YouVersion Logo
Search Icon

1 ശമൂവേൽ 11

11
1അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്ന് ഗിലെയാദിലെ യാബേശിനു നേരേ പാളയം ഇറങ്ങി; യാബേശ്നിവാസികൾ ഒക്കെയും നാഹാശിനോട്: ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു. 2അമ്മോന്യനായ നാഹാശ് അവരോട്: നിങ്ങളുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കയും എല്ലാ യിസ്രായേലിന്മേലും ഈ നിന്ദ വരുത്തുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേൽ ഞാൻ നിങ്ങളോട് ഉടമ്പടി ചെയ്യാം എന്നു പറഞ്ഞു. 3യാബേശിലെ മൂപ്പന്മാർ അവനോട്: ഞങ്ങൾ യിസ്രായേൽദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാൻ തക്കവണ്ണം ഞങ്ങൾക്ക് ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ ഇറങ്ങിവരാം എന്നു പറഞ്ഞു. 4ദൂതന്മാർ ശൗലിന്റെ ഗിബെയയിൽ ചെന്ന് ആ വർത്തമാനം ജനത്തെ പറഞ്ഞുകേൾപ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു. 5അപ്പോൾ ഇതാ, ശൗൽ കന്നുകാലികളെയുംകൊണ്ട് വയലിൽനിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്ത് എന്നു ശൗൽ ചോദിച്ചു. അവർ യാബേശ്യരുടെ വർത്തമാനം അവനെ അറിയിച്ചു. 6ശൗൽ വർത്തമാനം കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു. 7അവൻ ഒരേർ കാളയെ പിടിച്ച് കഷണംകഷണമായി ഖണ്ഡിച്ച് ദൂതന്മാരുടെ കൈയിൽ യിസ്രായേൽദേശത്തെല്ലാടവും കൊടുത്തയച്ചു; ആരെങ്കിലും ശൗലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാൽ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു. 8അവൻ ബേസെക്കിൽവച്ച് അവരെ എണ്ണി; യിസ്രായേല്യർ മൂന്നു ലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും ഉണ്ടായിരുന്നു. 9വന്ന ദൂതന്മാരോട് അവർ: നിങ്ങൾ ഗിലെയാദിലെ യാബേശ്യരോട്: നാളെ വെയിൽ മൂക്കുമ്പോഴേക്കു നിങ്ങൾക്കു രക്ഷ ഉണ്ടാകും എന്നു പറവിൻ എന്നു പറഞ്ഞു. ദൂതന്മാർ ചെന്ന് യാബേശ്യരോട് അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു. 10പിന്നെ യാബേശ്യർ: നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങൾക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊൾവിൻ എന്നു പറഞ്ഞയച്ചു. 11പിറ്റന്നാൾ ശൗൽ ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവർ പ്രഭാതയാമത്തിൽ പാളയത്തിന്റെ നടുവിലേക്കു ചെന്ന് വെയിൽ മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേർ ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി. 12അനന്തരം ജനം ശമൂവേലിനോട്: ശൗൽ ഞങ്ങൾക്കു രാജാവായിരിക്കുമോ എന്നു പറഞ്ഞത് ആർ? അവരെ ഏല്പിച്ചുതരേണം; ഞങ്ങൾ അവരെ കൊന്നുകളയും എന്നു പറഞ്ഞു. 13അതിനു ശൗൽ: ഇന്ന് ഒരു മനുഷ്യനെയും കൊല്ലരുത്; ഇന്ന് യഹോവ യിസ്രായേലിനു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
14പിന്നെ ശമൂവേൽ ജനത്തോട്: വരുവിൻ; നാം ഗില്ഗാലിൽ ചെന്ന്, അവിടെവച്ച് രാജത്വം പുതുക്കുക എന്നു പറഞ്ഞു. 15അങ്ങനെ ജനമെല്ലാം ഗില്ഗാലിൽ ചെന്നു; അവർ ശൗലിനെ ഗില്ഗാലിൽ യഹോവയുടെ സന്നിധിയിൽവച്ചു രാജാവാക്കി. അവർ അവിടെ യഹോവയുടെ സന്നിധിയിൽ സമാധാനയാഗങ്ങൾ കഴിച്ചു; ശൗലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in