YouVersion Logo
Search Icon

THUPUAN 16

16
ദൈവകോപത്തിന്റെ കലശങ്ങൾ
1“നിങ്ങൾ പോയി ദൈവത്തിന്റെ ഉഗ്രരോഷം നിറച്ച ഏഴു കലശങ്ങൾ ഭൂമിയിലേക്ക് ഒഴിക്കുക” എന്ന് ആ ഏഴു മാലാഖമാരോട് ഉച്ചത്തിൽ പറയുന്ന ഒരു ശബ്ദം ദേവാലയത്തിൽനിന്ന് ഞാൻ പിന്നീടു കേട്ടു.
2ഒന്നാമത്തെ മാലാഖ പോയി തന്റെ കലശം ഭൂമിയിൽ ഒഴിച്ചു. അപ്പോൾ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ ആരാധിക്കുന്നവരുമായ മനുഷ്യർക്ക് കഠിന വേദന ഉളവാക്കുന്ന വല്ലാത്ത വ്രണങ്ങളുണ്ടായി.
3രണ്ടാമത്തെ മാലാഖ തന്റെ കലശം സമുദ്രത്തിൽ പകർന്നു. അത് മരിച്ച മനുഷ്യന്റെ രക്തംപോലെ ആയിത്തീർന്നു. സമുദ്രത്തിലുള്ള സകല ജീവികളും ചത്തുപോയി.
4മൂന്നാമത്തെ മാലാഖ നദികളിലും നീരുറവുകളിലുമാണ് തന്റെ കലശം ഒഴിച്ചത്. അവയും രക്തമായിത്തീർന്നു. 5അപ്പോൾ ജലത്തിന്റെ അധിപനായ മാലാഖ ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ഉണ്ടായിരുന്നവനും, ഇപ്പോഴും ഉള്ളവനും, പരിശുദ്ധനുമായ അങ്ങ് അവിടുത്തെ ന്യായവിധികളിൽ നീതിമാനാകുന്നു. 6മനുഷ്യർ വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം ചിന്തിയതിനാൽ അങ്ങ് അവരെ രക്തം കുടിപ്പിച്ചു. അതാണ് അവർ അർഹിക്കുന്നത്.” 7ബലിപീഠവും ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “അതേ, സർവശക്തനും ദൈവവുമായ സർവേശ്വരാ, അങ്ങയുടെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ തന്നെ.”
8നാലാമത്തെ മാലാഖ തന്റെ കലശം സൂര്യനിൽ ഒഴിച്ചു. മനുഷ്യനെ അഗ്നികൊണ്ട് ചുട്ടുകരിക്കുവാൻ അതിന് അധികാരം നല്‌കപ്പെട്ടു. 9അത്യുഗ്രമായ ചൂടുകൊണ്ട് മനുഷ്യൻ പൊരിഞ്ഞുപോയി. എന്നിട്ടും ഈ മഹാമാരികളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ അവർ ശപിച്ചു; അവർ പശ്ചാത്തപിക്കുകയോ, ദൈവത്തിനു മഹത്ത്വം നല്‌കുകയോ ചെയ്തില്ല.
10അഞ്ചാമത്തെ മാലാഖ മൃഗത്തിന്റെ സിംഹാസനത്തിന്മേൽ കലശം പകർന്നു. ഉടനെ അവന്റെ രാജ്യം അന്ധകാരത്തിൽ ആണ്ടുപോയി. 11മനുഷ്യർ കഠിനമായ വേദനകൊണ്ട് നാവു കടിച്ചു. തങ്ങളുടെ വേദനയും വ്രണവും നിമിത്തം സ്വർഗത്തിലെ ദൈവത്തെ ശപിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അനുതപിച്ചില്ല.
12പിന്നീട് ആറാമത്തെ മാലാഖ യൂഫ്രട്ടീസ് എന്ന മഹാനദിയിൽ തന്റെ കലശം ഒഴിച്ചു. ഉടനെ അതിലെ ജലം വറ്റിപ്പോയി. അങ്ങനെ കിഴക്കുനിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുക്കപ്പെട്ടു. 13ഉഗ്രസർപ്പത്തിന്റെ വായിൽനിന്നും, മൃഗത്തിന്റെ വായിൽനിന്നും, വ്യാജപ്രവാചകന്റെ വായിൽനിന്നും തവളയെപ്പോലെയുള്ള മൂന്ന് അശുദ്ധാത്മാക്കൾ പുറപ്പെടുന്നതു ഞാൻ കണ്ടു. 14അദ്ഭുതപ്രവൃത്തികൾ ചെയ്യുന്ന പൈശാചികാത്മാക്കളാണ് അവർ. സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനുവേണ്ടി ലോകത്തെങ്ങുമുള്ള രാജാക്കന്മാരെ ഒരുമിച്ചു കൂട്ടുന്നതിനായി അവർ അവരുടെ അടുക്കലേക്കു പോകുന്നു.
15“ഇതാ ഞാൻ കള്ളനെപ്പോലെ വരുന്നു! ഉണർന്നിരുന്നു തന്റെ വസ്ത്രം ശരിയായി സൂക്ഷിക്കുന്നവൻ അനുഗൃഹീതൻ! അങ്ങനെ ചെയ്യുന്നവന് നഗ്നനായി നടക്കുവാനും മറ്റുള്ളവരുടെ മുമ്പിൽ ലജ്ജിതനാകുവാനും ഇടയാകുന്നില്ല.”
16ആ ആത്മാക്കൾ അവരെ എബ്രായ ഭാഷയിൽ ‘ഹർമ്മഗെദ്ദോൻ’ എന്നു പേരുള്ള സ്ഥലത്ത് ഒരുമിച്ചു കൂട്ടി.
17ഏഴാമത്തെ മാലാഖ കലശം ആകാശത്ത് ഒഴിച്ചപ്പോൾ “എല്ലാം പൂർത്തിയായി” എന്നൊരു മഹാശബ്ദം ദേവാലയത്തിലെ സിംഹാസനത്തിൽനിന്നു പുറപ്പെട്ടു. 18മിന്നലും വലിയ ഇരമ്പലും ഇടിമുഴക്കവും മഹാഭൂകമ്പവും ഉണ്ടായി. ഭൂമിയിൽ മനുഷ്യൻ ആവിർഭവിച്ച നാൾമുതൽ ഇത്ര വലിയ ഒരു ഭൂകമ്പം ഒരിക്കലും ഉണ്ടായിട്ടില്ല. 19മഹാനഗരം മൂന്നായി പിളർന്നു. വിജാതീയരുടെ പട്ടണങ്ങളും വീണുപോയി. ദൈവം മഹാബാബിലോണിനെ ഓർത്തു; തന്റെ ഉഗ്രരോഷം നിറച്ച പാനപാത്രം അവൾക്കു കുടിക്കുവാൻ കൊടുക്കുകയും ചെയ്തു. സകല ദ്വീപുകളും ഓടിമറഞ്ഞു. 20എല്ലാ പർവതങ്ങളും അപ്രത്യക്ഷമായി. 21അമ്പതു കിലോഗ്രാമിനോളം ഘനമുള്ള കല്ലുകൾ ആകാശത്തുനിന്നു മനുഷ്യരുടെമേൽ വർഷിക്കപ്പെട്ടു. കന്മഴയുടെ ബാധ അത്യന്തം ഭീകരമായിരുന്നതുകൊണ്ട് മനുഷ്യർ ദൈവത്തെ ശപിച്ചു.

Currently Selected:

THUPUAN 16: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in