YouVersion Logo
Search Icon

1 രാജാക്കന്മാർ 1

1
1ദാവീദുരാജാവ് വയസ്സുചെന്നു വൃദ്ധനായപ്പോൾ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല. 2ആകയാൽ അവന്റെ ഭൃത്യന്മാർ അവനോട്: യജമാനനായ രാജാവിനുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചു നില്ക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിനു തിരുമാർവിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു; 3അങ്ങനെ അവർ സൗന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. 4ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന് പരിചാരികയായി ശുശ്രൂഷ ചെയ്തു; എന്നാൽ രാജാവ് അവളെ പരിഗ്രഹിച്ചില്ല. 5അനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവ് നിഗളിച്ചുംകൊണ്ട്: ഞാൻ രാജാവാകുമെന്നു പറഞ്ഞ് രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഓടുവാൻ അമ്പത് അകമ്പടികളെയും സമ്പാദിച്ചു. 6അവന്റെ അപ്പൻ അവനെ മുഷിപ്പിക്കരുതെന്നുവച്ച് അവന്റെ ജീവകാലത്തൊരിക്കലും: നീ ഇങ്ങനെ ചെയ്തത് എന്തെന്ന് അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്റെ ശേഷം ആയിരുന്നു അവൻ ജനിച്ചത്. 7അവൻ സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചുവന്നു; ഇവർ അദോനീയാവിനു പിന്തുണയായിരുന്നു. 8എന്നാൽ പുരോഹിതനായ സാദോക്കും യെഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ വീരന്മാരും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നില്ല. 9അദോനീയാവ് ഏൻ-രോഗേലിനു സമീപത്തു സോഹേലെത്ത് എന്ന കല്ലിനരികെവച്ച് ആടുമാടുകളെയും തടിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരായ തന്റെ സകല സഹോദരന്മാരെയും രാജഭൃത്യന്മാരായ യെഹൂദാപുരുഷന്മാരെയൊക്കെയും ക്ഷണിച്ചു. 10എങ്കിലും നാഥാൻപ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല. 11എന്നാൽ നാഥാൻ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോടു പറഞ്ഞത്: ഹഗ്ഗീത്തിന്റെ മകനായ അദോനീയാവ് രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് അറിഞ്ഞിട്ടുമില്ല. 12ആകയാൽ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന് ഞാൻ നിനക്ക് ആലോചന പറഞ്ഞുതരാം. 13നീ ദാവീദുരാജാവിന്റെ അടുക്കൽ ചെന്ന്: യജമാനനായ രാജാവേ, നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവ് വാഴുന്നത് എന്ത് എന്ന് അവനോടു ചോദിക്ക. 14നീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാനും നിന്റെ പിന്നാലെ വന്നു നിന്റെ വാക്ക് ഉറപ്പിച്ചുകൊള്ളാം. 15അങ്ങനെ ബത്ത്-ശേബ പള്ളിയറയിൽ രാജാവിന്റെ അടുക്കൽ ചെന്നു; രാജാവ് വയോധികനായിരുന്നു; ശൂനേംകാരത്തിയായ അബീശഗ് രാജാവിനു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. 16ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു. നിനക്ക് എന്തു വേണം എന്നു രാജാവ് ചോദിച്ചു. 17അവൾ അവനോടു പറഞ്ഞത്: എന്റെ യജമാനനേ, നിന്റെ മകൻ ശലോമോൻ എന്റെ അനന്തരവനായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അടിയനോട് സത്യം ചെയ്തുവല്ലോ. 