ROM 15:1-13
ROM 15:1-13 MALCLBSI
വിശ്വാസത്തിൽ ശക്തരായ നാം അശക്തരെ അവരുടെ ഭാരങ്ങൾ ചുമക്കുവാൻ സഹായിക്കേണ്ടതാണ്. നമുക്കു സന്തോഷം കൈവരുത്തുന്നതിനുവേണ്ടി മാത്രമായി പ്രവർത്തിക്കരുത്. സഹോദരന്റെ നന്മയ്‍ക്കായി പ്രവർത്തിച്ച് അവനെ സന്തോഷിപ്പിക്കുക. അങ്ങനെ അവൻ വിശ്വാസത്തിൽ വളർന്നു ബലപ്പെടും. ക്രിസ്തുവും സ്വന്തം സന്തോഷത്തിനുവേണ്ടി അല്ലല്ലോ പ്രവർത്തിച്ചത്. ‘നിങ്ങളെ അപമാനിക്കുന്നവരുടെ നിന്ദകൾ എന്റെമേൽ നിപതിച്ചിരിക്കുന്നു’ എന്ന് വേദഗ്രന്ഥത്തിൽ പറയുന്നു. വേദഗ്രന്ഥത്തിലുള്ളതെല്ലാം അവ പഠിക്കുന്നതു നിമിത്തം നമുക്കുണ്ടാകുന്ന ക്ഷമയും ഉത്തേജനവും മൂലം പ്രത്യാശ ഉണ്ടാകുന്നതിനുവേണ്ടി, മുൻകൂട്ടി എഴുതപ്പെട്ടിട്ടുള്ളതാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ നിങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് ഒരേ സ്വരത്തിൽ സ്തുതിക്കത്തക്കവണ്ണം ക്രിസ്തുയേശുവിന്റെ മാതൃക സ്വീകരിച്ച് ഏകാഭിപ്രായമുള്ളവരായിത്തീരുന്നതിനു നിരന്തരക്ഷമയുടെയും ഉത്തേജനത്തിന്റെയും ഉറവിടമായ ദൈവം നിങ്ങളെ പ്രാപ്തരാക്കട്ടെ. മനുഷ്യർ ദൈവത്തെ പ്രകീർത്തിക്കുന്നതിനുവേണ്ടി, ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങളും അന്യോന്യം സ്വീകരിക്കുക. ദൈവത്തിന്റെ വാക്കു മാറ്റമില്ലാത്തതാണെന്നു വ്യക്തമാക്കുന്നതിനും, പിതാക്കന്മാരോടുള്ള വാഗ്ദാനങ്ങൾക്ക് ഉറപ്പുവരുത്തുന്നതിനും, ക്രിസ്തു ഇസ്രായേലിന്റെ സഹായകനായിത്തീർന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതുപോലെതന്നെ തന്റെ കാരുണ്യത്തിനുവേണ്ടി വിജാതീയരും ദൈവത്തെ സ്തുതിക്കേണ്ടതാണ്. വേദഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നുണ്ടല്ലോ: വിജാതീയരുടെ മധ്യത്തിൽ ഞാൻ അങ്ങയെ സ്തുതിക്കും; അവിടുത്തെ നാമത്തിനു ഞാൻ സ്തുതിപാടും. വേറൊരിടത്തു പറയുന്നു: വിജാതീയരേ, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തോടൊത്ത് ആനന്ദിക്കുക. പിന്നെയും, സകല വിജാതീയരുമേ, സർവേശ്വരനെ കീർത്തിക്കുക; സമസ്ത ജനങ്ങളേ, അവിടുത്തെ പ്രകീർത്തിക്കുക, എന്നും പറയുന്നു. വീണ്ടും യെശയ്യാ പ്രവാചകൻ: യിശ്ശായിയുടെ വംശത്തിൽനിന്ന് ഒരാൾ വരും; വിജാതീയരെ ഭരിക്കുന്നതിനായി അവിടുന്ന് ഉയർത്തപ്പെടും; അവർ അവിടുന്നിൽ പ്രത്യാശവയ്‍ക്കും എന്നു പറയുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങളുടെ പ്രത്യാശ അനുസ്യൂതം വളർച്ചപ്രാപിക്കേണ്ടതിന്, പ്രത്യാശയുടെ ഉറവിടമായ ദൈവം തന്നിലുള്ള വിശ്വാസത്താൽ ആനന്ദവും സമാധാനവുംകൊണ്ട് നിങ്ങളെ നിറയ്‍ക്കട്ടെ.