YouVersion Logo
Search Icon

ZAKARIA 7

7
യഥാർഥനീതി
1ദാര്യാവേശ്‍രാജാവിന്റെ വാഴ്ചയുടെ നാലാം വർഷം കിസ്ലേവ് എന്ന ഒമ്പതാം മാസം നാലാം ദിവസം സെഖര്യാപ്രവാചകന് സർവേശ്വരന്റെ അരുളപ്പാടുണ്ടായി. 2ബെഥേലിലെ ജനം സർവേശ്വരന്റെ അനുഗ്രഹങ്ങൾക്കായി പ്രാർഥിക്കാൻ സരേസരിനെയും രേഗെം-മേലെക്കിനെയും തങ്ങളുടെ ആളുകളെയും അയച്ചു. 3“ദീർഘവർഷങ്ങളായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തിൽ തങ്ങൾ വിലാപവും ഉപവാസവും ആചരിക്കണമോ എന്നു സർവശക്തനായ സർവേശ്വരന്റെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും അന്വേഷിക്കാനുംകൂടിയാണ് അവരെ അയച്ചത്. 4അപ്പോൾ സർവശക്തനായ സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: 5“നീ ദേശത്തെ സർവജനത്തോടും പുരോഹിതന്മാരോടും പ്രസ്താവിക്കുക: ഈ എഴുപതു വർഷമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും നിങ്ങൾ ഉപവാസവും വിലാപവും ആചരിച്ചത് എനിക്കുവേണ്ടി ആയിരുന്നുവോ? 6നിങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നത് എനിക്കുവേണ്ടിയാണോ? 7യെരൂശലേമിലും അതിന്റെ ചുറ്റുമുള്ള നഗരങ്ങളിലും കുടിപ്പാർപ്പും ഐശ്വര്യസമൃദ്ധിയും ഉണ്ടായിരുന്നപ്പോഴും നെഗബുദേശവും താഴ്‌വരപ്രദേശവും ജനനിബിഡം ആയിരുന്നപ്പോഴും ഈ വചനങ്ങൾ തന്നെയല്ലേ പണ്ടത്തെ പ്രവാചകന്മാരിലൂടെ സർവേശ്വരൻ അരുളിച്ചെയ്തത്?”
പ്രവാസം അനുസരണക്കേടിന്റെ ഫലം
8സർവേശ്വരൻ സെഖര്യാപ്രവാചകനോട് അരുളിച്ചെയ്തു: 9“സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: സത്യസന്ധമായി വിധിക്കുക. എല്ലാവരും തങ്ങളുടെ സഹോദരരോടു സ്നേഹവും ദയയും കാട്ടുക. 10അനാഥനെയും വിധവയെയും ദരിദ്രനെയും പരദേശിയെയും പീഡിപ്പിക്കരുത്. നിങ്ങളിൽ ആരും തന്നെ സഹോദരനെതിരെ തിന്മ നിരൂപിക്കരുത്.” 11എന്നാൽ ഇതു ശ്രദ്ധിക്കാൻ അവർ കൂട്ടാക്കിയില്ല; കേൾക്കാതിരിക്കാൻ അവർ ദുശ്ശാഠ്യത്തോടെ ചെവി പൊത്തുകയും ചെയ്തു. 12ധർമശാസ്ത്രവും പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം സർവശക്തനായ സർവേശ്വരൻ അവിടുത്തെ ആത്മാവിലൂടെ അരുളിച്ചെയ്ത വചനങ്ങളും അനുസരിക്കാതെ അവർ ഹൃദയം കഠിനമാക്കി. അതുകൊണ്ട് സർവശക്തനായ സർവേശ്വരനിൽനിന്ന് ഉഗ്രരോഷം പുറപ്പെട്ടു. 13“ഞാൻ വിളിച്ചപ്പോൾ അവർ കേട്ടില്ല. അതിനാൽ അവർ വിളിച്ചപേക്ഷിച്ചപ്പോൾ ഞാൻ ഉത്തരം അരുളിയില്ല” എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. 14ഞാൻ ഒരു ചുഴലിക്കാറ്റയച്ച് അവരെ അവരറിയാത്ത ജനങ്ങളുടെ ഇടയിൽ ചിതറിച്ചുകളഞ്ഞു. അവരുടെ ദേശം ശൂന്യമായിത്തീർന്നു, ആരും അതിലൂടെ കടന്നുപോയില്ല. അങ്ങനെ മനോഹരമായ ദേശം ശൂന്യമാക്കപ്പെട്ടു.

Currently Selected:

ZAKARIA 7: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in