YouVersion Logo
Search Icon

1 രാജാക്കന്മാർ 20

20
1അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെയൊക്കെയും ഒന്നിച്ചുകൂട്ടി; അവനോടുകൂടെ മുപ്പത്തിരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു; അവൻ പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ച് അതിന്റെ നേരേ യുദ്ധം ചെയ്തു. 2അവൻ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ച് അവനോട്: 3നിന്റെ വെള്ളിയും പൊന്നും എനിക്കുള്ളത്; നിന്റെ സൗന്ദര്യമേറിയ ഭാര്യമാരും പുത്രന്മാരും എനിക്കുള്ളവർ എന്നിങ്ങനെ ബെൻ-ഹദദ് പറയുന്നു എന്നു പറയിച്ചു. 4അതിനു യിസ്രായേൽരാജാവ്: എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതുതന്നെ എന്നു മറുപടി പറഞ്ഞയച്ചു. 5ദൂതന്മാർ വീണ്ടും വന്നു: ബെൻ-ഹദദ് ഇപ്രകാരം പറയുന്നു: നിന്റെ വെള്ളിയും പൊന്നും നിന്റെ ഭാര്യമാരെയും നിന്റെ പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാൻ പറഞ്ഞയച്ചുവല്ലോ; 6നാളെ ഈ നേരത്തു ഞാൻ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കൽ അയയ്ക്കും; അവർ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്ത് നിനക്ക് ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു. 7അപ്പോൾ യിസ്രായേൽരാജാവ് ദേശത്തുള്ള എല്ലാ മൂപ്പന്മാരെയും വരുത്തി: അവൻ ദോഷം ഭാവിക്കുന്നതു നോക്കിക്കാൺമിൻ; എന്റെ ഭാര്യമാരെയും പുത്രന്മാരെയും എന്റെ വെള്ളിയും പൊന്നും, അവൻ ആളയച്ചു ചോദിച്ചു; എന്നാൽ ഞാൻ വിരോധിച്ചില്ല എന്നു പറഞ്ഞു. 8എല്ലാ മൂപ്പന്മാരും സകല ജനവും അവനോട്: നീ കേൾക്കരുത്, സമ്മതിക്കയും അരുത് എന്നു പറഞ്ഞു. 9ആകയാൽ അവൻ ബെൻ-ഹദദിന്റെ ദൂതന്മാരോട്: നിങ്ങൾ എന്റെ യജമാനനായ രാജാവിനോട്: നീ ആദ്യം അടിയന്റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാര്യം എനിക്കു ചെയ്‍വാൻ കഴിവില്ല എന്നു ബോധിപ്പിക്കേണം എന്നു പറഞ്ഞു. ദൂതന്മാർ ചെന്ന് ഈ മറുപടി ബോധിപ്പിച്ചു. 10ബെൻ-ഹദദ് അവന്റെ അടുക്കൽ ആളയച്ചു: എന്നോടുകൂടെയുള്ള എല്ലാ പടജ്ജനത്തിനും കൈക്ക് ഓരോ പിടി വാരുവാൻ ശമര്യയിലെ പൊടി മതിയാകുമെങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറയിച്ചു. 11അതിനു യിസ്രായേൽരാജാവ്: വാൾ അരയ്ക്കു കെട്ടുന്നവൻ അഴിച്ചുകളയുന്നവനെപ്പോലെ വമ്പു പറയരുത് എന്ന് അവനോടു പറവിൻ എന്ന് ഉത്തരം പറഞ്ഞു. 12എന്നാൽ അവനും രാജാക്കന്മാരും മണിപ്പന്തലിൽ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഈ വാക്കു കേട്ടിട്ടു തന്റെ ഭൃത്യന്മാരോട്: ഒരുങ്ങിക്കൊൾവിൻ എന്നു കല്പിച്ചു; അങ്ങനെ അവർ പട്ടണത്തിനു നേരേ യുദ്ധത്തിനൊരുങ്ങി. 