1 യോഹന്നാൻ 4:7-20
1 യോഹന്നാൻ 4:7-20 MALOVBSI
പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു. സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നെ. ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിനു ലോകത്തിലേക്ക് അയച്ചു എന്നുള്ളതിനാൽ ദൈവത്തിനു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി. നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതുതന്നെ സാക്ഷാൽ സ്നേഹം ആകുന്നു. പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നു എങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു. നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്ന് അവൻ തന്റെ ആത്മാവിനെ തന്നതിനാൽ നാം അറിയുന്നു. പിതാവ് പുത്രനെ ലോകരക്ഷിതാവായിട്ട് അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു. യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു. ഇങ്ങനെ ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നെ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു. ന്യായവിധിദിവസത്തിൽ നമുക്കു ധൈര്യം ഉണ്ടാവാൻ തക്കവണ്ണം ഇതിനാൽ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവൻ ഇരിക്കുന്നതുപോലെ ഈ ലോകത്തിൽ നാമും ഇരിക്കുന്നു. സ്നേഹത്തിൽ ഭയമില്ല; ഭയത്തിനു ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല. അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു. ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകയ്ക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവനു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല.