YouVersion Logo
Search Icon

1 ശമൂവേൽ 2:1-26

1 ശമൂവേൽ 2:1-26 MALOVBSI

അനന്തരം ഹന്നാ പ്രാർഥിച്ചു പറഞ്ഞതെന്തെന്നാൽ: എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പ് യഹോവയാൽ ഉയർന്നിരിക്കുന്നു; എന്റെ വായ് ശത്രുക്കളുടെ നേരേ വിശാലമാകുന്നു; നിന്റെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നു. യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല. ഡംഭിച്ചു ഡംഭിച്ച് ഇനി സംസാരിക്കരുത്; നിങ്ങളുടെ വായിൽനിന്ന് അഹങ്കാരം പുറപ്പെടരുത്. യഹോവ ജ്ഞാനമുള്ള ദൈവം; അവൻ പ്രവൃത്തികളെ തൂക്കിനോക്കുന്നു. വീരന്മാരുടെ വില്ല് ഒടിഞ്ഞുപോകുന്നു; ഇടറിയവരോ ബലം ധരിക്കുന്നു. സമ്പന്നർ ആഹാരത്തിനായി കൂലിക്കു നില്ക്കുന്നു; വിശന്നവർ വിശ്രമം പ്രാപിക്കുന്നു; മച്ചി ഏഴു പ്രസവിക്കുന്നു; പുത്രസമ്പന്നയോ ക്ഷയിച്ചുപോകുന്നു. യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു; പാതാളത്തിൽ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു. യഹോവ ദാരിദ്ര്യവും ഐശ്വര്യവും നല്കുന്നു; അവൻ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു. അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു; അഗതിയെ കുപ്പയിൽനിന്ന് ഉയർത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നെ. ഭൂധരങ്ങൾ യഹോവയ്ക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വച്ചിരിക്കുന്നു. തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവൻ കാക്കുന്നു; ദുഷ്ടന്മാർ അന്ധകാരത്തിൽ മിണ്ടാതെയാകുന്നു; സ്വശക്തിയാൽ ഒരുത്തനും ജയിക്കയില്ല. യഹോവയോട് എതിർക്കുന്നവൻ തകർന്നു പോകുന്നു; അവൻ ആകാശത്തുനിന്ന് അവരുടെമേൽ ഇടി വെട്ടിക്കുന്നു. യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു; തന്റെ രാജാവിനു ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ കൊമ്പ് ഉയർത്തുന്നു. പിന്നെ എല്ക്കാനാ രാമായിൽ തന്റെ വീട്ടിലേക്കു പോയി. ബാലൻ പുരോഹിതനായ ഏലിയുടെ മുമ്പിൽ യഹോവയ്ക്കു ശുശ്രൂഷ ചെയ്തുപോന്നു. എന്നാൽ ഏലിയുടെ പുത്രന്മാർ നീചന്മാരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു. ഈ പുരോഹിതന്മാർ ജനത്തോട് ആചരിച്ച വിധം എങ്ങനെയെന്നാൽ: വല്ലവരും ഒരു യാഗം കഴിക്കുമ്പോൾ മാംസം വേവിക്കുന്ന സമയത്തു പുരോഹിതന്റെ ബാല്യക്കാരൻ കൈയിൽ മുപ്പല്ലിയുമായി വന്ന് കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതൊക്കെയും പുരോഹിതൻ എടുത്തുകൊള്ളും. ശീലോവിൽ വരുന്ന എല്ലാ യിസ്രായേല്യരോടും അവർ അങ്ങനെ ചെയ്യും. മേദസ്സ് ദഹിപ്പിക്കും മുമ്പേ പുരോഹിതന്റെ ബാല്യക്കാരൻ വന്നു യാഗം കഴിക്കുന്നവനോട്: പുരോഹിതനു വറുപ്പാൻ മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചത് അവൻ വാങ്ങുകയില്ല എന്നു പറയും. മേദസ്സ് ദഹിപ്പിച്ചുകഴിയട്ടെ; അതിന്റെശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊൾക എന്ന് അവനോടു പറഞ്ഞാൽ അവൻ അവനോട്: അല്ല, ഇപ്പോൾതന്നെ തരേണം; അല്ലെങ്കിൽ ഞാൻ ബലാൽക്കാരേണ എടുക്കും എന്നു പറയും. ഇങ്ങനെ ആ യൗവനക്കാർ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ട് അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു. ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ച് യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു. അവന്റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്റെ ഭർത്താവിനോടുകൂടെ വർഷാന്തരയാഗം കഴിപ്പാൻ വരുമ്പോൾ അവനു കൊണ്ടുവന്നു കൊടുക്കും. എന്നാൽ ഏലി എല്ക്കാനായെയും അവന്റെ ഭാര്യയെയും അനുഗ്രഹിച്ചു; ഈ സ്ത്രീ യഹോവയ്ക്കു കഴിച്ച നിവേദ്യത്തിനു പകരം യഹോവ അവളിൽനിന്നു നിനക്കു സന്തതിയെ നല്കുമാറാകട്ടെ എന്നു പറഞ്ഞു. പിന്നെ അവർ തങ്ങളുടെ വീട്ടിലേക്കു പോയി. യഹോവ ഹന്നായെ കടാക്ഷിച്ചു; അവൾ ഗർഭം ധരിച്ച് മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലനോ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു. ഏലി വൃദ്ധനായാറെ അവന്റെ പുത്രന്മാർ എല്ലാ യിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവൻ കേട്ടു. അവൻ അവരോട്: നിങ്ങൾ ഈ വക ചെയ്യുന്നത് എന്ത്? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് ഈ ജനമൊക്കെയും പറഞ്ഞു ഞാൻ കേൾക്കുന്നു. അങ്ങനെ അരുത്, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ച് പരത്തുന്നതായി ഞാൻ കേൾക്കുന്ന കേൾവി നന്നല്ല. മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവനുവേണ്ടി ദൈവത്തോട് അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവനുവേണ്ടി ആർ അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ട് അവർ അപ്പന്റെ വാക്കു കൂട്ടാക്കിയില്ല. ശമൂവേൽബാലനോ വളരുന്തോറും യഹോവയ്ക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.