13എന്നാൽ ഒരു പ്രവാചകൻ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ വന്നു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ മഹാസംഘത്തെയൊക്കെയും നീ കണ്ടുവോ? ഞാൻ ഇന്ന് അതിനെ നിന്റെ കൈയിൽ ഏല്പിക്കും; ഞാൻ യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു. 14ആരെക്കൊണ്ട് എന്ന് ആഹാബ് ചോദിച്ചതിന് അവൻ: ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ട് എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. ആർ പട തുടങ്ങേണം എന്നു ചോദിച്ചതിന്: നീതന്നെ എന്ന് അവൻ ഉത്തരം പറഞ്ഞു. 15അവൻ ദേശാധിപതികളുടെ ബാല്യക്കാരെ എണ്ണിനോക്കി; അവർ ഇരുനൂറ്റിമുപ്പത്തിരണ്ടു പേരായിരുന്നു. അവരുടെ ശേഷം അവൻ യിസ്രായേൽമക്കളുടെ പടജ്ജനത്തെയൊക്കെയും എണ്ണി ഏഴായിരം പേർ എന്നു കണ്ടു. 16അവർ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാൽ ബെൻ-ഹദദ് തനിക്കു തുണയായിരുന്ന മുപ്പത്തിരണ്ടു രാജാക്കന്മാരോടുകൂടെ മണിപ്പന്തലിൽ കുടിച്ചു മത്തനായിരുന്നു. 17ദേശാധിപതികളുടെ ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെൻ-ഹദദ് ആളയച്ച് അന്വേഷിച്ചാറെ ശമര്യയിൽനിന്ന് ആളുകൾ വരുന്നുണ്ടെന്ന് അറിവുകിട്ടി. 18അപ്പോൾ അവൻ: അവർ സമാധാനത്തിനു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ; അവർ യുദ്ധത്തിന് വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ എന്നു കല്പിച്ചു. 19പട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നതോ, ദേശാധിപതികളുടെ ബാല്യക്കാരും അവരെ തുടർന്നുപോന്ന സൈന്യവും ആയിരുന്നു. 20അവർ ഓരോരുത്തൻ താന്താന്റെ നേരേ വരുന്നവനെ കൊന്നു; അരാമ്യർ ഓടിപ്പോയി; യിസ്രായേൽ അവരെ പിന്തുടർന്നു; അരാംരാജാവായ ബെൻ-ഹദദ് കുതിരപ്പുറത്തു കയറി കുതിരച്ചേവകരോടുകൂടെ ചാടിപ്പോയി. 21പിന്നെ യിസ്രായേൽരാജാവ് പുറപ്പെട്ട് കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു. 22അതിന്റെശേഷം ആ പ്രവാചകൻ യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്ന് അവനോട്: ധൈര്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊൾക; ഇനിയത്തെ ആണ്ടിൽ അരാംരാജാവ് നിന്റെ നേരേ പുറപ്പെട്ടുവരും എന്നു പറഞ്ഞു. 23അരാംരാജാവിനോട് അവന്റെ ഭൃത്യന്മാർ പറഞ്ഞത്: അവരുടെ ദേവന്മാർ പർവതദേവന്മാരാകുന്നു. അതുകൊണ്ടത്രേ അവർ നമ്മെ തോല്പിച്ചത്; സമഭൂമിയിൽവച്ച് അവരോടു യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും. 24അതുകൊണ്ടു നീ ഒരു കാര്യം ചെയ്യേണം: ആ രാജാക്കന്മാരെ അവനവന്റെ സ്ഥാനത്തുനിന്നു മാറ്റി അവർക്കു പകരം ദേശാധിപതിമാരെ നിയമിക്കേണം. 