YouVersion Logo
Search Icon

1 ശമൂവേൽ 21

21
1ദാവീദ് നോബിൽ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു; അഹീമേലെക് ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റ് അവനോട്: ആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നത് എന്ത് എന്നു ചോദിച്ചു. 2ദാവീദ് പുരോഹിതനായ അഹീമേലെക്കിനോട്: രാജാവ് എന്നെ ഒരു കാര്യം ഏല്പിച്ചു: ഞാൻ നിന്നെ അയയ്ക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാര്യം ഒന്നും ആരും അറിയരുത് എന്നു കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാർ ഇന്ന സ്ഥലത്തു വരേണമെന്നു ഞാൻ ചട്ടം കെട്ടിയിരിക്കുന്നു. 3ആകയാൽ നിന്റെ കൈവശം വല്ലതും ഉണ്ടോ? ഒരഞ്ചപ്പം അല്ലെങ്കിൽ തല്ക്കാലം കൈവശമുള്ളതെന്തെങ്കിലും എനിക്കു തരേണം എന്നു പറഞ്ഞു. 4അതിന് പുരോഹിതൻ ദാവീദിനോട്: വിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായത് കൈവശം ഇല്ല; ബാല്യക്കാർ സ്ത്രീകളോട് അകന്നിരിക്കുന്നു എങ്കിൽ തരാമെന്ന് ഉത്തരം പറഞ്ഞു. 5ദാവീദ് പുരോഹിതനോട്: ഈ മൂന്നു ദിവസമായി സ്ത്രീകൾ ഞങ്ങളോട് അകന്നിരിക്കുന്നു. ഇത് ഒരു സാമാന്യയാത്ര എങ്കിലും ഞാൻ പുറപ്പെടുമ്പോൾ തന്നെ ബാല്യക്കാരുടെ യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു. 6അങ്ങനെ പുരോഹിതൻ അവന് വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വയ്ക്കേണ്ടതിനു യഹോവയുടെ സന്നിധിയിൽനിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറേ അപ്പം ഇല്ലായിരുന്നു. 7എന്നാൽ അന്ന് ശൗലിന്റെ ഭൃത്യന്മാരിൽ ദോവേഗ് എന്നു പേരുള്ള ഒരു എദോമ്യനെ അവിടെ യഹോവയുടെ സന്നിധിയിൽ അടച്ചിട്ടിരുന്നു; അവൻ ശൗലിന്റെ ഇടയന്മാർക്ക് പ്രമാണി ആയിരുന്നു. 8ദാവീദ് അഹീമേലെക്കിനോട്: ഇവിടെ നിന്റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്റെ കാര്യം തിടുക്കമായിരുന്നതുകൊണ്ട് ഞാൻ എന്റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല എന്നു പറഞ്ഞു. 9അപ്പോൾ പുരോഹിതൻ: ഏലാതാഴ്‌വരയിൽവച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ ഏഫോദിന്റെ പുറകിൽ ഒരു ശീലയിൽ പൊതിഞ്ഞ് വച്ചിരിക്കുന്നു; അതു വേണമെങ്കിൽ എടുത്തുകൊൾക; അതല്ലാതെ വേറേ ഒന്നുമില്ല എന്നു പറഞ്ഞു. അതിനു തുല്യം മറ്റൊന്നുമില്ല; അത് എനിക്കു തരേണം എന്നു ദാവീദ് പറഞ്ഞു.
10പിന്നെ ദാവീദ് പുറപ്പെട്ട് അന്നു തന്നേ ശൗലിന്റെ നിമിത്തം ഗത്ത്‍രാജാവായ ആഖീശിന്റെ അടുക്കൽ ഓടിച്ചെന്നു. 11എന്നാൽ ആഖീശിന്റെ ഭൃത്യന്മാർ അവനോട്: ഇവൻ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ?
ശൗൽ ആയിരത്തെ കൊന്നു,
ദാവീദോ പതിനായിരത്തെ
എന്ന് അവർ നൃത്തങ്ങളിൽ ഗാനപ്രതിഗാനം ചെയ്തത് ഇവനെക്കുറിച്ചല്ലയോ എന്നു പറഞ്ഞു. 12ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കിയിട്ട് ഗത്ത്‍രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു. 13അവരുടെ മുമ്പാകെ തന്റെ പ്രകൃതി മാറ്റി, അവരുടെ കൈകളിൽ ഇരിക്കെ ബുദ്ധിഭ്രമം നടിച്ചു വാതിലിന്റെ കതകുകളിൽ വരച്ച് താടിമേൽ തുപ്പൽ ഒലിപ്പിച്ചുകൊണ്ടിരുന്നു. 14ആഖീശ് തന്റെ ഭൃത്യന്മാരോട്: ഈ മനുഷ്യൻ ഭ്രാന്തൻ എന്നു നിങ്ങൾ കാണുന്നില്ലയോ? അവനെ എന്റെ അടുക്കൽ കൊണ്ടുവന്നത് എന്തിന്? 15എന്റെ മുമ്പാകെ ഭ്രാന്തു കളിപ്പാൻ ഇവനെ കൊണ്ടുവരേണ്ടതിന് എനിക്ക് ഇവിടെ ഭ്രാന്തന്മാർ കുറവുണ്ടോ? എന്റെ അരമനയിലോ ഇവൻ വരേണ്ടത് എന്നു പറഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in