1 തിമൊഥെയൊസ് 5
5
1മൂത്തവനെ ഭർത്സിക്കാതെ അപ്പനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും 2മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂർണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക. 3സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക. 4വല്ല വിധവയ്ക്കും പുത്രപൗത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പേ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ച് അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്‍വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു. 5സാക്ഷാൽ വിധവയും ഏകാകിയുമായവൾ ദൈവത്തിൽ ആശവച്ചു രാപ്പകൽ യാചനയിലും പ്രാർഥനയിലും ഉറ്റുപാർക്കുന്നു. 6കാമുകിയായവളോ ജീവിച്ചിരിക്കയിൽത്തന്നെ ചത്തവൾ. 7അവർ നിരപവാദ്യമാരായിരിക്കേണ്ടതിനു നീ ഇത് ആജ്ഞാപിക്ക. 8തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കുംവേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞ് അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു. 9സൽപ്രവൃത്തികളാൽ ശ്രുതിപ്പെട്ട് ഏകഭർത്താവിന്റെ ഭാര്യയായിരുന്ന് അറുപതു വയസ്സിനു താഴെയല്ലാത്ത 10വിധവ മക്കളെ വളർത്തുകയോ അതിഥികളെ സല്ക്കരിക്കയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്കു മുട്ടുതീർക്കുകയോ സർവസൽപ്രവൃത്തിയും ചെയ്തുപോരുകയോ ചെയ്തു എങ്കിൽ അവളെ തിരഞ്ഞെടുക്കാം. 11ഇളയ വിധവമാരെ ഒഴിക്ക; ക്രിസ്തുവിനു വിരോധമായി പുളച്ചു മദിക്കുമ്പോൾ വിവാഹം ചെയ്‍വാൻ ഇച്ഛിക്കും. 12ആദ്യവിശ്വാസം തള്ളുകയാൽ അവർക്കു ശിക്ഷാവിധി ഉണ്ട്. 13അത്രയുമല്ല അവർ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും. 14ആകയാൽ ഇളയവർ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്ക് അപവാദത്തിന് അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാൻ ഇച്ഛിക്കുന്നു. 15ഇപ്പോൾത്തന്നെ ചിലർ സാത്താന്റെ പിന്നാലെ പോയല്ലോ. 16ഒരു വിശ്വാസിനിക്കു വിധവമാർ ഉണ്ടെങ്കിൽ അവൾതന്നെ അവർക്കു മുട്ടുതീർക്കട്ടെ; സഭയ്ക്കു ഭാരം വരരുത്; സാക്ഷാൽ വിധവമാരായവർക്കു മുട്ടുതീർപ്പാനുണ്ടല്ലോ.
17നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അധ്വാനിക്കുന്നവരെതന്നെ, ഇരട്ടി മാനത്തിനു യോഗ്യരായി എണ്ണുക. 18മെതിക്കുന്ന കാളയ്ക്കു മുഖക്കുട്ട കെട്ടരുത് എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ. 19രണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരേ അന്യായം എടുക്കരുത്. 20പാപം ചെയ്യുന്നവരെ ശേഷമുള്ളവർക്കും ഭയത്തിനായി എല്ലാവരും കേൾക്കെ ശാസിക്ക. 21നീ പക്ഷമായി ഒന്നും ചെയ്യാതെകണ്ട് സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു. 22യാതൊരുത്തന്റെമേലും വേഗത്തിൽ കൈവയ്ക്കരുത്; അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകയുമരുത്. നിന്നെത്തന്നെ നിർമ്മലനായി കാത്തുകൊൾക. 23മേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീർണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക. 24ചില മനുഷ്യരുടെ പാപങ്ങൾ വിസ്താരത്തിനു മുമ്പേതന്നെ വെളിവായിരിക്കുന്നു; ചിലരുടെ പാപങ്ങളോ ക്രമേണയത്രേ. 25സൽപ്രവൃത്തികളും അങ്ങനെതന്നെ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കുകയില്ല.
Currently Selected:
1 തിമൊഥെയൊസ് 5: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.