THUPUAN 19
19
1അതിനുശേഷം ഒരു വലിയ ജനക്കൂട്ടത്തിൻറേതുപോലെ തോന്നിക്കുന്ന ഒരു ഗംഭീരശബ്ദം സ്വർഗത്തിൽ ഞാൻ കേട്ടു. “ഹല്ലേല്ലൂയ്യാ! രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്. 2അവിടുത്തെ വിധികൾ സത്യവും നീതിയുക്തവുമാകുന്നു. വേശ്യാവൃത്തികൊണ്ടു ലോകത്തെ നശിപ്പിച്ച മഹാവേശ്യയെ അവിടുന്നു വിധിച്ചു. തന്റെ ദാസന്മാരുടെ രക്തത്തിനുവേണ്ടി അവിടുന്ന് അവളോടു പകരം ചോദിച്ചു” എന്നാണു ഞാൻ കേട്ടത്. 3അവർ പിന്നെയും “ഹല്ലേല്ലൂയ്യ അവളിൽ നിന്നുള്ള പുക എന്നേക്കും ഉയരും” എന്നു പറഞ്ഞു. 4ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാരും നാലു ജീവികളും “ആമേൻ, ഹല്ലേലൂയ്യാ” എന്നു പറഞ്ഞ് സിംഹാസനത്തിൽ ഉപവിഷ്ടനായ ദൈവത്തെ സാഷ്ടാംഗം പ്രണമിച്ചു.
കുഞ്ഞാടിന്റെ വിവാഹവിരുന്ന്
5അനന്തരം സിംഹാസനത്തിൽനിന്ന് ഇങ്ങനെ പറയുന്ന ഒരു ശബ്ദം ഞാൻ കേട്ടു: “ചെറിയവരോ വലിയവരോ ആയി ദൈവത്തെ ഭയപ്പെടുന്ന അവിടുത്തെ ദാസന്മാരായ നിങ്ങൾ എല്ലാവരും അവിടുത്തെ വാഴ്ത്തുക!” 6പിന്നീടു ഞാൻ കേട്ടത് ഒരു വമ്പിച്ച ജനാവലിയുടെ ആരവംപോലെയും പെരുവെള്ളത്തിന്റെ ഇരമ്പൽപോലെയുമുള്ള ഒരു ശബ്ദം ആയിരുന്നു. “ഹല്ലേലൂയ്യാ! സർവശക്തനും നമ്മുടെ ദൈവവുമായ കർത്താവു വാഴുന്നു! 7നമുക്ക് ആനന്ദിക്കുകയും ആഹ്ലാദിച്ച് ആർപ്പുവിളിക്കുകയും ദൈവത്തെ പ്രകീർത്തിക്കുകയും ചെയ്യാം! എന്തെന്നാൽ കുഞ്ഞാടിന്റെ വിവാഹസമയം വന്നു കഴിഞ്ഞു. അവിടുത്തെ മണവാട്ടിയും അണിഞ്ഞൊരുങ്ങിയിരിക്കുന്നു. 8അവൾക്കു മൃദുലവും നിർമ്മലവും ശോഭയുള്ളതുമായ വസ്ത്രം ധരിക്കുവാൻ അനുഗ്രഹം ലഭിച്ചിരിക്കുന്നു” (വിശുദ്ധന്മാരുടെ നീതിനിഷ്ഠമായ പ്രവൃത്തികൾതന്നെയാണല്ലോ മൃദുലവസ്ത്രം).
9പിന്നീടു മാലാഖ എന്നോടു പറഞ്ഞു: “കുഞ്ഞാടിന്റെ വിവാഹസദ്യക്കു ക്ഷണിക്കപ്പെട്ടവർ അനുഗൃഹീതർ എന്നെഴുതുക. ഇവ ദൈവത്തിന്റെ സത്യവചനങ്ങളാകുന്നു” എന്നു പറഞ്ഞു.
10അപ്പോൾ ആ ദൂതനെ നമസ്കരിക്കുന്നതിനായി ഞാൻ കാല്ക്കൽ മുട്ടുകുത്തി. ദൂതൻ: “അതു പാടില്ല, താങ്കളെപ്പോലെയും യേശുക്രിസ്തുവിന്റെ സാക്ഷ്യം വഹിച്ചിട്ടുള്ള ഇതര സഹോദരന്മാരെപ്പോലെയുമുള്ള ഒരു ഭൃത്യൻ മാത്രമാണു ഞാൻ; ദൈവത്തെ മാത്രം ആരാധിക്കുക; യേശുവിന്റെ സാക്ഷ്യമാകട്ടെ, പ്രവചനത്തിന്റെ ആത്മാവാകുന്നു” എന്നു പറഞ്ഞു.
