YouVersion Logo
Search Icon

THUPUAN 22

22
1-2അതിനുശേഷം സ്ഫടികംപോലെ വെട്ടിത്തിളങ്ങുന്ന ജീവജലനദി ആ മാലാഖ എനിക്കു കാണിച്ചുതന്നു. അതു ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്നു പുറപ്പെട്ട് നഗരവീഥിയുടെ മധ്യത്തിലൂടെ ഒഴുകുന്നു. നദിയുടെ ഇരുകരകളിലും ജീവവൃക്ഷമുണ്ട്. അത് പന്ത്രണ്ടുതരം ഫലങ്ങൾ മാസംതോറും നല്‌കുന്നു; ജനതകളുടെ രോഗശാന്തിക്കുവേണ്ടിയുള്ളവയാണ് ആ വൃക്ഷത്തിന്റെ ഇലകൾ. 3ശാപം ഒന്നും ഇനി ഉണ്ടായിരിക്കുകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം ആ നഗരത്തിൽ ഉണ്ടായിരിക്കും; അവിടുത്തെ ദാസന്മാർ അവിടുത്തെ ആരാധിക്കും. 4അവിടുത്തെ മുഖം അവർ ദർശിക്കും; അവിടുത്തെ നാമം അവരുടെ നെറ്റിയിലുണ്ടായിരിക്കും. 5ഇനി രാത്രി ഉണ്ടാകുകയില്ല; ദൈവമായ കർത്താവ് അവരുടെ ദീപമായിരിക്കുന്നതുകൊണ്ട് വിളക്കിന്റെയോ സൂര്യന്റെയോ വെളിച്ചം ഇനി അവർക്ക് ആവശ്യമില്ല. അവർ എന്നേക്കും രാജത്വത്തോടെ വാഴും.
ക്രിസ്തുവിന്റെ ആഗമനം
6പിന്നീട് മാലാഖ എന്നോടു പറഞ്ഞു: “ഈ വചനങ്ങൾ വിശ്വാസയോഗ്യവും സത്യവും ആകുന്നു. സംഭവിക്കേണ്ട കാര്യങ്ങൾ തന്റെ ദാസന്മാർക്ക് കാണിച്ചുകൊടുക്കുവാൻ പ്രവാചകാത്മാക്കളുടെ ദൈവമായ കർത്താവ് തന്റെ ദൂതനെ അയച്ചിരിക്കുന്നു.
7“ഇതാ, ഞാൻ വേഗം വരുന്നു! ഈ പുസ്തകത്തിലെ പ്രവചനങ്ങൾ അനുസരിക്കുന്നവൻ അനുഗൃഹീതൻ!”
8യോഹന്നാൻ എന്ന ഞാൻ ആണ് ഇവയെല്ലാം കാണുകയും കേൾക്കുകയും ചെയ്തത്; ഞാൻ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ അവ കാണിച്ചുതന്ന മാലാഖയെ പ്രണമിക്കുന്നതിനായി സാഷ്ടാംഗം വീണു. 9എന്നാൽ മാലാഖ എന്നോടു പറഞ്ഞു: “അങ്ങനെ ചെയ്യരുത്! ഞാൻ താങ്കളുടെയും താങ്കളുടെ സഹോദരരായ പ്രവാചകരുടെയും ഈ പുസ്തകത്തിലെ വചനങ്ങൾ അനുസരിക്കുന്നവരുടെയും സഹഭൃത്യനത്രേ. ദൈവത്തെ മാത്രം ആരാധിക്കുക.” 10വീണ്ടും മാലാഖ എന്നോട് ഇപ്രകാരം പറഞ്ഞു: “ഇവയെല്ലാം സംഭവിക്കുവാനുള്ള സമയം ആസന്നമായിരിക്കുകയാൽ ഈ ഗ്രന്ഥത്തിലെ പ്രവചനങ്ങൾ മുദ്രവച്ച് രഹസ്യമായി വയ്‍ക്കരുത്. 11ദുഷ്കർമി ഇനിയും ദുഷ്ടത പ്രവർത്തിച്ചുകൊള്ളട്ടെ. അഴുക്കു പറ്റിയവൻ അഴുക്കിൽതന്നെ കഴിയട്ടെ; നീതിമാൻ മേലിലും നീതി ചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
