YouVersion Logo
Search Icon

2 ദിനവൃത്താന്തം 12

12
1എന്നാൽ രെഹബെയാമിന്റെ രാജത്വം ഉറച്ച് അവൻ ബലം പ്രാപിച്ചശേഷം അവനും അവനോടുകൂടെ എല്ലാ യിസ്രായേലും യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു. 2അവർ യഹോവയോടു ദ്രോഹം ചെയ്കകൊണ്ട് രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടിൽ 3മിസ്രയീംരാജാവായ ശീശക് ആയിരത്തി ഇരുനൂറ് രഥങ്ങളോടും അറുപതിനായിരം കുതിരച്ചേവകരോടുംകൂടെ യെരൂശലേമിന്റെ നേരേ വന്നു; അവനോടുകൂടെ മിസ്രയീമിൽനിന്നു വന്നിരുന്ന ലൂബ്യർ, സുക്യർ, കൂശ്യർ എന്നിങ്ങനെയുള്ള പടജ്ജനം അസംഖ്യമായിരുന്നു. 4അവൻ യെഹൂദായോടു ചേർന്ന ഉറപ്പുള്ള പട്ടണങ്ങളെ പിടിച്ചു, യെരൂശലേംവരെയും വന്നു. 5അപ്പോൾ ശെമയ്യാപ്രവാചകൻ രെഹബെയാമിന്റെയും ശീശക് നിമിത്തം യെരൂശലേമിൽ കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കൽവന്ന് അവരോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്നെ ഉപേക്ഷിച്ചതുകൊണ്ടു ഞാനും നിങ്ങളെ ശീശക്കിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. 6അതിനു യിസ്രായേൽപ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നെ താഴ്ത്തി: യഹോവ നീതിമാൻ ആകുന്നു എന്നു പറഞ്ഞു. 7അവർ തങ്ങളെത്തന്നെ താഴ്ത്തി എന്നു യഹോവ കണ്ടപ്പോൾ യഹോവയുടെ അരുളപ്പാടു ശെമയ്യാവിന് ഉണ്ടായത് എന്തെന്നാൽ: അവർ തങ്ങളെത്തന്നെ താഴ്ത്തിയിരിക്കയാൽ ഞാൻ അവരെ നശിപ്പിക്കാതെ അവർക്ക് ഒരുവിധം രക്ഷ നല്കും; എന്റെ കോപം ശീശക് മുഖാന്തരം യെരൂശലേമിന്മേൽ ചൊരികയുമില്ല. 8എങ്കിലും അവർ എന്റെ സേവയും അന്യദേശങ്ങളിലെ രാജത്വത്തിന്റെ സേവയും തിരിച്ചറിയേണ്ടതിന് അവർ അവന് അധീനന്മാരായിത്തീരും. 9ഇങ്ങനെ മിസ്രയീംരാജാവായ ശീശക് യെരൂശലേമിന്റെ നേരേ വന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ച് ആസകലം എടുത്തുകൊണ്ടുപോയി; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും അവൻ എടുത്തു കൊണ്ടുപോയി. 10അവയ്ക്കു പകരം രെഹബെയാംരാജാവ് താമ്രംകൊണ്ടു പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാക്കുന്ന അകമ്പടിനായകന്മാരുടെ കൈയിൽ ഏല്പിച്ചു. 11രാജാവ് യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോൾ അകമ്പടികൾ അവയെ കൊണ്ടുവന്നു പിടിക്കയും പിന്നെ അകമ്പടികളുടെ അറയിൽ കൊണ്ടുപോയി വയ്ക്കുകയും ചെയ്യും. 12അവൻ തന്നെത്താൻ താഴ്ത്തിയപ്പോൾ യഹോവയുടെ കോപം അവനെ മുഴുവനായി നശിപ്പിക്കാതെ വിട്ടുമാറി; യെഹൂദായിൽ ഏതാനും നന്മ ഉണ്ടായിരുന്നു. 13ഇങ്ങനെ രെഹബെയാംരാജാവ് യെരൂശലേമിൽ തന്നെത്താൻ ബലപ്പെടുത്തി വാണു. വാഴ്ച തുടങ്ങിയപ്പോൾ രെഹബെയാമിനു നാല്പത്തിയൊന്ന് വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിനു യിസ്രായേലിന്റെ സകല ഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അവന്റെ അമ്മയ്ക്ക് നയമാ എന്നു പേർ. 14അവൾ അമ്മോന്യസ്ത്രീ ആയിരുന്നു. യഹോവയെ അന്വേഷിക്കേണ്ടതിനു മനസ്സ് വയ്ക്കാഞ്ഞതിനാൽ അവൻ ദോഷം ചെയ്തു. 15രെഹബെയാമിന്റെ വൃത്താന്തങ്ങൾ ആദ്യവസാനം ശെമയ്യാപ്രവാചകന്റെയും ഇദ്ദോദർശകന്റെയും വൃത്താന്തങ്ങളിൽ വംശാവലിയായി എഴുതിയിരിക്കുന്നുവല്ലോ; രെഹബെയാമിനും യൊരോബെയാമിനും തമ്മിൽ എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്നു. 16രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ അബീയാവ് അവനു പകരം രാജാവായി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in