1 ദിനവൃത്താന്തം 18
18
1അതിന്റെശേഷം ദാവീദ് ഫെലിസ്ത്യരെ തോല്പിച്ച് അടക്കി, ഗത്തും അതിനോടു ചേർന്ന ഗ്രാമങ്ങളും ഫെലിസ്ത്യരുടെ കൈയിൽനിന്നു പിടിച്ചു. 2പിന്നെ അവൻ മോവാബിനെ തോല്പിച്ചു; മോവാബ്യർ ദാവീദിന്റെ ദാസന്മാരായി കാഴ്ചകൊണ്ടുവന്നു. 3സോബാരാജാവായ ഹദദേസെർ ഫ്രാത്ത് നദീതീരത്തിങ്കൽ തന്റെ ആധിപത്യം ഉറപ്പിപ്പാൻ പോയപ്പോൾ ദാവീദ് അവനെയും ഹമാത്തിൽവച്ചു തോല്പിച്ചുകളഞ്ഞു. 4അവന്റെ വക ആയിരം രഥങ്ങളെയും ഏഴായിരം കുതിരപ്പടയാളികളെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; ദാവീദ് അവയിൽ നൂറു രഥക്കുതിരകളെ വച്ചുകൊണ്ടു ശേഷം രഥക്കുതിരകളെയൊക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു. 5സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാൻ ദമ്മേശെക്കിലെ അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപത്തിരണ്ടായിരം പേരെ നിഗ്രഹിച്ചു. 6പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേർന്ന അരാമിൽ കാവൽപ്പട്ടാളങ്ങളെ പാർപ്പിച്ചു; അരാമ്യരും ദാവീദിന് ദാസന്മാരായി കാഴ്ച കൊണ്ടുവന്നു; ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവനു ജയം നല്കി. 7ഹദദേസെരിന്റെ ദാസന്മാർക്കുണ്ടായിരുന്ന പൊൻപരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു. 8ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കൂനിൽനിന്നും അനവധി താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോൻ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി. 9എന്നാൽ ദാവീദ് സോബാരാജാവായ ഹദദേസെരിന്റെ സൈന്യത്തെയെല്ലാം തോല്പിച്ചുകളഞ്ഞു എന്നു ഹമാത്ത്‍രാജാവായ തോവൂ കേട്ടപ്പോൾ 10അവൻ ദാവീദുരാജാവിനോടു കുശലം ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധം ചെയ്ത് അവനെ തോല്പിച്ചതുകൊണ്ട് അവനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസെരും തോവൂവും തമ്മിൽ കൂടെക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവൻ പൊന്ന്, വെള്ളി, താമ്രം ഇവകൊണ്ടുള്ള സകലവിധ സാധനങ്ങളെയും കൊണ്ടുവന്നു. 11ദാവീദുരാജാവ് അവയെ താൻ എദോം, മോവാബ്, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക് മുതലായ സകല ജാതികളുടെ പക്കൽനിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവയ്ക്കു വിശുദ്ധീകരിച്ചു. 12സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്‌വരയിൽവച്ച് എദോമ്യരിൽ പതിനെണ്ണായിരം പേരെ സംഹരിച്ചു. 13ദാവീദ് എദോമിൽ കാവൽപ്പട്ടാളങ്ങളെ ആക്കി; എദോമ്യർ എല്ലാവരും അവനു ദാസന്മാർ ആയിത്തീർന്നു. അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവനു ജയം നല്കി.
14ഇങ്ങനെ ദാവീദ് എല്ലാ യിസ്രായേലിനും രാജാവായി വാണു; തന്റെ സകല ജനത്തിനും നീതിയും ന്യായവും നടത്തിവന്നു. 15സെരൂയയുടെ മകനായ യോവാബ് സേനാധിപതി ആയിരുന്നു; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രിയും 16അഹീത്തൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമേലെക്കും പുരോഹിതന്മാരും ശവ്ശാ രായസക്കാരനും 17യെഹോയാദയുടെ മകനായ ബെനായാവ് ക്രേത്യർക്കും പ്ലേത്യർക്കും അധിപതിയും ആയിരുന്നു; ദാവീദിന്റെ പുത്രന്മാർ രാജാവിന്റെ അടുക്കൽ പ്രധാന പരിചാരകന്മാരായിരുന്നു.
Currently Selected:
1 ദിനവൃത്താന്തം 18: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.