25പിന്നെ നിനക്കു നഷ്ടമായിപ്പോയ സൈന്യത്തിനു സമമായൊരു സൈന്യത്തെയും കുതിരപ്പടയ്ക്കു സമമായ കുതിരപ്പടയെയും രഥങ്ങൾക്കു സമമായ രഥങ്ങളെയും ഒരുക്കിക്കൊൾക; എന്നിട്ടു നാം സമഭൂമിയിൽവച്ച് അവരോടു യുദ്ധം ചെയ്ക; നാം അവരെ തോല്പിക്കും നിശ്ചയം. അവൻ അവരുടെ വാക്കു കേട്ട് അങ്ങനെതന്നെ ചെയ്തു. 26പിറ്റേ ആണ്ടിൽ ബെൻ-ഹദദ് അരാമ്യരെ എണ്ണിനോക്കി യിസ്രായേലിനോടു യുദ്ധം ചെയ്‍വാൻ അഫേക്കിനു പുറപ്പെട്ടു വന്നു. 27യിസ്രായേല്യരെയും എണ്ണിനോക്കി; അവർ ഭക്ഷണപദാർഥങ്ങൾ എടുത്ത് അവരുടെ നേരേ പുറപ്പെട്ടു; യിസ്രായേല്യർ ആട്ടിൻകുട്ടികളുടെ രണ്ടു ചെറിയ കൂട്ടംപോലെ അവരുടെ നേരേ പാളയം ഇറങ്ങി; അരാമ്യരോ ദേശത്തു നിറഞ്ഞിരുന്നു. 28ഒരു ദൈവപുരുഷൻ അടുത്തുവന്നു യിസ്രായേൽരാജാവിനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ പർവതദേവനാകുന്നു; താഴ്‌വരദേവനല്ല എന്ന് അരാമ്യർ പറകകൊണ്ട് ഞാൻ ഈ മഹാസംഘത്തെയൊക്കെയും നിന്റെ കൈയിൽ ഏല്പിക്കും; ഞാൻ യഹോവതന്നെ എന്നു നിങ്ങൾ അറിയും എന്നു പറഞ്ഞു. 29എന്നാൽ അവർ അവരുടെ നേരേ ഏഴു ദിവസം പാളയം ഇറങ്ങിയിരുന്നു; ഏഴാം ദിവസം പടയുണ്ടായി; യിസ്രായേല്യർ അരാമ്യരിൽ ഒരു ലക്ഷം കാലാളുകളെ ഒരു ദിവസംതന്നെ കൊന്നു. 30ശേഷിച്ചവർ അഫേക്പട്ടണത്തിലേക്ക് ഓടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തിഏഴായിരം പേരുടെമേൽ പട്ടണമതിൽ വീണു. ബെൻ-ഹദദും ഓടി പട്ടണത്തിനകത്തു കടന്ന് ഒരു ഉള്ളറയിൽ ഒളിച്ചു. 31അവന്റെ ഭൃത്യന്മാർ അവനോട്: യിസ്രായേൽഗൃഹത്തിലെ രാജാക്കന്മാർ ദയയുള്ള രാജാക്കന്മാർ എന്നു ഞങ്ങൾ കേട്ടിട്ടുണ്ട്; ഞങ്ങൾ അരയ്ക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെല്ലട്ടെ; പക്ഷേ അവൻ നിന്നെ ജീവനോടെ രക്ഷിക്കുമെന്നു പറഞ്ഞു. 32അങ്ങനെ അവർ അരയ്ക്കു രട്ടും; തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്ന്: എന്റെ ജീവനെ രക്ഷിക്കേണമേ എന്ന് നിന്റെ ദാസനായ ബെൻ-ഹദദ് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അതിന് അവൻ: അവൻ ജീവനോടെ ഇരിക്കുന്നുവോ? അവൻ എന്റെ സഹോദരൻ തന്നെ എന്നു പറഞ്ഞു. 33ആ പുരുഷന്മാർ അതു ശുഭലക്ഷണം എന്നു ധരിച്ചു ബദ്ധപ്പെട്ട് അവന്റെ വാക്കു പിടിച്ചു: അതേ, നിന്റെ സഹോദരൻ ബെൻ-ഹദദ് എന്നു പറഞ്ഞു. അതിന് അവൻ: നിങ്ങൾ ചെന്ന് അവനെ കൂട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ബെൻ-ഹദദ് അവന്റെ അടുക്കൽ പുറത്തേക്കു വന്നു; അവൻ അവനെ രഥത്തിൽ കയറ്റി. 34അവൻ അവനോട്: എന്റെ അപ്പൻ നിന്റെ അപ്പനോടു പിടിച്ചടക്കിയ പട്ടണങ്ങളെ ഞാൻ മടക്കിത്തരാം; എന്റെ അപ്പൻ ശമര്യയിൽ ഉണ്ടാക്കിയതുപോലെ നീ ദമ്മേശെക്കിൽ നിനക്കു തെരുവീഥികളെ ഉണ്ടാക്കിക്കൊൾക എന്നു പറഞ്ഞു. അതിന് ആഹാബ്: ഈ ഉടമ്പടിയിന്മേൽ ഞാൻ നിന്നെ വിട്ടയയ്ക്കാം എന്നു പറഞ്ഞു. അങ്ങനെ അവൻ അവനോട് ഉടമ്പടി ചെയ്ത് അവനെ വിട്ടയച്ചു.