18ഇപ്പോൾ ഇതാ, അദോനീയാവ് രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവ് അറിയുന്നതുമില്ല. 19അവൻ അനവധി കാളകളെയും തടിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതിയായ യോവാബിനെയും ക്ഷണിച്ചു. എങ്കിലും നിന്റെ ദാസനായ ശലോമോനെ അവൻ ക്ഷണിച്ചില്ല. 20യജമാനനായ രാജാവേ, യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്നു നീ അറിയിക്കേണ്ടതിന് എല്ലാ യിസ്രായേലിന്റെയും കണ്ണ് നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു. 21അല്ലാഞ്ഞാൽ, യജമാനനായ രാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും. 22അവൾ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇതാ, നാഥാൻപ്രവാചകൻ വരുന്നു. 23നാഥാൻപ്രവാചകൻ വന്നിരിക്കുന്നു എന്നു രാജാവിനോട് അറിയിച്ചു. അവൻ രാജസന്നിധിയിൽ ചെന്നു രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു. 24നാഥാൻ പറഞ്ഞതെന്തെന്നാൽ: യജമാനനായ രാജാവേ, അദോനീയാവ് എന്റെ അനന്തരവനായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ? 25അവൻ ഇന്നു ചെന്ന് അനവധി കാളകളെയും തടിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു. അവർ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു: അദോനീയാരാജാവേ, ജയ ജയ എന്നു പറയുന്നു. 26എന്നാൽ അടിയനെയും പുരോഹിതനായ സാദോക്കിനെയും യെഹോയാദയുടെ മകനായ ബെനായാവെയും നിന്റെ ദാസനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല. 27യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്ന് അടിയങ്ങളെ നീ അറിയിക്കാതെ ഇരിക്കെ ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നത്? 28ബത്ത്-ശേബയെ വിളിപ്പിൻ എന്നു ദാവീദുരാജാവ് കല്പിച്ചു. അവൾ രാജസന്നിധിയിൽ ചെന്നു രാജാവിന്റെ മുമ്പാകെ നിന്നു. 29എന്നാറെ രാജാവ്: എന്റെ ജീവനെ സകല കഷ്ടത്തിൽനിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ, 30നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണ് എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് ഞാൻ നിന്നോട് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യം ചെയ്തതുപോലെതന്നെ ഞാൻ ഇന്നു നിവർത്തിക്കും എന്നു സത്യം ചെയ്തു പറഞ്ഞു. 31അപ്പോൾ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചു: എന്റെ യജമാനനായ ദാവീദുരാജാവ് ദീർഘായുസ്സായിരിക്കട്ടെ എന്നു പറഞ്ഞു. 32പിന്നെ ദാവീദ്: പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യെഹോയാദയുടെ മകനായ ബെനായാവെയും വിളിപ്പിൻ എന്നു കല്പിച്ചു. അവർ രാജസന്നിധിയിൽ ചെന്നു നിന്നു 33രാജാവ് അവരോടു കല്പിച്ചതെന്തെന്നാൽ: നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ട് എന്റെ മകനായ ശലോമോനെ എന്റെ കോവർകഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിൻ. 34അവിടെവച്ചു സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതി: ശലോമോൻ രാജാവേ, ജയ ജയ എന്നു ഘോഷിച്ചുപറവിൻ. 35അതിന്റെശേഷം നിങ്ങൾ അവന്റെ പിന്നാലെ വരുവിൻ; അവൻ വന്ന് എന്റെ സിംഹാസനത്തിൽ ഇരുന്ന് എനിക്കു പകരം വാഴേണം; യിസ്രായേലിനും യെഹൂദായ്ക്കും പ്രഭുവായിരിക്കേണ്ടതിന് ഞാൻ അവനെ നിയമിച്ചിരിക്കുന്നു. 36അപ്പോൾ യെഹോയാദയുടെ മകൻ ബെനായാവ് രാജാവിനോട്: ആമേൻ; യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെതന്നെ കല്പിക്കുമാറാകട്ടെ. 37യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദുരാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ എന്ന് ഉത്തരം പറഞ്ഞു. 