YouVersion Logo
Search Icon

1 ശമൂവേൽ 25

25
1ശമൂവേൽ മരിച്ചു; യിസ്രായേലൊക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമായിൽ അവന്റെ വീട്ടിനരികെ അവനെ അടക്കംചെയ്തു. ദാവീദ് പുറപ്പെട്ട് പാരാൻ മരുഭൂമിയിൽ പോയി പാർത്തു. 2കർമ്മേലിൽ വ്യാപാരമുള്ള ഒരു മാവോന്യൻ ഉണ്ടായിരുന്നു; അവൻ മഹാധനികനായിരുന്നു; അവനു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവനു കർമ്മേലിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ടായിരുന്നു. 3അവനു നാബാൽ എന്നും അവന്റെ ഭാര്യക്ക് അബീഗയിൽ എന്നും പേർ. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠുരനും ദുഷ്കർമിയും ആയിരുന്നു. അവൻ കാലേബ് വംശക്കാരൻ ആയിരുന്നു. 4നാബാലിന് ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ടെന്ന് ദാവീദ് മരുഭൂമിയിൽ കേട്ടു. 5ദാവീദ് പത്തു ബാല്യക്കാരെ അയച്ചു, അവരോടു പറഞ്ഞത്: നിങ്ങൾ കർമ്മേലിൽ നാബാലിന്റെ അടുക്കൽ ചെന്ന് എന്റെ പേരിൽ അവന് വന്ദനം ചൊല്ലി: 6നന്നായിരിക്കട്ടെ; നിനക്കും നിന്റെ ഭവനത്തിനും നന്നായിരിക്കട്ടെ; നിനക്കുള്ള സകലത്തിനും നന്നായിരിക്കട്ടെ. 7നിനക്ക് ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു. നിന്റെ ഇടയന്മാർ ഞങ്ങളോടുകൂടെ ഇരുന്നപ്പോൾ ഞങ്ങൾ അവരെ ഉപദ്രവിച്ചില്ല; അവർ കർമ്മേലിൽ ഇരുന്ന കാലത്തൊക്കെയും അവർക്ക് ഒന്നും കാണാതെ പോയതുമില്ല. 8നിന്റെ ബാല്യക്കാരോടു ചോദിച്ചാൽ അവരും നിന്നോടു പറയും; അതുകൊണ്ട് ഈ ബാല്യക്കാരോടു ദയ തോന്നേണം; നല്ല നാളിലല്ലോ ഞങ്ങൾ വന്നിരിക്കുന്നത്; നിന്റെ കൈയിൽ വരുന്നത് അടിയങ്ങൾക്കും നിന്റെ മകനായ ദാവീദിനും തരേണമേ എന്ന് അവനോടു പറവിൻ. 9ദാവീദിന്റെ ബാല്യക്കാർ ചെന്ന് നാബാലിനോട് ഈ വാക്കുകളെല്ലാം ദാവീദിന്റെ പേരിൽ അറിയിച്ച് കാത്തുനിന്നു. 10നാബാൽ ദാവീദിന്റെ ഭൃത്യന്മാരോട്: ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? യജമാനന്മാരെ വിട്ടുപൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്ത് വളരെ ഉണ്ട്. 11ഞാൻ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവർക്കായി ഒരുക്കിയ മാംസവും എടുത്ത് എവിടത്തുകാർ എന്ന് അറിയാത്തവർക്കു കൊടുക്കുമോ എന്ന് ഉത്തരം പറഞ്ഞു. 12ദാവീദിന്റെ ബാല്യക്കാർ മടങ്ങിവന്ന് വിവരമൊക്കെയും അവനോട് അറിയിച്ചു. 13അപ്പോൾ ദാവീദ് തന്റെ ആളുകളോട്: എല്ലാവരും വാൾ അരയ്ക്കു കെട്ടിക്കൊൾവിൻ എന്നു പറഞ്ഞു. അവർ എല്ലാവരും വാൾ അരയ്ക്കു കെട്ടി; ദാവീദും വാൾ അരയ്ക്കു കെട്ടി; ഏകദേശം നാനൂറു പേർ ദാവീദിന്റെ പിന്നാലെ പുറപ്പെട്ടുപോയി; ഇരുനൂറു പേർ സാമാനങ്ങളുടെ അടുക്കൽ പാർത്തു. 14എന്നാൽ ബാല്യക്കാരിൽ ഒരുത്തൻ നാബാലിന്റെ ഭാര്യയായ അബീഗയിലിനോടു പറഞ്ഞതെന്തെന്നാൽ: ദാവീദ് നമ്മുടെ യജമാനനു വന്ദനം ചൊല്ലുവാൻ മരുഭൂമിയിൽനിന്നു ദൂതന്മാരെ അയച്ചു; അവനോ അവരെ ശകാരിച്ച് അയച്ചു. 