന്നു; ഇങ്ങനെ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് രാജാവായി. 2അഹസ്യാവ് വാഴ്ച തുടങ്ങിയപ്പോൾ അവനു നാല്പത്തിരണ്ട് വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് അഥല്യാ എന്നു പേർ; അവൾ ഒമ്രിയുടെ മകളായിരുന്നു. 3അവനും ആഹാബുഗൃഹത്തിന്റെ വഴികളിൽ നടന്നു; ദുഷ്ടത പ്രവർത്തിപ്പാൻ അവന്റെ അമ്മ അവന് ആലോചനക്കാരത്തി ആയിരുന്നു. 4അതുകൊണ്ട് അവൻ ആഹാബുഗൃഹത്തെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; അവർ അവന്റെ അപ്പൻ മരിച്ചശേഷം അവന്റെ നാശത്തിനായി അവന്റെ ആലോചനക്കാരായിരുന്നു. 5അവരുടെ ആലോചനപോലെ അവൻ നടന്നു; യിസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിനോടുകൂടെ അവൻ ഗിലെയാദിലെ രാമോത്തിൽ അരാംരാജാവായ ഹസായേലിനോടു യുദ്ധത്തിനുപോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു. 6അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമായിൽവച്ച് ഏറ്റ മുറിവുകൾക്കു ചികിത്സ ചെയ്യേണ്ടതിന് അവൻ യിസ്രെയേലിൽ മടങ്ങിപ്പോയി; യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അസര്യാവ് ആഹാബിന്റെ മകനായ യോരാം ദീനമായി കിടക്കുകയാൽ അവനെ കാൺമാൻ യിസ്രെയേലിൽ ചെന്നു. 7യോരാമിന്റെ അടുക്കൽ ചെന്നത് അഹസ്യാവിന് ദൈവഹിതത്താൽ നാശഹേതുവായി ഭവിച്ചു; അവൻ ചെന്ന സമയം ആഹാബുഗൃഹത്തിനു നിർമ്മൂലനാശം വരുത്തുവാൻ യഹോവ അഭിഷേകം ചെയ്തവനായി നിംശിയുടെ മകനായ യേഹൂവിന്റെ നേരേ അവൻ യെഹോരാമിനോടുകൂടെ പുറപ്പെട്ടു. 8യേഹൂ ആഹാബുഗൃഹത്തോടു ന്യായവിധി നടത്തുകയിൽ അവൻ യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിനു ശുശ്രൂഷ ചെയ്യുന്നവരായ അഹസ്യാവിന്റെ സഹോദരന്മാരുടെ പുത്രന്മാരെയും കണ്ട് അവരെ കൊന്നുകളഞ്ഞു. 9പിന്നെ അവൻ അഹസ്യാവെ അന്വേഷിച്ചു; അവൻ ശമര്യയിൽ ഒളിച്ചിരിക്കയായിരുന്നു; അവർ അവനെ പിടിച്ചു യേഹൂവിന്റെ അടുക്കൽ കൊണ്ടുവന്നു കൊന്നു; പൂർണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ മകനല്ലോ എന്നു പറഞ്ഞ് അവർ അവനെ അടക്കം ചെയ്തു. ഇങ്ങനെ അഹസ്യാവിന്റെ ഗൃഹത്തിൽ ആർക്കും രാജത്വം വഹിപ്പാൻ ശക്തിയില്ലാതെയിരുന്നു.
10അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്നു കണ്ടിട്ട് എഴുന്നേറ്റു യെഹൂദാഗൃഹത്തിലെ രാജസന്തതിയെയൊക്കെയും നശിപ്പിച്ചു. 11എന്നാൽ രാജകുമാരിയായ യെഹോശബത്ത് കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്‍ടിച്ചെടുത്ത് അവനെയും അവന്റെ ധാത്രിയെയും ഒരു ശയനഗൃഹത്തിൽ ആക്കി. ഇങ്ങനെ യെഹോരാംരാജാവിന്റെ മകളും യെഹോയാദാപുരോഹിതന്റെ ഭാര്യയുമായ യെഹോശബത്ത്-അവൾ അഹസ്യാവിന്റെ സഹോദരിയല്ലോ-അഥല്യാ അവനെ കൊല്ലാതിരിക്കേണ്ടതിന് അവനെ ഒളിപ്പിച്ചു. 12അവൻ അവരോടുകൂടെ ആറ് സംവത്സരം ദൈവാലയത്തിൽ ഒളിച്ചിരുന്നു; എന്നാൽ അഥല്യാ ദേശം വാണു.
Currently Selected:
2 ദിനവൃത്താന്തം 22: MALOVBSI
Highlight
Share
Copy
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fen.png&w=128&q=75)
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.