1 രാജാക്കന്മാർ 5
5
1ശലോമോനെ അവന്റെ അപ്പനു പകരം രാജാവായിട്ട് അഭിഷേകം ചെയ്തു എന്നു സോർരാജാവായ ഹീരാം കേട്ടിട്ട് ഭൃത്യന്മാരെ അവന്റെ അടുക്കൽ അയച്ചു. ഹീരാം എല്ലായ്പോഴും ദാവീദിന്റെ സ്നേഹിതനായിരുന്നു. 2ശലോമോൻ ഹീരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചത് എന്തെന്നാൽ: 3എന്റെ അപ്പനായ ദാവീദിന്റെ ശത്രുക്കളെ യഹോവ അവന്റെ കാല്ക്കീഴാക്കുംവരെ ചുറ്റുമുള്ള യുദ്ധം ഹേതുവായി തന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിവാൻ അവനു കഴിഞ്ഞില്ല എന്നു നീ അറിയുന്നുവല്ലോ. 4എന്നാൽ ഇപ്പോൾ ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല; എന്റെ ദൈവമായ യഹോവ ചുറ്റും എനിക്കു സ്വസ്ഥത നല്കിയിരിക്കുന്നു. 5ആകയാൽ ഇതാ, ഞാൻ നിനക്കു പകരം നിന്റെ സിംഹാസനത്തിൽ ഇരുത്തുന്ന നിന്റെ മകൻ എന്റെ നാമത്തിന് ഒരു ആലയം പണിയുമെന്ന് യഹോവ എന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്തതുപോലെ എന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഒരു ആലയം പണിവാൻ ഞാൻ വിചാരിക്കുന്നു. 6ആകയാൽ ലെബാനോനിൽനിന്ന് എനിക്കായി ദേവദാരുമരം മുറിപ്പാൻ കല്പന കൊടുക്കേണം; എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്റെ വേലക്കാർക്കും നീ പറയുന്ന കൂലി ഞാൻ എത്തിച്ചുതരാം; സീദോന്യരെപ്പോലെ മരം മുറിപ്പാൻ പരിചയമുള്ളവർ ഞങ്ങളുടെ ഇടയിൽ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ. 7ഹീരാം ശലോമോന്റെ വാക്കു കേട്ടപ്പോൾ ഏറ്റവും സന്തോഷിച്ചു: ഈ മഹാജനത്തെ വാഴുവാൻ ദാവീദിനു ജ്ഞാനമുള്ളൊരു മകനെ കൊടുത്ത യഹോവ ഇന്നു വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. 8ഹീരാം ശലോമോന്റെ അടുക്കൽ ആളയച്ചു പറയിച്ചത് എന്തെന്നാൽ: നീ പറഞ്ഞയച്ച വസ്തുത ഞാൻ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തിൽ നീ ഇച്ഛിച്ചതൊക്കെയും ഞാൻ ചെയ്യാം. 9എന്റെ വേലക്കാർ ലെബാനോനിൽനിന്നു കടലിലേക്ക് അവയെ ഇറക്കിയശേഷം ഞാൻ ചങ്ങാടം കെട്ടിച്ചു നീ പറയുന്ന സ്ഥലത്തേക്കു കടൽ വഴിയായി എത്തിച്ച് കെട്ടഴിപ്പിച്ചു തരാം; നീ ഏറ്റുവാങ്ങേണം; എന്നാൽ എന്റെ ഗൃഹത്തിന് ആഹാരം എത്തിച്ചുതരുന്ന കാര്യത്തിൽ നീ എന്റെ ഇഷ്ടവും നിവർത്തിക്കേണം. 10അങ്ങനെ ഹീരാം ശലോമോന് ദേവദാരുവും സരളമരവും അവന്റെ ഇഷ്ടംപോലെയൊക്കെയും കൊടുത്തുപോന്നു. 11ശലോമോൻ ഹീരാമിന്റെ ഗൃഹത്തിലേക്ക് ആഹാരം വകയ്ക്ക് ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോൻ ഹീരാമിന് ആണ്ടുതോറും കൊടുക്കും. 12യഹോവ ശലോമോനോട് അരുളിച്ചെയ്തതുപോലെ അവനു ജ്ഞാനം നല്കി; ഹീരാമും ശലോമോനും തമ്മിൽ സമാധാനമായിരുന്നു; അവർ ഇരുവരും തമ്മിൽ ഉടമ്പടിയും ചെയ്തു. 13ശലോമോൻരാജാവ് യിസ്രായേലിൽ നിന്നൊക്കെയും ഊഴിയവേലക്കാരെ വരിയിട്ടെടുത്തു; ഊഴിയവേലക്കാർ മുപ്പതിനായിരം പേരായിരുന്നു. 14അവൻ അവരെ മാസംതോറും പതിനായിരം പേർ വീതം മാറിമാറി ലെബാനോനിലേക്ക് അയച്ചു; അവർ ഒരു മാസം ലെബാനോനിലും രണ്ടു മാസം വീട്ടിലും ആയിരുന്നു. അദോനീരാം ഊഴിയവേലക്കാർക്കു മേധാവി ആയിരുന്നു. 15വേല ചെയ്യുന്ന ജനത്തെ ഭരിച്ചു വേല നടത്തുന്ന മൂവായിരത്തിമുന്നൂറു പ്രധാന കാര്യക്കാരന്മാരൊഴികെ 16ശലോമോന് എഴുപതിനായിരം ചുമട്ടുകാരും മലയിൽ എൺപതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു. 17ആലയത്തിന് ചെത്തിയ കല്ലുകൊണ്ട് അടിസ്ഥാനം ഇടുവാൻ അവർ രാജകല്പനപ്രകാരം വിശേഷപ്പെട്ട വലിയ കല്ലു വെട്ടി. 18ശലോമോന്റെ ശില്പികളും ഹീരാമിന്റെ ശില്പികളും ഗെബാല്യരും ആലയപ്പണിക്കായി മരവും കല്ലും ചെത്തിയൊരുക്കി.
Currently Selected:
1 രാജാക്കന്മാർ 5: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.