15എന്നാൽ ആ പുരുഷന്മാർ ഞങ്ങൾക്ക് ഏറ്റവും ഉപകാരമുള്ളവരായിരുന്നു; ഞങ്ങൾ വയലിൽ അവരുമായി സഹവാസം ചെയ്തിരുന്ന കാലത്തൊരിക്കലും അവർ ഞങ്ങളെ ഉപദ്രവിച്ചില്ല; ഞങ്ങൾക്ക് ഒന്നും കാണാതെ പോയതുമില്ല. 16ഞങ്ങൾ ആടുകളെ മേയിച്ചുകൊണ്ട് അവരോടുകൂടെ ആയിരുന്നപ്പോഴൊക്കെയും രാവും പകലും അവർ ഞങ്ങൾക്ക് ഒരു മതിൽ ആയിരുന്നു. 17ആകയാൽ ഇപ്പോൾ ചെയ്യേണ്ടത് എന്തെന്ന് ആലോചിച്ചുനോക്കേണം; നമ്മുടെ യജമാനനും അവന്റെ സകല ഭവനത്തിനും ദോഷം നിർണയിച്ചുപോയിരിക്കുന്നു; അവനോ ദുസ്സ്വഭാവിയാകകൊണ്ട് അവനോട് ആർക്കും ഒന്നും മിണ്ടിക്കൂടാ. 18ഉടനെ അബീഗയിൽ ഇരുനൂറ് അപ്പവും രണ്ടു തുരുത്തി വീഞ്ഞും പാകം ചെയ്ത അഞ്ച് ആടും അഞ്ചു പറ മലരും നൂറ് ഉണക്കമുന്തിരിക്കുലയും ഇരുനൂറ് അത്തിയടയും എടുത്ത് കഴുതപ്പുറത്തു കയററി 19ബാല്യക്കാരോട്: നിങ്ങൾ എനിക്കു മുമ്പായി പോകുവിൻ; ഞാൻ ഇതാ, പിന്നാലെ വരുന്നു എന്നുപറഞ്ഞു. തന്റെ ഭർത്താവായ നാബാലിനോട് അവൾ ഒന്നും അറിയിച്ചില്ലതാനും. 20അവൾ കഴുതപ്പുറത്തു കയറി മലയുടെ മറവിൽക്കൂടി ഇറങ്ങിച്ചെല്ലുമ്പോൾ ഇതാ, ദാവീദും അവന്റെ ആളുകളും അവളുടെ നേരേ വരുന്നു; അവൾ അവരെ എതിരേറ്റു. 21എന്നാൽ ദാവീദ്: മരുഭൂമിയിൽ അവന് ഉണ്ടായിരുന്നതൊക്കെയും ഞാൻ വെറുതെയല്ലോ കാത്തത്; അവന്റെ വക ഒന്നും കാണാതെ പോയതുമില്ല; അവനോ നന്മയ്ക്കു പകരം എനിക്ക് തിന്മ ചെയ്തു. 22അവനുള്ള സകലത്തിലും പുരുഷപ്രജയായ ഒന്നിനെയെങ്കിലും പുലരുംവരെ ഞാൻ ജീവനോടെ വച്ചേച്ചാൽ ദൈവം ദാവീദിന്റെ ശത്രുക്കൾക്ക് തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു. 23അബീഗയിൽ ദാവീദിനെ കണ്ടപ്പോൾ ക്ഷണത്തിൽ കഴുതപ്പുറത്തുനിന്ന് ഇറങ്ങി ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. 24അവൾ അവന്റെ കാല്ക്കൽ വീണു പറഞ്ഞത്: യജമാനനേ, കുറ്റം എന്റെമേൽ ഇരിക്കട്ടെ; അടിയൻ ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേൾക്കേണമേ. 25ദുസ്സ്വഭാവിയായ ഈ നാബാലിനെ യജമാനൻ ഗണ്യമാക്കരുതേ; അവൻ തന്റെ പേർപോലെതന്നെ ആകുന്നു; നാബാൽ എന്നല്ലോ അവന്റെ പേർ; ഭോഷത്തം അത്രേ അവന്റെ പക്കൽ ഉള്ളത്. അടിയനോ, യജമാനൻ അയച്ച ബാല്യക്കാരെ കണ്ടിരുന്നില്ല. 26ആകയാൽ യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകൈയാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടുത്തിരിക്കുന്നു; നിന്റെ ശത്രുക്കളും യജമാനനു ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ. 27ഇപ്പോൾ യജമാനന്റെ അടുക്കൽ അടിയൻ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച യജമാനന്റെ പരിചാരകരായ ബാല്യക്കാർക്ക് ഇരിക്കട്ടെ. 28അടിയന്റെ കുറ്റം ക്ഷമിക്കേണമേ; യഹോവ യജമാനന് സ്ഥിരമായൊരു ഭവനം പണിയും; യഹോവയുടെ യുദ്ധങ്ങളെയല്ലോ യജമാനൻ നടത്തുന്നത്. ആയുഷ്കാലത്തൊരിക്കലും നിന്നിൽ ദോഷം കാണുകയില്ല. 29മനുഷ്യൻ നിന്നെ പിന്തുടർന്ന് നിനക്കു ജീവഹാനി വരുത്തുവാൻ എഴുന്നേറ്റാലും യജമാനന്റെ പ്രാണൻ നിന്റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണങ്ങളെയോ അവൻ കവിണയുടെ തടത്തിൽനിന്ന് എന്നപോലെ എറിഞ്ഞുകളയും. 