YouVersion Logo
Search Icon

THUPUAN 17

17
കുപ്രസിദ്ധയായ വേശ്യയും മൃഗവും
1അതിനുശേഷം കലശങ്ങൾ കൈയിലുള്ള ഏഴു മാലാഖമാരിൽ ഒരാൾ വന്ന് എന്നോട് ഇപ്രകാരം പറഞ്ഞു: “വരിക, പെരുവെള്ളത്തിന്മേലിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ന്യായവിധി ഞാൻ നിനക്കു കാണിച്ചുതരാം. 2ഭൂമിയിലെ രാജാക്കന്മാർ അവളോടൊത്തു വ്യഭിചാരം ചെയ്തു. തന്റെ വേശ്യാവൃത്തിയുടെ വീഞ്ഞുകുടിച്ച് അവൾ ഭൂവാസികളെ മത്തുപിടിപ്പിച്ചു.”
3ആ മാലാഖ ആത്മാവിൽ എന്നെ വിജനസ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ ദൈവദൂഷണപരമായ നാമങ്ങൾ നിറഞ്ഞ കടുംചെമപ്പുനിറമുള്ള ഒരു മൃഗത്തിന്മേൽ ഒരു സ്‍ത്രീ ഇരിക്കുന്നതു കണ്ടു. ആ മൃഗത്തിന് ഏഴു തലയും പത്തു കൊമ്പും ഉണ്ടായിരുന്നു. 4ധൂമ്രവർണവും കടുംചെമപ്പു നിറവുമുള്ള വസ്ത്രമാണ് അവൾ ധരിച്ചിരുന്നത്. പൊന്നും രത്നങ്ങളും മുത്തും അവൾ അണിഞ്ഞിരുന്നു. വേശ്യാവൃത്തിയുടെ അശുദ്ധിയും മ്ലേച്ഛതയും നിറഞ്ഞ സ്വർണപാനപാത്രവും അവളുടെ കൈയിലുണ്ടായിരുന്നു. 5അവളുടെ നെറ്റിത്തടത്തിൽ “മഹാബാബിലോൺ-വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ്” എന്ന നിഗൂഢനാമം ആലേഖനം ചെയ്തിരുന്നു. 6വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും പാനംചെയ്ത് അവൾ ലഹരി പിടിച്ചിരിക്കുന്നതായി ഞാൻ കണ്ടു.
അവളെ കണ്ടപ്പോൾ ഞാൻ അത്യധികം അദ്ഭുതപ്പെട്ടു. 7എന്നാൽ ആ മാലാഖ എന്നോടു പറഞ്ഞു: “എന്തിനാണ് നീ അദ്ഭുതപ്പെടുന്നത്? ആ സ്‍ത്രീയെയും, അവൾ വഹിക്കുന്ന ഏഴു തലയും പത്തു കൊമ്പുമുള്ള മൃഗത്തെയും സംബന്ധിച്ചുള്ള നിഗൂഢസത്യം ഞാൻ പറഞ്ഞുതരാം. 8നീ കണ്ട മൃഗമാകട്ടെ, ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി പാതാളത്തിൽനിന്നു കയറിവരാനിരിക്കുന്നതും വിനാശത്തിലേക്കു നീങ്ങുന്നതുമാകുന്നു. ലോകസ്ഥാപനംമുതൽ ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂനിവാസികൾ, ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും വരുവാനിരിക്കുന്നതുമായ ആ മൃഗത്തെ കണ്ടു വിസ്മയഭരിതരാകും.
9“ഇവിടെയാണ് ജ്ഞാനസമന്വിതമായ ബുദ്ധിയുടെ ആവശ്യം. ആ സ്‍ത്രീ ഇരിക്കുന്ന ഏഴു മലകളാണ് ഏഴു തലകൾ. മാത്രമല്ല, അവ ഏഴു രാജാക്കന്മാരുമാകുന്നു. 10അവരിൽ അഞ്ചുപേർ വീണുപോയി. ഒരാൾ ഇപ്പോൾ ഉണ്ട്. അപരൻ ഇനി വരുവാനിരിക്കുന്നതേയുള്ളൂ. അയാൾ വന്ന് അല്പകാലം ഇരിക്കേണ്ടതാകുന്നു. 11ഉണ്ടായിരുന്നവനും ഇപ്പോൾ ഇല്ലാത്തവനുമായ മൃഗം എട്ടാമത്തെ ആളാണ്, എങ്കിലും ആ ഏഴു പേരിലുൾപ്പെടുന്നു. അവൻ നാശത്തിലേക്കു പോകുന്നു.
12“നീ കണ്ട പത്തുകൊമ്പ് പത്തു രാജാക്കന്മാരാണ്. അവർ ഇതുവരെ രാജത്വം ലഭിച്ചവരല്ല. എങ്കിലും മൃഗത്തോടൊപ്പം ഒരു മണിക്കൂർ അവർ രാജാധികാരം പ്രാപിക്കേണ്ടവരാണ്. 13ഏക മനസ്സുള്ളവരായ ഇവർ തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു നല്‌കുന്നു. അവർ കുഞ്ഞാടിനോടു പോരാടും; 14കുഞ്ഞാട് അവരെ ജയിക്കും; എന്തുകൊണ്ടെന്നാൽ അവിടുന്ന് കർത്താധികർത്താവും രാജാധിരാജനും ആകുന്നു. അവിടുത്തോടുകൂടിയുള്ളവർ വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരും ആകുന്നു.
15പിന്നീട് മാലാഖ എന്നോടു പറഞ്ഞു: “വേശ്യയുടെ ഇരിപ്പിടമായി നീ കണ്ട ജലസഞ്ചയം വിവിധ വർഗങ്ങളുടെയും വിവിധ രാഷ്ട്രങ്ങളുടെയും ജനതകളുടെയും വിവിധ ഭാഷക്കാരുടെയും സമൂഹമാണ്. 16നീ കണ്ട പത്തു കൊമ്പുകളും മൃഗവും വേശ്യയെ ദ്വേഷിക്കും; അവളെ ഏകാകിനിയും നഗ്നയുമാക്കി, അവളുടെ മാംസം വിഴുങ്ങുകയും അവളെ അഗ്നിയിൽ ദഹിപ്പിക്കുകയും ചെയ്യും. 17എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ വചനങ്ങൾ സംഭവിക്കുന്നതുവരെ, ഏകമനസ്സോടെ ദൈവത്തിന്റെ ഉദ്ദേശ്യം പൂർത്തീകരിക്കുവാനും തങ്ങളുടെ രാജാധികാരം മൃഗത്തിനു നല്‌കുവാനും ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു.
18“നീ കണ്ട സ്‍ത്രീ ഭൂമിയിലെ രാജാക്കന്മാരുടെമേൽ അധികാരമുള്ള മഹാനഗരം തന്നെ.”

Currently Selected:

THUPUAN 17: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in