38അങ്ങനെ സാദോക്പുരോഹിതനും നാഥാൻപ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ലേത്യരും ചെന്ന് ദാവീദുരാജാവിന്റെ കോവർകഴുതപ്പുറത്തു ശലോമോനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി, 39സാദോക്പുരോഹിതൻ തൃക്കൂടാരത്തിൽനിന്നു തൈലക്കൊമ്പു കൊണ്ടു ചെന്ന് ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും: ശലോമോൻ രാജാവേ, ജയ ജയ എന്നു ഘോഷിച്ചു പറഞ്ഞു. 40പിന്നെ ജനമൊക്കെയും അവന്റെ പിന്നാലെ ചെന്നു; ജനം കുഴലൂതി; അവരുടെ ഘോഷംകൊണ്ടു ഭൂമി കുലുങ്ങുമാറ് അത്യന്തം സന്തോഷിച്ചു. 41അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ അതു കേട്ടു. കാഹളനാദം കേട്ടപ്പോൾ യോവാബ്: പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്ത് എന്നു ചോദിച്ചു. 42അവൻ പറയുമ്പോൾതന്നെ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകൻ യോനാഥാൻ വരുന്നു; അദോനീയാവ് അവനോട്: അകത്തു വരിക; നീ യോഗ്യപുരുഷൻ; നീ നല്ല വർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു. 43യോനാഥാൻ അദോനീയാവോട് ഉത്തരം പറഞ്ഞത്: നമ്മുടെ യജമാനനായ ദാവീദുരാജാവ് ശലോമോനെ രാജാവാക്കിയിരിക്കുന്നു. 44രാജാവ് സാദോക്പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകനായ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്തു കയറ്റി. 45സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ ഗീഹോനിൽവച്ചു രാജാവായിട്ട് അഭിഷേകം ചെയ്തു. അവർ പട്ടണം മുഴങ്ങുംവണ്ണം സന്തോഷിച്ചുകൊണ്ട് അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങൾ കേട്ട ഘോഷം. 46അത്രയുമല്ല ശലോമോൻ രാജസിംഹാസനത്തിൽ ഇരിക്കുന്നു; 47രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദുരാജാവിനെ അഭിവന്ദനം ചെയ്‍വാൻ ചെന്നു; നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാൾ ഉൽക്കൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാൾ ശ്രേഷ്ഠവും ആക്കട്ടെ എന്നു പറഞ്ഞു. 48രാജാവ് തന്റെ കട്ടിലിന്മേൽ നമസ്കരിച്ചു: ഇന്ന് എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നത് എന്റെ കണ്ണുകൊണ്ടു കാൺമാൻ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. 49ഉടനെ അദോനീയാവിന്റെ വിരുന്നുകാരൊക്കെയും ഭയപ്പെട്ട് എഴുന്നേറ്റ് ഓരോരുത്തൻ താന്താന്റെ വഴിക്കു പോയി. 50അദോനീയാവും ശലോമോനെ പേടിച്ചു ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു. 51അദോനീയാവു ശലോമോൻരാജാവിനെ പേടിക്കുന്നു; ശലോമോൻ രാജാവ് അടിയനെ വാൾകൊണ്ടു കൊല്ലുകയില്ല എന്ന് ഇന്ന് എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവൻ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോൻ വർത്തമാനം കേട്ടു. 52അവൻ യോഗ്യനായിരുന്നാൽ അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവനിൽ കുറ്റം കണ്ടാലോ അവൻ മരിക്കേണം എന്നു ശലോമോൻ കല്പിച്ചു. 53അങ്ങനെ ശലോമോൻ രാജാവ് ആളയച്ചു; അവർ അവനെ യാഗപീഠത്തിങ്കൽനിന്ന് ഇറക്കി കൊണ്ടുവന്നു. അവൻ വന്നു ശലോമോൻ രാജാവിനെ നമസ്കരിച്ചു. ശലോമോൻ അവനോട്: നിന്റെ വീട്ടിൽ പൊയ്ക്കൊൾക എന്നു കല്പിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in