1 തെസ്സലൊനീക്യർ 2
2
1സഹോദരന്മാരേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത് വ്യർഥമായില്ല എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ. 2നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഫിലിപ്പിയിൽവച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാൻ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു. 3ഞങ്ങളുടെ പ്രബോധനം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ വ്യാജത്തോടെയോ വന്നതല്ല. 4ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിനു ഞങ്ങൾ ദൈവത്തിനു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങൾ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധന ചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചുകൊണ്ടു സംസാരിക്കുന്നത്. 5നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി. 6ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥയ്ക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോട്, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല; 7ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു. 8ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ട് നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനുംകൂടെ വച്ചുതരുവാൻ ഒരുക്കമായിരുന്നു. 9സഹോദരന്മാരേ, ഞങ്ങളുടെ അധ്വാനവും പ്രയാസവും നിങ്ങൾ ഓർക്കുന്നുവല്ലോ; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുത് എന്നുവച്ചു ഞങ്ങൾ രാവും പകലും വേല ചെയ്തുകൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു. 10വിശ്വസിക്കുന്ന നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര പവിത്രമായും നീതിയായും അനിന്ദ്യമായും നടന്നു എന്നതിനു നിങ്ങളും ദൈവവും സാക്ഷി. 11തന്റെ രാജ്യത്തിനും മഹത്ത്വത്തിനും നിങ്ങളെ വിളിക്കുന്ന ദൈവത്തിനു യോഗ്യമായി നടപ്പാൻ തക്കവണ്ണം 12ഞങ്ങൾ നിങ്ങളിൽ ഓരോരുത്തനെ അപ്പൻ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു എന്ന് നിങ്ങൾക്ക് അറിയാമല്ലോ.
13ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടുതന്നെ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അത് വ്യാപരിച്ചുകൊണ്ടിരിക്കുന്നു. 14സഹോദരന്മാരേ, യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്കു നിങ്ങൾ അനുകാരികളായിത്തീർന്നു. അവർ യെഹൂദരാൽ അനുഭവിച്ചതുതന്നെ നിങ്ങളും സ്വജാതിക്കാരാൽ അനുഭവിച്ചുവല്ലോ. 15യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകല മനുഷ്യർക്കും വിരോധികളും 16ജാതികൾ രക്ഷിക്കപ്പെടേണ്ടതിനായി ഞങ്ങൾ അവരോട് പ്രസംഗിക്കുന്നത് വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു. എന്നാൽ ദൈവക്രോധം അവരുടെമേൽ മുഴുത്തുവന്നിരിക്കുന്നു.
17സഹോദരന്മാരേ, ഞങ്ങൾ അല്പനേരത്തേക്കു ഹൃദയംകൊണ്ടല്ല, മുഖംകൊണ്ടു നിങ്ങളെ വിട്ടുപിരിഞ്ഞിട്ടു ബഹുകാംക്ഷയോടെ നിങ്ങളുടെ മുഖം കാൺമാൻ ഏറ്റവും അധികം ശ്രമിച്ചു. 18അതുകൊണ്ടു നിങ്ങളുടെ അടുക്കൽ വരുവാൻ ഞങ്ങൾ, വിശേഷാൽ പൗലൊസായ ഞാൻ, ഒന്നു രണ്ടു പ്രാവശ്യം വിചാരിച്ചു; എന്നാൽ സാത്താൻ ഞങ്ങളെ തടുത്തു. 19നമ്മുടെ കർത്താവായ യേശുവിന്റെ മുമ്പാകെ അവന്റെ പ്രത്യക്ഷതയിൽ ഞങ്ങളുടെ ആശയോ സന്തോഷമോ പ്രശംസാകിരീടമോ ആർ ആകുന്നു? നിങ്ങളും അല്ലയോ? 20ഞങ്ങളുടെ മഹത്ത്വവും സന്തോഷവും നിങ്ങൾതന്നെ.
Currently Selected:
1 തെസ്സലൊനീക്യർ 2: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.