ROM 15
15
പരോപകാരാർഥം ജീവിക്കുക
1വിശ്വാസത്തിൽ ശക്തരായ നാം അശക്തരെ അവരുടെ ഭാരങ്ങൾ ചുമക്കുവാൻ സഹായിക്കേണ്ടതാണ്. നമുക്കു സന്തോഷം കൈവരുത്തുന്നതിനുവേണ്ടി മാത്രമായി പ്രവർത്തിക്കരുത്. 2സഹോദരന്റെ നന്മയ്‍ക്കായി പ്രവർത്തിച്ച് അവനെ സന്തോഷിപ്പിക്കുക. അങ്ങനെ അവൻ വിശ്വാസത്തിൽ വളർന്നു ബലപ്പെടും. 3ക്രിസ്തുവും സ്വന്തം സന്തോഷത്തിനുവേണ്ടി അല്ലല്ലോ പ്രവർത്തിച്ചത്. ‘നിങ്ങളെ അപമാനിക്കുന്നവരുടെ നിന്ദകൾ എന്റെമേൽ നിപതിച്ചിരിക്കുന്നു’ എന്ന് വേദഗ്രന്ഥത്തിൽ പറയുന്നു. 4വേദഗ്രന്ഥത്തിലുള്ളതെല്ലാം അവ പഠിക്കുന്നതു നിമിത്തം നമുക്കുണ്ടാകുന്ന ക്ഷമയും ഉത്തേജനവും മൂലം പ്രത്യാശ ഉണ്ടാകുന്നതിനുവേണ്ടി, മുൻകൂട്ടി എഴുതപ്പെട്ടിട്ടുള്ളതാണ്. 5-6നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ നിങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് ഒരേ സ്വരത്തിൽ സ്തുതിക്കത്തക്കവണ്ണം ക്രിസ്തുയേശുവിന്റെ മാതൃക സ്വീകരിച്ച് ഏകാഭിപ്രായമുള്ളവരായിത്തീരുന്നതിനു നിരന്തരക്ഷമയുടെയും ഉത്തേജനത്തിന്റെയും ഉറവിടമായ ദൈവം നിങ്ങളെ പ്രാപ്തരാക്കട്ടെ.
വിജാതീയർക്കുള്ള സുവിശേഷം
7മനുഷ്യർ ദൈവത്തെ പ്രകീർത്തിക്കുന്നതിനുവേണ്ടി, ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങളും അന്യോന്യം സ്വീകരിക്കുക. 8-9ദൈവത്തിന്റെ വാക്കു മാറ്റമില്ലാത്തതാണെന്നു വ്യക്തമാക്കുന്നതിനും, പിതാക്കന്മാരോടുള്ള വാഗ്ദാനങ്ങൾക്ക് ഉറപ്പുവരുത്തുന്നതിനും, ക്രിസ്തു ഇസ്രായേലിന്റെ സഹായകനായിത്തീർന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതുപോലെതന്നെ തന്റെ കാരുണ്യത്തിനുവേണ്ടി വിജാതീയരും ദൈവത്തെ സ്തുതിക്കേണ്ടതാണ്. 10വേദഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നുണ്ടല്ലോ:
വിജാതീയരുടെ മധ്യത്തിൽ ഞാൻ അങ്ങയെ സ്തുതിക്കും;
അവിടുത്തെ നാമത്തിനു ഞാൻ സ്തുതിപാടും.
11വേറൊരിടത്തു പറയുന്നു:
വിജാതീയരേ, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തോടൊത്ത് ആനന്ദിക്കുക.
പിന്നെയും,
സകല വിജാതീയരുമേ, സർവേശ്വരനെ കീർത്തിക്കുക;
സമസ്ത ജനങ്ങളേ, അവിടുത്തെ പ്രകീർത്തിക്കുക,
എന്നും പറയുന്നു.
