YouVersion Logo
Search Icon

1 ശമൂവേൽ 14

14
1ഒരു ദിവസം ശൗലിന്റെ മകൻ യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോട്: വരിക, നാം അങ്ങോട്ട് ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരേ ചെല്ലുക എന്നു പറഞ്ഞു; അവൻ അപ്പനോടു പറഞ്ഞില്ലതാനും. 2ശൗൽ ഗിബെയയുടെ അതിരിങ്കൽ മിഗ്രോനിലെ മാതളനാരകത്തിൻകീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനം ഏകദേശം അറുനൂറു പേർ. 3ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ ഫീനെഹാസിന്റെ മകനായ ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകൻ അഹീയാവ് ആയിരുന്നു അന്ന് ഏഫോദ് ധരിച്ചിരുന്നത്. യോനാഥാൻ പോയതു ജനം അറിഞ്ഞില്ല. 4യോനാഥാൻ ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരേ ചെല്ലുവാൻ നോക്കിയ വഴിയിൽ ഇപ്പുറവും അപ്പുറവും കടുന്തൂക്കമായ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിനു ബോസേസ് എന്നും മറ്റേതിന് സേനെ എന്നും പേർ. 5ഒന്നു വടക്കുവശം മിക്മാസിനു മുഖമായും മറ്റേത് തെക്കുവശം ഗിബെയയ്ക്ക് മുഖമായും തൂക്കെ നിന്നിരുന്നു. 6യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോട്: വരിക, നമുക്ക് ഈ അഗ്രചർമികളുടെ പട്ടാളത്തിന്റെ നേരേ ചെല്ലാം; പക്ഷേ യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവയ്ക്കു പ്രയാസമില്ലല്ലോ എന്നു പറഞ്ഞു. 7ആയുധവാഹകൻ അവനോട്: നിന്റെ മനസ്സുപോലെ ഒക്കെയും ചെയ്ക; നടന്നുകൊൾക; നിന്റെ ഇഷ്ടംപോലെ ഞാൻ നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു. 8അതിന് യോനാഥാൻ പറഞ്ഞത്: നാം അവരുടെ നേരേ ചെന്ന് അവർക്കു നമ്മെത്തന്നെ കാണിക്കാം; 9ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവോളം നില്പിൻ എന്ന് അവർ പറഞ്ഞാൽ നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നിന്നേടത്തുതന്നെ നില്ക്കേണം. 10ഇങ്ങോട്ടു കയറിവരുവിൻ എന്നു പറഞ്ഞാലോ നമുക്കു കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നതിന് ഇതു നമുക്ക് അടയാളം ആയിരിക്കും. 11ഇങ്ങനെ അവർ ഇരുവരും ഫെലിസ്ത്യരുടെ പട്ടാളത്തിന് തങ്ങളെത്തന്നെ കാണിച്ചപ്പോൾ: ഇതാ, എബ്രായർ ഒളിച്ചിരുന്ന പൊത്തുകളിൽനിന്ന് പുറപ്പെട്ടുവരുന്നു എന്നു ഫെലിസ്ത്യർ പറഞ്ഞു. 12പട്ടാളക്കാർ യോനാഥാനോടും അവന്റെ ആയുധവാഹകനോടും: ഇങ്ങോട്ടു കയറിവരുവിൻ; ഞങ്ങൾ ഒന്നു കാണിച്ചുതരാം എന്നു പറഞ്ഞു. അപ്പോൾ യോനാഥാൻ തന്റെ ആയുധവാഹകനോട്: എന്റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. 13അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി; അവർ യോനാഥാന്റെ മുമ്പിൽ വീണു; ആയുധവാഹകൻ അവന്റെ പിന്നാലെ കൊന്നുംകൊണ്ടു നടന്നു. 14യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തിൽ ഒരു കാണിനിലത്തിന്റെ പാതി നീളത്തിനകം ഇരുപതു പേർ വീണു. 15പാളയത്തിലും പോർക്കളത്തിലും സർവജനത്തിലും നടുക്കമുണ്ടായി; പട്ടാളവും കവർച്ചക്കാരും കൂടെ വിറച്ചു, ഭൂമി കുലുങ്ങി, വലിയൊരു നടുക്കം ഉണ്ടായി. 16അപ്പോൾ ബെന്യാമീനിലെ ഗിബെയയിൽനിന്ന് ശൗലിന്റെ കാവൽക്കാർ നോക്കി പുരുഷാരം ചിന്നി അങ്ങുമിങ്ങും ഓടുന്നതു കണ്ടു. 17ശൗൽ കൂടെയുള്ള ജനത്തോട്: എണ്ണിനോക്കി നമ്മിൽനിന്നു പോയവർ ആരെന്നറിവിൻ എന്നു കല്പിച്ചു. അവർ എണ്ണിനോക്കിയപ്പോൾ യോനാഥാനും അവന്റെ ആയുധവാഹകനും ഇല്ലായിരുന്നു. 18ശൗൽ അഹീയാവിനോട്: ദൈവത്തിന്റെ പെട്ടകം ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. ദൈവത്തിന്റെ പെട്ടകം ആ കാലത്ത് യിസ്രായേൽമക്കളുടെ അടുക്കൽ ഉണ്ടായിരുന്നു. 19ശൗൽ പുരോഹിതനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യരുടെ പാളയത്തിലെ കലാപം മേല്ക്കുമേൽ വർധിച്ചുവന്നു. അപ്പോൾ ശൗൽ പുരോഹിതനോട്: നിന്റെ കൈ വലിക്ക എന്നു പറഞ്ഞു. 20ശൗലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി പടയ്ക്കു ചെന്നു, അവിടെ അവർ അന്യോന്യം വെട്ടി വലിയ കലക്കമായിരിക്കുന്നതു കണ്ടു. 21മുമ്പേ ഫെലിസ്ത്യരോടു ചേർന്ന് ചുറ്റുമുള്ള ദേശത്തുനിന്ന് അവരോടുകൂടെ പാളയത്തിൽ വന്നിരുന്ന എബ്രായരും ശൗലിനോടും യോനാഥാനോടുംകൂടെ ഉണ്ടായിരുന്ന യിസ്രായേല്യരുടെ പക്ഷം തിരിഞ്ഞു. 22അങ്ങനെതന്നെ എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന യിസ്രായേല്യർ ഒക്കെയും ഫെലിസ്ത്യർ തോറ്റോടി എന്നു കേട്ടയുടനെ അവരും പടയിൽ ചേർന്ന് അവരെ പിന്തുടർന്നു. 23അങ്ങനെ യഹോവ അന്ന് യിസ്രായേലിനെ രക്ഷിച്ചു; പട ബേത്ത്-ആവെൻവരെ പരന്നു. 24സന്ധ്യക്കു മുമ്പും ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്‍വോളവും ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് ശൗൽ പറഞ്ഞ് ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നതിനാൽ യിസ്രായേല്യർ അന്ന് വിഷമത്തിലായി; ജനത്തിൽ ഒരുത്തനും ആഹാരം ആസ്വദിച്ചതുമില്ല. 25ജനമൊക്കെയും ഒരു കാട്ടുപ്രദേശത്ത് എത്തി; അവിടെ നിലത്ത് തേൻ ഉണ്ടായിരുന്നു. 26ജനം കാട്ടിൽ കടന്നപ്പോൾ തേൻ ഇറ്റിറ്റു വീഴുന്നതു കണ്ടു: എങ്കിലും സത്യത്തെ ഭയപ്പെട്ട് ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല. 27യോനാഥാനോ തന്റെ അപ്പൻ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചത് കേൾക്കാതിരുന്നതിനാൽ വടിയുടെ അറ്റം നീട്ടി ഒരു തേൻകട്ടയിൽ കുത്തി അത് എടുത്ത് തന്റെ കൈവായിലേക്കു കൊണ്ടുപോയി, അവന്റെ കണ്ണുതെളിഞ്ഞു. 