YouVersion Logo
Search Icon

2 ദിനവൃത്താന്തം 14

14
1അബീയാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആസാ അവനു പകരം രാജാവായി. അവന്റെ കാലത്തു ദേശത്തിനു പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി. 2ആസാ തന്റെ ദൈവമായ യഹോവയ്ക്കു പ്രസാദവും ഹിതവും ആയുള്ളതു ചെയ്തു. 3അവൻ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങൾ ഉടച്ച് അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു. 4യെഹൂദായോട് അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രമാണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു. 5അവൻ എല്ലാ യെഹൂദാപട്ടണങ്ങളിൽനിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്റെ കീഴിൽ സ്വസ്ഥമായിരുന്നു. 6യഹോവ അവനു വിശ്രമം നല്കിയതുകൊണ്ടു ദേശത്തിനു സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളിൽ അവനു യുദ്ധം ഇല്ലായ്കയാലും അവൻ യെഹൂദായിൽ ഉറപ്പുള്ള പട്ടണങ്ങളെ പണിതു. 7അവൻ യെഹൂദ്യരോട്: നാം ഈ പട്ടണങ്ങളെ പണിത് അവയ്ക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ടു ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കയും അവൻ ചുറ്റും നമുക്കു വിശ്രമം നല്കയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവർ വെടിപ്പായി പണിതു തീർത്തു. 8ആസായ്ക്കു വൻപരിചയും കുന്തവും എടുത്തവരായി മൂന്നുലക്ഷം യെഹൂദ്യരും ചെറുപരിച എടുപ്പാനും വില്ലു കുലപ്പാനും പ്രാപ്തരായി രണ്ടുലക്ഷത്തെൺപതിനായിരം ബെന്യാമീന്യരും ഉള്ളോരു സൈന്യം ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു. 9അനന്തരം കൂശ്യനായ സേരഹ് പത്തുലക്ഷം ആളും മുന്നൂറു രഥവും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരേ പുറപ്പെട്ടു മാരേശാവരെ വന്നു. 10ആസാ അവന്റെ നേരേ പുറപ്പെട്ടു; അവർ മാരേശായ്ക്കു സമീപം സെഫാഥാ താഴ്‌വരയിൽ പടയ്ക്ക് അണിനിരത്തി. 11ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാനും ബലഹീനനും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിനു നേരേ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരേ പ്രബലനാകരുതേ എന്നു പറഞ്ഞു. 12അപ്പോൾ യഹോവ ആസായുടെയും യെഹൂദ്യരുടെയും മുമ്പിൽ കൂശ്യരെ തോല്ക്കുമാറാക്കി; കൂശ്യർ ഓടിപ്പോയി. 13ആസായും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും അവരെ ഗെരാർവരെ പിന്തുടർന്നു; കൂശ്യർ ആരും ജീവനോടെ ശേഷിക്കാതെ പട്ടുപോയി; അവർ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ നശിച്ചുപോയി; അവർ വളരെ കവർച്ചയും എടുത്തു കൊണ്ടുപോന്നു. 14അവർ ഗെരാറിനു ചുറ്റുമുള്ള പട്ടണങ്ങളെയെല്ലാം നശിപ്പിച്ചു; യഹോവയിങ്കൽനിന്ന് ഒരു ഭീതി അവയുടെമേൽ വീണിരുന്നു; അവർ എല്ലാ പട്ടണങ്ങളെയും കൊള്ളയിട്ടു; അവയിൽ കൊള്ള വളരെ ഉണ്ടായിരുന്നു. 15അവർ നാല്ക്കാലികളുടെ കൂടാരങ്ങളെയും ആക്രമിച്ചു, അനവധി ആടുകളെയും ഒട്ടകങ്ങളെയും അപഹരിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in