അശ്വാരൂഢനായ ജേതാവ്
11സ്വർഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു. അതാ, ഒരു വെള്ളക്കുതിര! അതിന്റെ പുറത്തിരിക്കുന്ന ആൾ വിശ്വസ്തനും സത്യവാനും ആയവൻ എന്നു വിളിക്കപ്പെടുന്നു. അവിടുന്നു നീതിയോടെ വിധിക്കുകയും പോരാടുകയും ചെയ്യുന്നു. 12അവിടുത്തെ കണ്ണുകൾ അഗ്നിജ്വാലയ്ക്കു സദൃശം. ശിരസ്സിൽ അനേകം രാജകിരീടങ്ങൾ ഉണ്ട്. ആലേഖനം ചെയ്യപ്പെട്ട ഒരു നാമം അവിടുത്തേക്കുണ്ട്. പക്ഷേ, അവിടുത്തേക്കല്ലാതെ മറ്റാർക്കും അത് അറിഞ്ഞുകൂടാ. രക്തത്തിൽ മുക്കിയ വസ്ത്രം അവിടുന്നു ധരിച്ചിരിക്കുന്നു. 13‘ദൈവത്തിന്റെ വചനം’ എന്നാണ് അവിടുത്തെ നാമം. 14സ്വർഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ മൃദുലവസ്ത്രം ധരിച്ച് വെള്ളക്കുതിരപ്പുറത്തു കയറി അവിടുത്തെ അനുഗമിക്കുന്നു. 15സകല ജാതികളെയും അരിയുന്നതിന് അവിടുത്തെ വായിൽനിന്ന് മൂർച്ചയേറിയ വാൾ പുറപ്പെടുന്നു. ഇരുമ്പുചെങ്കോൽകൊണ്ട് അവിടുന്ന് അവരെ ഭരിക്കും. സർവശക്തനായ ദൈവത്തിന്റെ ഉഗ്രരോഷമാകുന്ന മുന്തിരിച്ചക്ക് അവിടുന്നു ചവിട്ടും. 16അവിടുത്തെ തുടയിലും മേലങ്കിയിലും രാജാധിരാജനും കർത്താധികർത്താവും ആയവൻ എന്ന നാമം ആലേഖനം ചെയ്തിരിക്കുന്നു. 17ഒരു മാലാഖ സൂര്യനിൽ നില്ക്കുന്നതാണു ഞാൻ പിന്നീടു കണ്ടത്. ആ ദൂതൻ മധ്യാകാശത്തിൽ പറന്നു നടക്കുന്ന സകല പക്ഷികളോടും ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: 18“രാജാക്കന്മാരുടെയും പടത്തലവന്മാരുടെയും വീരയോദ്ധാക്കളുടെയും കുതിരകളുടെയും അവയുടെ പുറത്തിരിക്കുന്നവരുടെയും സ്വതന്ത്രരും അടിമകളും ചെറിയവരും വലിയവരുമായ സകല മനുഷ്യരുടെയും മാംസം ഭക്ഷിക്കുവാൻ സർവേശ്വരന്റെ വലിയ അത്താഴത്തിന് ഒരുമിച്ചുകൂടുക.”
19അപ്പോൾ അശ്വാരൂഢനോടും അദ്ദേഹത്തിന്റെ സൈന്യത്തോടും യുദ്ധംചെയ്യുവാൻ മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യവും ഒന്നിച്ചുകൂടിയതു ഞാൻ കണ്ടു. 20മൃഗത്തെയും, അതിന്റെ മുമ്പിൽ അദ്ഭുതങ്ങൾ കാട്ടി മൃഗത്തിന്റെ മുദ്ര സ്വീകരിക്കുകയും അതിന്റെ വിഗ്രഹത്തെ നമസ്കരിക്കുകയും ചെയ്ത മനുഷ്യരെ വഴിതെറ്റിച്ച വ്യാജപ്രവാചകനെയും പിടികൂടി. ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിലേക്ക് ജീവനോടെ എറിഞ്ഞുകളഞ്ഞു. 21ശേഷിച്ചവരെ അശ്വാരൂഢന്റെ വായിൽനിന്നു പുറപ്പെട്ട വാളിനാൽ വെട്ടിക്കൊന്നു. അവരുടെ മാംസം തിന്ന് പക്ഷികൾക്കു തൃപ്തിവന്നു.
Currently Selected:
THUPUAN 19: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.