28അപ്പോൾ ജനത്തിൽ ഒരുത്തൻ: ഇന്ന് യാതൊരു ആഹാരമെങ്കിലും കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു പറഞ്ഞ് നിന്റെ അപ്പൻ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്; ജനം ക്ഷീണിച്ചുമിരിക്കുന്നു എന്നു പറഞ്ഞു. 29അതിനു യോനാഥാൻ: എന്റെ അപ്പൻ ദേശത്തെ കഷ്ടത്തിലാക്കി; ഞാൻ ഈ തേൻ ഒരല്പം ആസ്വദിക്കകൊണ്ട് എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ? 30ജനത്തിന് കണ്ടുകിട്ടിയ ശത്രുക്കളുടെ കൊള്ളയിൽനിന്ന് അവർ എടുത്ത് ഇന്ന് വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ ഇപ്പോൾ ഫെലിസ്ത്യരുടെ അപജയം അത്ര വലുതായില്ലല്ലോ എന്നു പറഞ്ഞു. 31അവർ അന്ന് മിക്മാസ് തുടങ്ങി അയ്യാലോൻവരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളർന്നുപോയി. 32ആകയാൽ ജനം കൊള്ളയ്ക്ക് ഓടിച്ചെന്ന് ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ചു നിലത്തുവച്ച് അറുത്ത് രക്തത്തോടുകൂടെ തിന്നു. 33ജനം രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യുന്നു എന്ന് ശൗലിന് അറിവുകിട്ടിയപ്പോൾ അവൻ: നിങ്ങൾ ഇന്നു ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ല് എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു. 34പിന്നെയും ശൗൽ: നിങ്ങൾ ജനത്തിന്റെ ഇടയിൽ എല്ലാടവും ചെന്ന് അവരോട് ഓരോരുത്തൻ താന്താന്റെ കാളയെയും ആടിനെയും എന്റെ അടുക്കൽ കൊണ്ടുവന്ന് ഇവിടെവച്ച് അറുത്തു തിന്നുകൊൾവിൻ; രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യരുത് എന്നു പറവിൻ എന്നു കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്നു രാത്രി കൊണ്ടുവന്ന് അവിടെവച്ച് അറുത്തു. 35ശൗൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; അത് അവൻ യഹോവയ്ക്ക് ആദ്യം പണിത യാഗപീഠം ആയിരുന്നു. 36അനന്തരം ശൗൽ: നാം രാത്രിയിൽതന്നെ ഫെലിസ്ത്യരെ പിന്തുടർന്ന് പുലരുവോളം അവരെ കൊള്ളയിടുക; അവരിൽ ഒരുത്തനെയും ശേഷിപ്പിക്കരുത് എന്നു കല്പിച്ചു. നിനക്കു ബോധിച്ചതുപോലെയൊക്കെയും ചെയ്തുകൊൾക എന്ന് അവർ പറഞ്ഞപ്പോൾ: നാം ഇവിടെ ദൈവത്തോട് അടുത്തുചെല്ലുക എന്നു പുരോഹിതൻ പറഞ്ഞു. 37അങ്ങനെ ശൗൽ ദൈവത്തോട്: ഞാൻ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കൈയിൽ ഏല്പിക്കുമോ എന്ന് അരുളപ്പാടു ചോദിച്ചു. എന്നാൽ അന്ന് അവന് അരുളപ്പാടു ലഭിച്ചില്ല. 38അപ്പോൾ ശൗൽ: ജനത്തിന്റെ പ്രധാനികളൊക്കെയും ഇവിടെ അടുത്തുവരട്ടെ; ഇന്നു പാപം സംഭവിച്ചത് ഏതു കാര്യത്തിൽ എന്ന് അന്വേഷിച്ചറിവിൻ; 39യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അത് എന്റെ മകൻ യോനാഥാനിൽ തന്നെ ആയിരുന്നാലും അവൻ മരിക്കേണം നിശ്ചയം എന്നു പറഞ്ഞു. എന്നാൽ അവനോട് ഉത്തരം പറവാൻ സർവജനത്തിലും ഒരുത്തനും തുനിഞ്ഞില്ല. 40അവൻ എല്ലാ യിസ്രായേലിനോടും: നിങ്ങൾ ഒരു ഭാഗത്തു നില്പിൻ; ഞാനും എന്റെ മകനായ യോനാഥാനും മറുഭാഗത്തു നില്ക്കാം എന്നു പറഞ്ഞു. നിന്റെ ഇഷ്ടംപോലെ ആകട്ടെ എന്നു ജനം ശൗലിനോടു പറഞ്ഞു. 41അങ്ങനെ ശൗൽ യിസ്രായേലിന്റെ ദൈവമായ യഹോവയോട്: നേർ വെളിപ്പെടുത്തിത്തരേണമേ എന്നു പറഞ്ഞു. അപ്പോൾ ശൗലിനും യോനാഥാനും ചീട്ടുവീണു; ജനം ഒഴിഞ്ഞുപോയി. 42പിന്നെ ശൗൽ: എനിക്കും എന്റെ മകനായ യോനാഥാനും ചീട്ടിടുവിൻ എന്നു പറഞ്ഞു; ചീട്ടു യോനാഥാനു വീണു. 43ശൗൽ യോനാഥാനോട്: നീ എന്തു ചെയ്തു? എന്നോടു പറക എന്നു പറഞ്ഞു. യോനാഥാൻ അവനോട്: ഞാൻ എന്റെ വടിയുടെ അറ്റംകൊണ്ട് അല്പം തേൻ ആസ്വദിച്ചതേയുള്ളൂ; അതുകൊണ്ട് ഇതാ, ഞാൻ മരിക്കേണ്ടിവന്നിരിക്കുന്നു എന്നു പറഞ്ഞു. 44അതിനു ശൗൽ: ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യോനാഥാനേ, നീ മരിക്കേണം എന്ന് ഉത്തരം പറഞ്ഞു.
45എന്നാൽ ജനം ശൗലിനോട്: യിസ്രായേലിൽ ഈ മഹാരക്ഷ പ്രവർത്തിച്ചിരിക്കുന്ന യോനാഥാൻ മരിക്കേണമോ? ഒരിക്കലും അരുത്; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവൻ ഇന്നു ദൈവത്തോടുകൂടെയല്ലോ പ്രവർത്തിച്ചിരിക്കുന്നത് എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ വീണ്ടെടുത്തു; അവൻ മരിക്കേണ്ടിവന്നതുമില്ല. 46ശൗൽ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്കു പോയി.
47ശൗൽ യിസ്രായേലിൽ രാജത്വം ഏറ്റശേഷം മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സോബാരാജാക്കന്മാർ, ഫെലിസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള സകല ജാതികളോടും യുദ്ധം ചെയ്തു; അവൻ ചെന്നേടത്തൊക്കെയും ജയം പ്രാപിച്ചു. 48അവൻ ശൗര്യം പ്രവർത്തിച്ച് അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവർച്ചക്കാരുടെ കൈയിൽനിന്നു വിടുവിക്കയും ചെയ്തു. 49എന്നാൽ ശൗലിന്റെ പുത്രന്മാർ യോനാഥാൻ, യിശ്വി, മൽക്കീശുവ എന്നിവർ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാർക്കോ, മൂത്തവൾക്കു മേരബ് എന്നും ഇളയവൾക്കു മീഖൾ എന്നും പേരായിരുന്നു. 50ശൗലിന്റെ ഭാര്യക്ക് അഹീനോവം എന്നു പേരായിരുന്നു; അവൾ അഹീമാസിന്റെ മകൾ. അവന്റെ സേനാധിപതിക്ക് അബ്നേർ എന്നു പേർ; അവൻ ശൗലിന്റെ ഇളയപ്പനായ നേരിന്റെ മകൻ ആയിരുന്നു. 51ശൗലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും അബീയേലിന്റെ മക്കൾ ആയിരുന്നു.
52ശൗലിന്റെ കാലത്തൊക്കെയും ഫെലിസ്ത്യരോടു കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാൽ ശൗൽ ഏതൊരു വീരനെയോ ശൂരനെയോ കണ്ടാൽ അവനെ തന്റെ അടുക്കൽ ചേർത്തുകൊള്ളും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in