1 രാജാക്കന്മാർ 11
11
1ശലോമോൻരാജാവ് ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു. 2നിങ്ങൾക്ക് അവരോടു കൂടിക്കലർച്ച അരുത്; അവർക്കു നിങ്ങളോടും കൂടിക്കലർച്ച അരുത്; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്ന് യഹോവ യിസ്രായേൽമക്കളോട് അരുളിച്ചെയ്ത അന്യജാതികളിൽ നിന്നുള്ളവരെത്തന്നെ; അവരോടു ശലോമോൻ സ്നേഹത്താൽ പറ്റിച്ചേർന്നിരുന്നു. 3അവന് എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു. അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു. 4എങ്ങനെയെന്നാൽ: ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല. 5ശലോമോൻ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മിൽക്കോമിനെയും ചെന്നു സേവിച്ചു. 6തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂർണമായി അനുസരിക്കാതെ ശലോമോൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. 7അന്ന് ശലോമോൻ യെരൂശലേമിന് എതിരേയുള്ള മലയിൽ മോവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലേക്കിനും ഓരോ പൂജാഗിരി പണിതു. 8തങ്ങളുടെ ദേവന്മാർക്കു ധൂപം കാട്ടിയും ബലികഴിച്ചും പോന്ന അന്യജാതിക്കാരത്തികളായ സകല ഭാര്യമാർക്കുംവേണ്ടി അവൻ അങ്ങനെ ചെയ്തു.
9തനിക്കു രണ്ടു പ്രാവശ്യം പ്രത്യക്ഷനാകയും അന്യദേവന്മാരെ ചെന്നു സേവിക്കരുതെന്ന കാര്യത്തെക്കുറിച്ചു തന്നോടു കല്പിക്കയും ചെയ്തിരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ടു ശലോമോൻ തന്റെ ഹൃദയം തിരിക്കയും 10യഹോവ കല്പിച്ചതു പ്രമാണിക്കാതെ ഇരിക്കയും ചെയ്കകൊണ്ടു യഹോവ അവനോടു കോപിച്ചു. 11യഹോവ ശലോമോനോട് അരുളിച്ചെയ്തത് എന്തെന്നാൽ: എന്റെ നിയമവും ഞാൻ നിന്നോടു കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്റെ പേരിൽ ഇരിക്കകൊണ്ട് ഞാൻ രാജത്വം നിങ്കൽനിന്നു നിശ്ചയമായി പറിച്ച് നിന്റെ ദാസനു കൊടുക്കും. 12എങ്കിലും നിന്റെ അപ്പനായ ദാവീദിൻനിമിത്തം ഞാൻ നിന്റെ ജീവകാലത്ത് അതു ചെയ്കയില്ല; എന്നാൽ നിന്റെ മകന്റെ കൈയിൽനിന്ന് അതിനെ പറിച്ചുകളയും. 13എങ്കിലും രാജത്വം മുഴുവനും പറിച്ചുകളയാതെ എന്റെ ദാസനായ ദാവീദിൻനിമിത്തവും ഞാൻ തിരഞ്ഞെടുത്ത യെരൂശലേമിൻനിമിത്തവും ഒരു ഗോത്രത്തെ ഞാൻ നിന്റെ മകനു കൊടുക്കും. 