30എന്നാൽ യഹോവ യജമാനന് വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവർത്തിച്ചുതന്ന് നിന്നെ യിസ്രായേലിനു പ്രഭുവാക്കി വയ്ക്കുമ്പോൾ 31അകാരണമായി രക്തം ചിന്നുകയും യജമാനൻ താൻ തന്നെ പ്രതികാരം നടത്തുകയും ചെയ്തുപോയി എന്നുള്ള ചഞ്ചലവും മനോവ്യഥയും യജമാനന് ഉണ്ടാകയില്ല; എന്നാൽ യഹോവ യജമാനനു നന്മ ചെയ്യുമ്പോൾ അടിയനെയും ഓർത്തുകൊള്ളേണമേ. 32ദാവീദ് അബീഗയിലിനോടു പറഞ്ഞത്: എന്നെ എതിരേല്പാൻ നിന്നെ ഇന്ന് അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു സ്തോത്രം. 33നിന്റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകൈയാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ. 34നിന്നോടു ദോഷം ചെയ്യാതവണ്ണം എന്നെ തടുത്തിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, നീ ബദ്ധപ്പെട്ട് എന്നെ എതിരേറ്റു വന്നിരുന്നില്ലെങ്കിൽ നേരം പുലരുമ്പോഴേക്കും പുരുഷപ്രജയൊന്നും നാബാലിനു ശേഷിക്കയില്ലായിരുന്നു. 35പിന്നെ അവൾ കൊണ്ടുവന്നത് ദാവീദ് അവളുടെ കൈയിൽനിന്നു വാങ്ങി അവളോട്: സമാധാനത്തോടെ വീട്ടിലേക്കു പോക; ഇതാ, ഞാൻ നിന്റെ വാക്ക് കേട്ട് നിന്റെ മുഖം ആദരിച്ചിരിക്കുന്നു എന്നു പറഞ്ഞു. 36അബീഗയിൽ നാബാലിന്റെ അടുക്കൽ എത്തിയപ്പോൾ അവൻ തന്റെ വീട്ടിൽ രാജവിരുന്നുപോലെ ഒരു വിരുന്നു കഴിക്കുന്നതു കണ്ടു; നാബാലിന്റെ ഹൃദയം ആനന്ദത്തിലായി അവനു നന്നാ ലഹരി പിടിച്ചിരുന്നു; അതുകൊണ്ട് അവൾ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല. 37എന്നാൽ രാവിലെ നാബാലിന്റെ വീഞ്ഞ് ഇറങ്ങിയശേഷം അവന്റെ ഭാര്യ അവനോടു വിവരം അറിയിച്ചപ്പോൾ അവന്റെ ഹൃദയം അവന്റെ ഉള്ളിൽ നിർജീവമായി അവൻ കല്ലിച്ചുപോയി. 38പത്തുദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവൻ മരിച്ചുപോയി. 39നാബാൽ മരിച്ചു എന്നു ദാവീദ് കേട്ടപ്പോൾ: എന്നെ നിന്ദിച്ച നിന്ദയ്ക്കായിട്ടു നാബാലിനോടു വ്യവഹരിക്കയും തന്റെ ദാസനെ തിന്മ ചെയ്യാതവണ്ണം തടുക്കയും ചെയ്ത യഹോവയ്ക്കു സ്തോത്രം. നാബാലിന്റെ ദുഷ്ടത യഹോവ അവന്റെ തലയിൽത്തന്നെ വരുത്തിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്കു ഭാര്യയായി പരിഗ്രഹിക്കേണ്ടതിന് അവളോടു സംസാരിപ്പാൻ ആളയച്ചു. 40ദാവീദിന്റെ ഭൃത്യന്മാർ കർമ്മേലിൽ അബീഗയിലിന്റെ അടുക്കൽ ചെന്ന് അവളോട്: നീ ദാവീദിനു ഭാര്യയായിത്തീരുവാൻ നിന്നെ കൊണ്ടുചെല്ലേണ്ടതിന് ഞങ്ങളെ അവൻ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. 41അവൾ എഴുന്നേറ്റ് നിലംവരെ തലകുനിച്ചു: ഇതാ, അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നു പറഞ്ഞു. 42ഉടനെ അബീഗയിൽ എഴുന്നേറ്റ് തന്റെ പരിചാരകികളായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്തു കയറി ദാവീദിന്റെ ദൂതന്മാരോടുകൂടെ ചെന്ന് അവനു ഭാര്യയായിത്തീർന്നു. 43യിസ്രെയേലിൽനിന്ന് ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവർ ഇരുവരും അവന്റെ ഭാര്യമാരായിത്തീർന്നു. 44ശൗലോ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകൻ ഫൽതിക്കു കൊടുത്തിരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in