35എന്നാൽ പ്രവാചകശിഷ്യന്മാരിൽ ഒരുത്തൻ യഹോവയുടെ കല്പനപ്രകാരം തന്റെ ചങ്ങാതിയോട്: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. എന്നാൽ അവന് അവനെ അടിപ്പാൻ മനസ്സായില്ല. 36അവൻ അവനോട്: നീ യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ടു നീ എന്നെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം നിന്നെ കൊല്ലും എന്നു പറഞ്ഞു. അവൻ അവനെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ടു കൊന്നുകളഞ്ഞു. 37പിന്നെ അവൻ മറ്റൊരുത്തനെ കണ്ടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. അവൻ അവനെ അടിച്ചു മുറിവേല്പിച്ചു. 38പ്രവാചകൻ ചെന്നു വഴിയിൽ രാജാവിനെ കാത്തിരുന്നു; അവൻ തലപ്പാവ് കണ്ണുവരെ താഴ്ത്തിക്കെട്ടി വേഷം മാറിനിന്നു. 39രാജാവ് കടന്നുപോകുമ്പോൾ അവൻ രാജാവിനോട് വിളിച്ചുപറഞ്ഞത്: അടിയൻ പടയുടെ നടുവിൽ ചെന്നിരുന്നു; അപ്പോൾ ഇതാ, ഒരുത്തൻ തിരിഞ്ഞ് എന്റെ അടുക്കൽ ഒരാളെ കൊണ്ടുവന്നു; ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാൽ നിന്റെ ജീവൻ അവന്റെ ജീവനു പകരം ഇരിക്കും; അല്ലെങ്കിൽ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും എന്നു പറഞ്ഞു. 40എന്നാൽ അടിയൻ അങ്ങുമിങ്ങും ബദ്ധപ്പാടായിരിക്കുമ്പോൾ അവനെ കാണാതെപോയി. അതിനു യിസ്രായേൽരാജാവ് അവനോട്: നിന്റെ വിധി അങ്ങനെതന്നെ ആയിരിക്കട്ടെ; നീ തന്നെ തീർച്ചയാക്കിയല്ലോ എന്നു പറഞ്ഞു. 41തൽക്ഷണം അവൻ കണ്ണിന്മേൽനിന്നു തലപ്പാവു നീക്കി; അപ്പോൾ അവൻ ഒരു പ്രവാചകനെന്നു യിസ്രായേൽരാജാവ് അറിഞ്ഞു. 42അവൻ അവനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാശത്തിനായിട്ടു ഞാൻ നിയമിച്ച ആളെ നീ വിട്ടയച്ചുകളകകൊണ്ടു നിന്റെ ജീവൻ അവന്റെ ജീവനും നിന്റെ ജനം അവന്റെ ജനത്തിനും പകരമായിരിക്കും എന്നു പറഞ്ഞു. 43അതുകൊണ്ട് യിസ്രായേൽരാജാവ് വ്യസനവും നീരസവും ഉള്ളവനായി അരമനയിലേക്കു പുറപ്പെട്ട് ശമര്യയിൽ എത്തി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for 1 രാജാക്കന്മാർ 20