14യഹോവ എദോമ്യനായ ഹദദ് എന്ന ഒരു പ്രതിയോഗിയെ ശലോമോന്റെ നേരേ എഴുന്നേല്പിച്ചു. അവൻ എദോം രാജസന്തതിയിൽ ഉള്ളവൻ ആയിരുന്നു. 15ദാവീദ് എദോമ്യരെ നിഗ്രഹിച്ച കാലത്ത് സേനാധിപതിയായ യോവാബ് പട്ടുപോയവരെ അടക്കം ചെയ്‍വാൻ ചെന്ന് എദോമിലെ പുരുഷപ്രജയെയൊക്കെയും നിഗ്രഹിച്ചപ്പോൾ- 16എദോമിലെ പുരുഷപ്രജയെയൊക്കെയും നിഗ്രഹിക്കുവോളം യോവാബും എല്ലാ യിസ്രായേലും അവിടെ ആറ് മാസം പാർത്തിരുന്നു- 17ഹദദ് എന്നവൻ തന്റെ അപ്പന്റെ ഭൃത്യന്മാരിൽ ചില എദോമ്യരുമായി മിസ്രയീമിലേക്ക് ഓടിപ്പോയി; ഹദദ് അന്ന് പൈതൽ ആയിരുന്നു. 18അവർ മിദ്യാനിൽനിന്നു പുറപ്പെട്ടു പാരാനിൽ എത്തി; പാരാനിൽനിന്ന് ആളുകളെയും കൂട്ടിക്കൊണ്ട് മിസ്രയീമിൽ മിസ്രയീംരാജാവായ ഫറവോന്റെ അടുക്കൽചെന്നു; അവൻ അവന് ഒരു വീടുകൊടുത്തു; ആഹാരം കല്പിച്ച് ഒരു ദേശവും കൊടുത്തു. 19ഫറവോന് ഹദദിനോടു വളരെ ഇഷ്ടം തോന്നി; അതുകൊണ്ട് അവൻ തന്റെ ഭാര്യയായ തഹ്പെനേസ് രാജ്ഞിയുടെ സഹോദരിയെ അവനു ഭാര്യയായി കൊടുത്തു. 20തഹ്പെനേസിന്റെ സഹോദരി അവനു ഗെനൂബത്ത് എന്നൊരു മകനെ പ്രസവിച്ചു. അവനെ തഹ്പെനേസ് മുലകുടി മാറ്റി ഫറവോന്റെ അരമനയിൽ വളർത്തി; അങ്ങനെ ഗെനൂബത്ത് ഫറവോന്റെ അരമനയിൽ ഫറവോന്റെ പുത്രന്മാരോടുകൂടെ ആയിരുന്നു. 21ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു എന്നും സേനാധിപതിയായ യോവാബും മരിച്ചു എന്നും ഹദദ് മിസ്രയീമിൽ കേട്ടിട്ടു ഫറവോനോട്: ഞാൻ എന്റെ ദേശത്തേക്കു യാത്രയാകേണ്ടതിന് എന്നെ അയയ്ക്കേണം എന്നു പറഞ്ഞു. 22ഫറവോൻ അവനോട്: നീ സ്വദേശത്തേക്കു പോകുവാൻ താൽപര്യപ്പെടേണ്ടതിന് എന്റെ അടുക്കൽ നിനക്ക് എന്തു കുറവുള്ളൂ എന്നു ചോദിച്ചു. അതിന് അവൻ: ഒന്നുമുണ്ടായിട്ടല്ല; എങ്കിലും എന്നെ ഒന്നയയ്ക്കേണം എന്നു പറഞ്ഞു.
23ദൈവം അവന്റെ നേരേ എല്യാദാവിന്റെ മകനായ രെസോൻ എന്ന മറ്റൊരു പ്രതിയോഗിയെയും എഴുന്നേല്പിച്ചു; അവൻ സോബാരാജാവായ ഹദദേസർ എന്ന തന്റെ യജമാനനെ വിട്ട് ഓടിപ്പോയിരുന്നു. 24ദാവീദ് സോബാക്കാരെ നിഗ്രഹിച്ചപ്പോൾ അവൻ തനിക്ക് ആളുകളെ ശേഖരിച്ച് അവരുടെ കൂട്ടത്തിനു നായകനായിത്തീർന്നു; അവർ ദമ്മേശെക്കിൽ ചെന്ന് അവിടെ പാർത്തു ദമ്മേശെക്കിൽ വാണു. 25ഹദദ് ചെയ്ത ദോഷംകൂടാതെ ഇവനും ശലോമോന്റെ കാലത്തൊക്കെയും യിസ്രായേലിനു പ്രതിയോഗി ആയിരുന്നു; അവൻ യിസ്രായേലിനെ വെറുത്ത് അരാമിൽ രാജാവായി വാണു.
26സെരേദയിൽനിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്റെ മകൻ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു. 27അവൻ രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാൽ: ശലോമോൻ മില്ലോ പണിതു, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീർത്തു. 28എന്നാൽ യൊരോബെയാം ബഹുപ്രാപ്തിയുള്ള പുരുഷൻ ആയിരുന്നു. ഈ യൗവനക്കാരൻ പരിശ്രമശീലൻ എന്നു കണ്ടിട്ട് ശലോമോൻ യോസേഫ്ഗൃഹത്തിന്റെ കാര്യാദികളൊക്കെയും അവന്റെ വിചാരണയിൽ ഏല്പിച്ചു. 29ആ കാലത്ത് ഒരിക്കൽ യൊരോബെയാം യെരൂശലേമിൽനിന്നു വരുമ്പോൾ ശീലോന്യനായ അഹീയാപ്രവാചകൻ വഴിയിൽവച്ച് അവനെ കണ്ടു; അവൻ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടു പേരും വയലിൽ തനിച്ചായിരുന്നു. 30അഹീയാവ് താൻ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ട് ഖണ്ഡമായി കീറി: 31യൊരോബെയാമിനോടു പറഞ്ഞതെന്തെന്നാൽ, പത്തു ഖണ്ഡം നീ എടുത്തുകൊൾക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ രാജത്വം ശലോമോന്റെ കൈയിൽനിന്നു പറിച്ചുകീറി, പത്തു ഗോത്രം നിനക്കു തരുന്നു. 32എന്നാൽ എന്റെ ദാസനായ ദാവീദിൻനിമിത്തവും ഞാൻ എല്ലാ യിസ്രായേൽഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത യെരൂശലേംനഗരം നിമിത്തവും ഒരു ഗോത്രം അവന് ഇരിക്കും. 33അവർ എന്നെ ഉപേക്ഷിച്ചു, സീദോന്യദേവിയായ അസ്തോരെത്തിനെയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മിൽക്കോമിനെയും നമസ്കരിക്കയും അവന്റെ അപ്പനായ ദാവീദ് എന്നപോലെ എനിക്കു പ്രസാദമായുള്ളതു ചെയ്‍വാനും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും അവർ എന്റെ വഴികളിൽ നടക്കാതെ ഇരിക്കയും ചെയ്തതുകൊണ്ടുതന്നെ. 34എന്നാൽ രാജത്വം മുഴുവനും ഞാൻ അവന്റെ കൈയിൽനിന്ന് എടുക്കയില്ല; ഞാൻ തിരഞ്ഞെടുത്തവനും എന്റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്റെ ദാസൻ ദാവീദ് നിമിത്തം ഞാൻ അവനെ അവന്റെ ജീവകാലത്തൊക്കെയും പ്രഭുവായി വച്ചേക്കും. 35എങ്കിലും അവന്റെ മകന്റെ കൈയിൽനിന്നു ഞാൻ രാജത്വം എടുത്ത് നിനക്കു തരും; പത്തു ഗോത്രങ്ങളെതന്നെ. 36എന്റെ നാമം സ്ഥാപിക്കേണ്ടതിന് ഞാൻ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തിൽ എന്റെ മുമ്പാകെ എന്റെ ദാസനായ ദാവീദിന് എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാൻ അവന്റെ മകന് ഒരു ഗോത്രത്തെ കൊടുക്കും. 37നീയോ നിന്റെ ഇഷ്ടംപോലെയൊക്കെയും വാണു യിസ്രായേലിനു രാജാവായിരിക്കേണ്ടതിന് ഞാൻ നിന്നെ എടുത്തിരിക്കുന്നു. 38ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ കേട്ട് എന്റെ വഴികളിൽ നടന്ന് എന്റെ ദാസനായ ദാവീദ് ചെയ്തതുപോലെ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചുകൊണ്ട് എനിക്കു പ്രസാദമായുള്ളതു ചെയ്താൽ ഞാൻ നിന്നോടുകൂടെ ഇരിക്കും; ഞാൻ ദാവീദിനു പണിതതുപോലെ നിനക്ക് സ്ഥിരമായൊരു ഗൃഹം പണിത് യിസ്രായേലിനെ നിനക്കു തരും. 39ദാവീദിന്റെ സന്തതിയെയോ ഞാൻ ഇതുനിമിത്തം താഴ്ത്തും; സദാകാലത്തേക്കല്ലതാനും. 40അതുകൊണ്ടു ശലോമോൻ യൊരോബെയാമിനെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ യൊരോബെയാം എഴുന്നേറ്റ് മിസ്രയീമിൽ ശീശക് എന്ന മിസ്രയീംരാജാവിന്റെ അടുക്കൽ ഓടിപ്പോയി; ശലോമോന്റെ മരണംവരെ അവൻ മിസ്രയീമിൽ ആയിരുന്നു.
41ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ ജ്ഞാനവും ശലോമോന്റെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 42ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പതു സംവത്സരം ആയിരുന്നു. 43ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവനു പകരം രാജാവായി.
Currently Selected:
1 രാജാക്കന്മാർ 11: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.