ZAKARIA 7:1-10
ZAKARIA 7:1-10 MALCLBSI
ദാര്യാവേശ്‍രാജാവിന്റെ വാഴ്ചയുടെ നാലാം വർഷം കിസ്ലേവ് എന്ന ഒമ്പതാം മാസം നാലാം ദിവസം സെഖര്യാപ്രവാചകന് സർവേശ്വരന്റെ അരുളപ്പാടുണ്ടായി. ബെഥേലിലെ ജനം സർവേശ്വരന്റെ അനുഗ്രഹങ്ങൾക്കായി പ്രാർഥിക്കാൻ സരേസരിനെയും രേഗെം-മേലെക്കിനെയും തങ്ങളുടെ ആളുകളെയും അയച്ചു. “ദീർഘവർഷങ്ങളായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തിൽ തങ്ങൾ വിലാപവും ഉപവാസവും ആചരിക്കണമോ എന്നു സർവശക്തനായ സർവേശ്വരന്റെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും അന്വേഷിക്കാനുംകൂടിയാണ് അവരെ അയച്ചത്. അപ്പോൾ സർവശക്തനായ സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “നീ ദേശത്തെ സർവജനത്തോടും പുരോഹിതന്മാരോടും പ്രസ്താവിക്കുക: ഈ എഴുപതു വർഷമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും നിങ്ങൾ ഉപവാസവും വിലാപവും ആചരിച്ചത് എനിക്കുവേണ്ടി ആയിരുന്നുവോ? നിങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നത് എനിക്കുവേണ്ടിയാണോ? യെരൂശലേമിലും അതിന്റെ ചുറ്റുമുള്ള നഗരങ്ങളിലും കുടിപ്പാർപ്പും ഐശ്വര്യസമൃദ്ധിയും ഉണ്ടായിരുന്നപ്പോഴും നെഗബുദേശവും താഴ്‌വരപ്രദേശവും ജനനിബിഡം ആയിരുന്നപ്പോഴും ഈ വചനങ്ങൾ തന്നെയല്ലേ പണ്ടത്തെ പ്രവാചകന്മാരിലൂടെ സർവേശ്വരൻ അരുളിച്ചെയ്തത്?” സർവേശ്വരൻ സെഖര്യാപ്രവാചകനോട് അരുളിച്ചെയ്തു: “സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: സത്യസന്ധമായി വിധിക്കുക. എല്ലാവരും തങ്ങളുടെ സഹോദരരോടു സ്നേഹവും ദയയും കാട്ടുക. അനാഥനെയും വിധവയെയും ദരിദ്രനെയും പരദേശിയെയും പീഡിപ്പിക്കരുത്. നിങ്ങളിൽ ആരും തന്നെ സഹോദരനെതിരെ തിന്മ നിരൂപിക്കരുത്.”