12വീണ്ടും യെശയ്യാ പ്രവാചകൻ:
യിശ്ശായിയുടെ വംശത്തിൽനിന്ന് ഒരാൾ വരും;
വിജാതീയരെ ഭരിക്കുന്നതിനായി
അവിടുന്ന് ഉയർത്തപ്പെടും;
അവർ അവിടുന്നിൽ പ്രത്യാശവയ്‍ക്കും
എന്നു പറയുന്നു.
13പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങളുടെ പ്രത്യാശ അനുസ്യൂതം വളർച്ചപ്രാപിക്കേണ്ടതിന്, പ്രത്യാശയുടെ ഉറവിടമായ ദൈവം തന്നിലുള്ള വിശ്വാസത്താൽ ആനന്ദവും സമാധാനവുംകൊണ്ട് നിങ്ങളെ നിറയ്‍ക്കട്ടെ.
കത്തിന്റെ പശ്ചാത്തലം
14എന്റെ സഹോദരരേ, നിങ്ങൾക്കു തികഞ്ഞ സ്വഭാവമേന്മയും, സകല ജ്ഞാനത്തിന്റെയും നിറവും, അന്യോന്യം പ്രബോധിപ്പിക്കുന്നതിനുള്ള കഴിവുമുണ്ടെന്ന് എനിക്കു നിശ്ചയമുണ്ട്. 15എങ്കിലും നിങ്ങൾ അനുസ്മരിക്കേണ്ട ചില കാര്യങ്ങളെപ്പറ്റി എഴുതുവാൻ ഞാൻ മുതിരുന്നു. വിജാതീയർക്കുവേണ്ടി പ്രവർത്തിക്കുന്നതിനു ക്രിസ്തുയേശുവിന്റെ ദാസനായിരിക്കുവാൻ ദൈവം എനിക്കു നല്‌കിയിരിക്കുന്ന കൃപമൂലം ഞാൻ സധൈര്യം നിങ്ങൾക്കെഴുതുന്നു. 16പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ വിജാതീയർ വിശുദ്ധീകരിക്കപ്പെട്ട്, ദൈവത്തിനു സ്വീകാര്യമായ വഴിപാടായിത്തീരുന്നതിന്, ദൈവത്തിൽനിന്നുള്ള സുവിശേഷം ഘോഷിക്കുന്നതിൽ ആ കൃപമൂലം ഞാൻ ഒരു പുരോഹിതനായി വർത്തിക്കുന്നു. 17ക്രിസ്തുയേശുവിനോട് ഏകീഭവിച്ച് ദൈവത്തിനുവേണ്ടി ഞാൻ ചെയ്യുന്ന സേവനത്തിൽ എനിക്ക് അഭിമാനം കൊള്ളുവാൻ കഴിയും. 18-19ദൈവത്തെ അനുസരിക്കുന്നതിനു വിജാതീയരെ നയിക്കുവാൻ എന്നിൽകൂടി, വാക്കുകളാലും പ്രവൃത്തികളാലും, അദ്ഭുതകർമങ്ങളാലും അടയാളങ്ങളാലും, ആത്മാവിന്റെ ശക്തിയാലും ക്രിസ്തു ചെയ്തിരിക്കുന്നതു പറയുവാൻ മാത്രമേ ഞാൻ തുനിയുന്നുള്ളൂ. അങ്ങനെ യെരൂശലേംമുതൽ ഇല്ലൂര്യവരെയുള്ള ദേശങ്ങളിലെങ്ങും ക്രിസ്തുവിനെപ്പറ്റിയുള്ള സുവിശേഷം ഞാൻ ഘോഷിച്ചിരിക്കുന്നു. 20മറ്റൊരാൾ ഇട്ട അടിസ്ഥാനത്തിൽ പണിതു എന്നു വരാതിരിക്കേണ്ടതിന് ക്രിസ്തുവിനെപ്പറ്റി കേട്ടിട്ടില്ലാത്ത സ്ഥലങ്ങളിൽ സുവിശേഷം ഘോഷിക്കണമെന്നത്രേ എന്റെ അഭിവാഞ്ഛ.
