1 ശമൂവേൽ 7
7
1കിര്യത്ത്-യെയാരീം നിവാസികൾ വന്ന് യഹോവയുടെ പെട്ടകം എടുത്ത് കുന്നിന്മേൽ അബീനാദാബിന്റെ വീട്ടിൽ കൊണ്ടുപോയി; അവന്റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിനു ശുദ്ധീകരിച്ചു. 2പെട്ടകം കിര്യത്ത്-യെയാരീമിൽ ആയിട്ട് ഏറിയകാലം, ഇരുപതു സംവത്സരം തന്നെ, കഴിഞ്ഞു; യിസ്രായേൽഗൃഹമൊക്കെയും യഹോവയോടു വിലപിച്ചു.
3അപ്പോൾ ശമൂവേൽ എല്ലാ യിസ്രായേൽഗൃഹത്തോടും: നിങ്ങൾ പൂർണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്ക് തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു. 4അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞ് യഹോവയെ മാത്രം സേവിച്ചു. 5അനന്തരം ശമൂവേൽ: എല്ലാ യിസ്രായേലിനെയും മിസ്പായിൽ കൂട്ടുവിൻ; ഞാൻ നിങ്ങൾക്കുവേണ്ടി യഹോവയോടു പ്രാർഥിക്കും എന്നു പറഞ്ഞു.
6അവർ മിസ്പായിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ച് ആ ദിവസം ഉപവസിച്ചു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്ന് അവിടെവച്ചു പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പായിൽവച്ച് യിസ്രായേൽമക്കൾക്കു ന്യായപാലനം ചെയ്തു. 7യിസ്രായേൽമക്കൾ മിസ്പായിൽ ഒന്നിച്ചുകൂടി എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ യിസ്രായേലിന്റെ നേരേ പുറപ്പെട്ടുവന്നു; യിസ്രായേൽമക്കൾ അതു കേട്ടിട്ട് ഫെലിസ്ത്യരെ ഭയപ്പെട്ടു. 8യിസ്രായേൽമക്കൾ ശമൂവേലിനോട്: നമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കേണ്ടതിന് ഞങ്ങൾക്കുവേണ്ടി അവനോടു പ്രാർഥിക്കുന്നതു മതിയാക്കരുതേ എന്നു പറഞ്ഞു. 9അപ്പോൾ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിൻകുട്ടിയെ എടുത്ത് യഹോവയ്ക്കു സർവാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിനുവേണ്ടി യഹോവയോടു പ്രാർഥിച്ചു; യഹോവ ഉത്തരമരുളി. 10ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോട് പടയ്ക്ക് അടുത്തു; എന്നാൽ യഹോവ അന്നു ഫെലിസ്ത്യരുടെമേൽ വലിയ ഇടി മുഴക്കി അവരെ പരിഭ്രമിപ്പിച്ചു; അവർ യിസ്രായേലിനോടു തോറ്റു. 11യിസ്രായേല്യർ മിസ്പായിൽനിന്നു പുറപ്പെട്ട് ഫെലിസ്ത്യരെ പിന്തുടർന്നു; ബേത്ത്-കാരിന്റെ താഴെവരെ അവരെ സംഹരിച്ചു. 12പിന്നെ ശമൂവേൽ ഒരു കല്ല് എടുത്ത് മിസ്പായ്ക്കും ശേനിനും മധ്യേ നാട്ടി: ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞ് അതിന് ഏബെൻ-ഏസെർ എന്നു പേരിട്ടു. 13ഇങ്ങനെ ഫെലിസ്ത്യർ ഒതുങ്ങി, പിന്നെ യിസ്രായേൽദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യർക്കു വിരോധമായിരുന്നു. 14എക്രോൻമുതൽ ഗത്ത്വരെ ഫെലിസ്ത്യർ യിസ്രായേലിനോടു പിടിച്ചിരുന്ന പട്ടണങ്ങൾ യിസ്രായേലിനു തിരികെ കിട്ടി; അവയുടെ അതിർനാടുകളും യിസ്രായേൽ ഫെലിസ്ത്യരുടെ കൈയിൽനിന്നു വിടുവിച്ചു. യിസ്രായേലും അമോര്യരും തമ്മിൽ സമാധാനമായിരുന്നു. 15ശമൂവേൽ ജീവപര്യന്തം യിസ്രായേലിനു ന്യായപാലനം ചെയ്തു. 16അവൻ ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പായിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളിൽവച്ച് യിസ്രായേലിനു ന്യായപാലനം ചെയ്തിട്ട് രാമായിലേക്കു മടങ്ങിപ്പോരും; 17അവിടെയായിരുന്നു അവന്റെ വീട്; അവിടെവച്ചും അവൻ യിസ്രായേലിനു ന്യായപാലനം നടത്തിവന്നു; യഹോവയ്ക്ക് അവിടെ ഒരു യാഗപീഠവും പണിതിരുന്നു.
Currently Selected:
1 ശമൂവേൽ 7: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.