1 പത്രൊസ് 1
1
1യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രൊസ് പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും 2ചിതറിപ്പാർക്കുന്ന പരദേശികളും പിതാവായ ദൈവത്തിന്റെ മുന്നറിവിന് ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ച് അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവർക്ക് എഴുതുന്നത്: നിങ്ങൾക്കു കൃപയും സമാധാനവും വർധിക്കുമാറാകട്ടെ. 3നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശയ്ക്കായി, 4അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷയ്ക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കുവേണ്ടി സ്വർഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും 5ക്ഷയം, മാലിന്യം, വാട്ടം എന്നിവ ഇല്ലാത്തതുമായ അവകാശത്തിനായിതന്നെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു. 6അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടി വന്നാലും ആനന്ദിക്കുന്നു. 7അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയത് എന്ന് യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചയ്ക്കും തേജസ്സിനും മാനത്തിനുമായി കാൺമാൻ അങ്ങനെ ഇടവരും. 8അവനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോൾ കാണാതെ വിശ്വസിച്ചുംകൊണ്ടു 9നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു. 10നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞ് അന്വേഷിച്ചിരുന്നു. 11അവരിലുള്ള ക്രിസ്തുവിൻ ആത്മാവ് ക്രിസ്തുവിനു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി, തങ്ങൾക്കായിട്ടല്ല നിങ്ങൾക്കായിട്ടത്രേ 12തങ്ങൾ ആ ശുശ്രൂഷ ചെയ്യുന്നു എന്ന് അവർക്കു വെളിപ്പെട്ടു; സ്വർഗത്തിൽനിന്ന് അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അത് ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞു നോക്കുവാൻ ആഗ്രഹിക്കുന്നു.
13ആകയാൽ നിങ്ങളുടെ മനസ്സ് ഉറപ്പിച്ചു നിർമദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണപ്രത്യാശ വച്ചുകൊൾവിൻ. 14പണ്ടു നിങ്ങളുടെ അജ്ഞാനകാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ 15നിങ്ങളെ വിളിച്ച വിശുദ്ധന് ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാ നടപ്പിലും വിശുദ്ധരാകുവിൻ. 16“ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്ന് എഴുതിയിരിക്കുന്നുവല്ലോ. 17മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവ് എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ. 18വ്യർഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്ന്, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, 19ക്രിസ്തു എന്ന നിർദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തം കൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ. 20അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. 21നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വച്ചുകൊള്ളേണ്ടതിനു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച്, അവനു തേജസ്സു കൊടുത്തുമിരിക്കുന്നു. 22എന്നാൽ സത്യം അനുസരിക്കയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂർവം അന്യോന്യം ഉറ്റുസ്നേഹിപ്പിൻ. 23കെടുന്ന ബീജത്താലല്ല, കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽതന്നെ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു. 24“സകല ജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി, പൂവുതിർന്നുപോയി; 25കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അത് ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.
Currently Selected:
1 പത്രൊസ് 1: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.