12“ഇതാ, ഞാൻ വേഗം വരുന്നു! അവരവർ ചെയ്ത പ്രവൃത്തിക്കു തക്കവണ്ണം ഓരോ വ്യക്തിക്കും നല്‌കുവാനുള്ള പ്രതിഫലവുമായിട്ടാണ് ഞാൻ വരുന്നത്. 13ഞാൻ അല്ഫയും ഓമേഗയും ആണ്-ആദ്യനും അന്ത്യനും-ആദിയും അന്ത്യവും ഞാൻ തന്നെ. 14ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുവാനും ഗോപുരത്തിൽ കൂടി നഗരത്തിൽ പ്രവേശിക്കുവാനും അവകാശം ലഭിക്കുവാനായി തങ്ങളുടെ വസ്ത്രം അലക്കി വെളുപ്പിക്കുന്നവർ അനുഗൃഹീതർ! 15നായ്‍ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും വ്യാജം പറയുവാനും പ്രവർത്തിക്കുവാനും ഇഷ്ടപ്പെടുന്നവരും നഗരത്തിനു പുറത്താണ്.
16“സഭകൾക്കുള്ള സാക്ഷ്യവുമായി, യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും സന്താനവും അത്രേ. ഭാസുരമായ ഉദയനക്ഷത്രം.”
ആത്മാവും മണവാട്ടിയും പറയുന്നു: “വന്നാലും!”
17കേൾക്കുന്നവനും പറയട്ടെ, “വന്നാലും!” എന്ന്. ദാഹിക്കുന്നവൻ വരട്ടെ; ജീവജലം വേണമെന്ന് ആഗ്രഹിക്കുന്നവർ അതു വിലകൂടാതെ വാങ്ങിക്കൊള്ളട്ടെ.
സമാപനം
18ഈ ഗ്രന്ഥത്തിലെ പ്രധാന വചസ്സുകൾ കേൾക്കുന്ന എല്ലാവർക്കും ഞാൻ മുന്നറിയിപ്പു നല്‌കുന്നു: ആരെങ്കിലും ഇവയോട് എന്തെങ്കിലും കൂട്ടിച്ചേർത്താൽ അങ്ങനെയുള്ളവന് ഈ പുസ്തകത്തിൽ വിവരിച്ചിട്ടുള്ള മഹാമാരികൾ ദൈവം വരുത്തും. 19ഈ പ്രവചനഗ്രന്ഥത്തിലെ വചനങ്ങളിൽനിന്ന് ഏതെങ്കിലും എടുത്തുകളയുന്നവനിൽനിന്ന് ഇതിൽ വിവരിച്ചിട്ടുള്ള ജീവവൃക്ഷത്തിന്റെയും വിശുദ്ധനഗരത്തിന്റെയും ഓഹരിയും എടുത്തുകളയും.
20ഈ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നവൻ പറയുന്നു: “നിശ്ചയമായും, ഞാൻ വേഗം വരുന്നു!”
ആമേൻ, കർത്താവായ യേശുവേ, വേഗം വന്നാലും!
21കർത്താവായ യേശുവിന്റെ കൃപ #22:21 ‘നിങ്ങളെല്ലാവരോടുംകൂടി’ - ചില കൈയെഴുത്തു പ്രതികളിൽ ‘ദൈവജനങ്ങളോടുകൂടി’ എന്നും മറ്റു ചിലതിൽ ‘എല്ലാ ദൈവജനങ്ങളോടുംകൂടി’ എന്നും ആണ്.നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ. ആമേൻ.

Currently Selected:

THUPUAN 22: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in