21അവിടുത്തെപ്പറ്റിയുള്ള അറിവു ലഭിച്ചിട്ടില്ലാത്തവർ അവിടുത്തെ കാണും;
കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും
എന്നു വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നെ,
റോമിൽകൂടി സ്പെയിനിലേക്ക്
22നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ശ്രമിച്ചെങ്കിലും ഇതുവരെയും സാധിച്ചില്ല. 23-24എന്നാൽ ഈ പ്രദേശങ്ങളിലുള്ള എന്റെ പ്രവർത്തനം പൂർത്തിയായിരിക്കുന്നതുകൊണ്ടും, നിങ്ങളെ വന്നു കാണാൻ ദീർഘകാലമായി ഞാൻ ആഗ്രഹിക്കുന്നതുകൊണ്ടും, സ്പെയിനിലേക്കു പോകുന്നവഴി നിങ്ങളെ സന്ദർശിക്കാമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങോട്ടു പോകുന്നതിനാവശ്യമുള്ള സഹായം നിങ്ങളിൽനിന്നു ലഭിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. 25ഏതായാലും, യെരൂശലേമിലെ സഹോദരന്മാർക്കുള്ള സംഭാവനയുമായി ഞാൻ ഇപ്പോൾ അവിടേക്കു പോകുകയാണ്. 26അവരിൽ ദരിദ്രരായവർക്കു ധനസഹായം നല്‌കുന്നതിനു മാസിഡോണിയയിലെയും അഖായയിലെയും സഭകൾ തീരുമാനിച്ചിരിക്കുന്നു. 27അപ്രകാരം ചെയ്യുന്നതിന് അവർ സ്വയം നിശ്ചയിച്ചതാണ്. വാസ്തവം പറഞ്ഞാൽ യെരൂശലേമിലുള്ളവരെ സഹായിക്കുവാൻ അവർക്കു കടപ്പാടുമുണ്ട്; യെഹൂദന്മാരായ വിശ്വാസികൾ തങ്ങളുടെ ആത്മീയാനുഗ്രഹങ്ങൾ വിജാതീയർക്കു പങ്കിട്ടല്ലോ; അതുകൊണ്ടു വിജാതീയർ തങ്ങളുടെ ഭൗതികാനുഗ്രഹങ്ങൾകൊണ്ട് അവരെയും സഹായിക്കേണ്ടതാണ്. 28അവർക്കുവേണ്ടി പിരിച്ചെടുത്ത പണം അത്രയും അവരെ ഏല്പിച്ച് ഈ ജോലി പൂർത്തിയാക്കിയശേഷം സ്പെയിനിലേക്കു പോകുന്നവഴി ഞാൻ നിങ്ങളുടെ അടുക്കലെത്തും. 29ക്രിസ്തുവിന്റെ സമൃദ്ധമായ അനുഗ്രഹത്തോടുകൂടിയായിരിക്കും ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതെന്ന് എനിക്കറിയാം.
30സഹോദരരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവും, ആത്മാവു നല്‌കുന്ന സ്നേഹവും മുഖാന്തരം ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു: 31യെഹൂദ്യയിലെ അവിശ്വാസികളുടെ കൈയിൽനിന്ന് എന്നെ രക്ഷിക്കേണ്ടതിനും, യെരൂശലേമിലെ എന്റെ ശുശ്രൂഷ അവിടത്തെ വിശ്വാസികൾക്കു സ്വീകാര്യമായിത്തീരേണ്ടതിനും, എന്നോട് ചേർന്ന് എനിക്കുവേണ്ടി ശുഷ്കാന്തിയോടെ പ്രാർഥിക്കുക. 32അങ്ങനെ ആനന്ദപൂർണനായി ഞാൻ നിങ്ങളുടെ അടുക്കൽ വരും; നിങ്ങളെ സന്ദർശിക്കുന്നത് എനിക്ക് ഉന്മേഷപ്രദമായിത്തീരുകയും ചെയ്യും. 33സമാധാനത്തിന്റെ ഉറവിടമായ നമ്മുടെ ദൈവം നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ! ആമേൻ.
Currently Selected:
ROM 15: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.